തൃശ്ശൂര്‍: നെല്‍വില വായ്പയായി ലഭിച്ചതിനാല്‍ മറ്റുവായ്പകള്‍ ലഭിക്കാത്ത കര്‍ഷകരുടെ പ്രതിനിധിയായി തൃശ്ശൂര്‍ ബാറിലെ അഭിഭാഷകനായ അയ്യന്തോള്‍ നായങ്കരവീട്ടില് അഡ്വ. എന്‍.എ. ജിനോയും. സര്‍ക്കാരിന് നല്കിയ വില വായ്പയായിമാറിയതോടെ ഇതിന്റെ മൂന്നടവ് മുടങ്ങിയെന്നാരോപിച്ചാണ് മറ്റൊരു വായ്പനിഷേധിച്ചത്. അടവു മുടങ്ങിയില്ലെന്ന് ബാങ്ക് പിന്നീട് കത്തുനല്‍കിയെങ്കിലും ലോണിന് പരിഗണിക്കുന്ന സിബില്‍ സ്കോര്‍ ഇപ്പോഴും താഴ്ന്നാണ് കിടക്കുന്നത്.
പുല്ലഴി കോള്‍പടവിലെ മൂന്നേക്കറിലാണ് ജിനോ കൃഷി നടത്തുന്നത്. ആകെ ഒമ്പതിനായിരം കിലോഗ്രാം നെല്ലാണ് സപ്ലൈകോയ്ക്ക് നല്‍കിയത്. ഇതില്‍ 5984 കിലോയുടെ വില കനറാബാങ്ക് പാറമേക്കാവ് ശാഖയിലൂടെയാണ് ലഭിച്ചത്. 1.69 ലക്ഷംരൂപയാണ് വായ്പയായി നല്‍കിയത്.
രണ്ടാഴ്ചമുമ്പാണ് വാഹനവായ്പയ്ക്കായി ജിനോ മറ്റൊരു ബാങ്കിലെത്തിയത്. സിബില്‍ സ്കോര്‍ കുവാണ് എന്നകാരണം പറഞ്ഞ് വായ്പ നിഷേധിച്ചു. 711 ആയിരുന്നു സ്കോര്‍. മുമ്പിത് 800-ന് മുകളിലായിരുന്നു. എന്തുകൊണ്ട് ഇങ്ങനെ വന്നെന്ന് ആദ്യഘട്ടത്തില്‍ മനസ്സിലായില്ല. വിശദമായ അന്വേഷണത്തിലാണ് വായ്പയായി ലഭിച്ച നെല്വിലയാണ് പ്രശ്നമെന്ന് മനസ്സിലായത്. മൂന്നുമാസത്തെ തിരിച്ചടവ് മുടക്കമാണ് കാരണമായി പറഞ്ഞിരിക്കുന്നത്.
ബാങ്കുമായി ഉടമ്പടിയെഴുതാന് വാങ്ങിയ സ്റ്റാമ്പ് പേപ്പറിന്റെ തുകപോലും തിരിച്ചടവില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഒരുവര്‍ഷം കഴിഞ്ഞാണ് സര്‍ക്കാര്‍ ബാങ്കുകള്‍ക്ക് നെല്‍വില നല്കുന്നതെങ്കില് കര്‍ഷകരുടെ സിബില്‍ സ്കോര്‍ 100 വരെ താഴാമെന്നും ജിനോ ചൂണ്ടിക്കാട്ടുന്നു.
കനറാബാങ്കിന് പരാതി നല്‍കിയതോടെയാണ് തിരിച്ചടവ് മുടങ്ങിയിട്ടില്ലെന്ന മറുപടി നല്‍കിയത്. പക്ഷേ, ഇതുകൊണ്ടും സിബില്‍ സ്കോര്‍ കൂടുന്നില്ല. ഇത് ബാങ്കിന് നിയന്ത്രിക്കാനാവില്ല എന്നതിനാലാണിത്.