റായ്പുര്‍: ഛത്തീസ്ഗഢ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് അധികാരം നിലനിര്‍ത്തിയാല്‍ സ്ത്രീകള്‍ക്ക് 15,000 രൂപ വാര്‍ഷിക ധനസഹായം നല്‍കുമെന്ന് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍. ഛത്തീസ്ഗഢ് തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട പ്രചരണത്തിന്റെ ഭാഗമായാണ് പ്രഖ്യാപനം. വിവാഹിതരായ സ്ത്രീകള്‍ക്ക് പ്രതിവര്‍ഷം 12,000 രൂപ നല്‍കുമെന്ന പ്രതിപക്ഷ ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രകടനപത്രികയിലെ വാഗ്ദാനത്തിനുളള മറുപടി എന്നാണ് ബാഗേലിന്റെ വാഗ്ദാനത്തെ രാഷ്ട്രീയ നിരീക്ഷകര്‍ വിശേഷിപ്പിക്കുന്നത്.
‘ഇന്ന് ഈ ദീപാവലി ദിനത്തില്‍ ലക്ഷ്മി ദേവിയുടെയും ഛത്തീസ്ഗഢ് മഹ്താരിയുടെയും അനുഗ്രഹത്തോടെ സ്ത്രീ ശാക്തീകരണത്തിനായി ഒരു സുപ്രധാന തീരുമാനമെടുത്തിരിക്കുന്നു,’ ബാഗേല്‍ റായ്പൂരില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സംസ്ഥാനത്തെ ജനങ്ങള്‍ക്ക് ദീപാവലി ആശംസിക്കുന്നതായും അദ്ദേഹം അറിയിച്ചു.
സംസ്ഥാനത്ത് ആകെയുള്ള 90 നിയമസഭാ സീറ്റുകളില്‍ 20 എണ്ണത്തിലേക്കുള്ള ആദ്യഘട്ട വോട്ടെടുപ്പ് നവംബര്‍ 7 ന് നടന്നു. ബാക്കി 70 സീറ്റുകളിലേക്ക് നവംബര്‍ 17 ന് വോട്ടെടുപ്പ് നടക്കും. അടുത്ത മാസം മൂന്നിനാണ് വോട്ടെണ്ണല്‍ നടക്കുക.
അതേസമയം, സംസ്ഥാനത്ത് കോണ്‍ഗ്രസ് യാതൊരു വികസന പദ്ധതികളും നടപ്പിലാക്കിയില്ലെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിങ് കുറ്റപ്പെടുത്തുന്നു. കോണ്‍ഗ്രസ് സ്വയം ‘ഹീറോ’ എന്നാണ് വിളിക്കുന്നത്. എന്നാല്‍ സംസ്ഥാനത്തെ വികസന കാര്യങ്ങളില്‍ അവര്‍ ‘സീറോ’ ആണ്. സര്‍ക്കാരിന്റെ പ്രോഗ്രസ് കാര്‍ഡ് ജനങ്ങളില്‍നിന്നും തേടിയാല്‍ അത് ‘സീറോ’ ആയിരിക്കുമെന്നും മന്ത്രി പരിഹസിച്ചു. തിരഞ്ഞെടുപ്പിലൂടെ അവര്‍ വിട പറയേണ്ട സമയമായിരിക്കുന്നു. ഛത്തീസ്ഗഡിലെ സീതാപൂര്‍ നിയോജക മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് പ്രചാരണ റാലിക്കിടെ സംസാരിക്കുകയായിരുന്നു രാജ്നാഥ് സിങ്.