നാട്ടുകാർക്ക് നോവായി യജമാനന്റെ ശവകുടീരത്തിൽ നിന്നും മാറാത്ത നായ
അത് ഒരൊറ്റ രാത്രികൊണ്ട് ഉണ്ടായതല്ല, നൂറ്റാണ്ടുകള്‍ നീണ്ട പ്രക്രിയകള്‍ക്കൊടുവില്‍ സംഭവിച്ചതാണ്. മാനവ പരിണാമ ചരിത്രത്തില്‍ ഒരു ദശാസന്ധിയില്‍ ചെന്നായകള്‍ നമ്മോടൊപ്പം ചേര്‍ന്ന് പരിണമിച്ചാണ് ഇണങ്ങിയ നായകളായി മാറിയതും മനുഷ്യ മഹായാത്ര ആരംഭിച്ചതും.
ഉത്തരാധുനിക കാലത്ത് ഒരുപക്ഷെ നായയില്ലാതെയും ജീവിക്കാം എന്ന നിലയിലേക്ക് മനുഷ്യൻ എത്തിയിട്ടുണ്ട്. എന്നാല്‍ ചരിത്രത്തില്‍, ആദിമ കാലഘട്ടങ്ങളില്‍ നമുക്കൊപ്പം അതിജീവനത്തിന് വേണ്ടി തുഴഞ്ഞ ജീവികളാണവര്‍. നമുക്ക് പാകപ്പെടുന്ന ബ്രീഡുകളിലേക്ക് നമ്മള് തന്നെ രൂപങ്ങള്‍ മാറ്റിയെടുത്തവര്‍. അതുകൊണ്ട് അവര്‍ കാണിക്കുന്ന നന്ദിയും കടപ്പാടും മനുഷ്യനാണെങ്കിലും ഉപാധികള്‍ ഉണ്ടെങ്കിലും നമ്മള് തിരികെ നല്‍കിയേ മതിയാകൂ.
നായകളും മനുഷ്യരും തമ്മില്‍ അനിര്‍വചിനീയമായ ഒരു ബന്ധം നിലനില്‍ക്കുന്നുണ്ട്. യജമാനനെ കാത്ത് മോര്‍ച്ചറിക്ക് മുൻപിലും, കുഴിമാടത്തിലും, ഉപാധികളില്ലാതെ കാത്തിരിക്കുന്ന നായയുടെ സ്നേഹവും മനുഷ്യന്റെ സ്നേഹവും തമ്മില്‍ പരിണാമത്തിന്റെ ഏതോ കാലഘട്ടവുമായി കൂട്ടിമുട്ടുന്നുണ്ട്.
മനുഷ്യന്റെ മനസ്സിനോട് ഏറ്റവും അടുത്ത് നില്ക്കുന്ന സ്നേഹനിധികളായ ശ്വാന വര്‍ഗത്തോട് ആ ചരിത്രത്തില്‍ നമ്മള് ചെയ്ത പാതകങ്ങളും അറിയാതെ പോകരുത്.നായിന്റെ മോൻ മുതല്‍ വാലാട്ടിപ്പട്ടി വരെയുള്ള പ്രയോഗങ്ങള്‍ കൊണ്ട് നമ്മള് മനുഷ്യര്‍ ദിനം പ്രതി തിരസ്കരിക്കുന്ന ഒരു പരിണാമ ചരിത്രമുണ്ട് ഇവയ്ക്ക്.
സ്വന്തം യജമാനന്റെ ശവക്കല്ലറയിൽ നിന്നും മാറാത്ത നായയുടെ കഥയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. അത്രയധികം സ്നേഹവും കരുതലും നൽകി വളർത്തിയ സ്വന്തം യജമാനന്റെ കുഴിമാടത്തിൽ കിടന്നു കരയുന്ന നായ സമീപവാസികൾക്കും ഒരു നോവായി മാറുകയാണ്.അമേരിക്കയിലെവിടെയോ ആണ് സംഭവം.എന്നാൽ നമ്മുടെ കൺമുന്നിലും ഇത്തരം സംഭവങ്ങൾ ഒരുപാടുണ്ട്.
അത്തരത്തില്‍ അപൂര്‍വ്വമായൊരു സ്നേഹബന്ധമായിരുന്നു കൊല്ലം സ്വദേശി ദിവാകരനും അദ്ദേഹത്തിന്റെ അര്‍ജു എന്ന നായയും തമ്മില്‍. രണ്ടു വർഷം മുൻപായിരുന്നു സംഭവം. ദിവാകരന്റെ വിയോഗം കുടുംബാംഗങ്ങളെ പോലെ അര്‍ജുവിനും ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞിട്ടില്ല. യജമാനന്റെ കുഴിമാടത്തില്‍ നട്ട തെങ്ങിന്‍തൈയുടെ അരികില്‍ കാത്തിരിക്കുകയായിരുന്നു അര്‍ജു. ദിവാകരന്റെ സംസ്കാരം കഴിഞ്ഞ് ദിവസങ്ങളായിട്ടും ചിതയൊരുക്കിയ സ്ഥലത്ത് കാത്തിരിക്കുന്ന അര്‍ജുവിന്റെ ദൃശ്യം കണ്ടുനില്‍ക്കുന്നവരുടെ പോലും കണ്ണു നിറയ്ക്കുന്നതായിരുന്നു.
പണി സ്ഥലത്ത് ഉള്‍പ്പെടെ ദിവാകരന്റെ സന്തതസഹചാരിയായിരുന്നു രണ്ടരവയസുകാരനായ അര്‍ജു. കുഞ്ഞായിരുന്നപ്പോള്‍ വീട്ടില്‍ കയറി വന്നതാണ്. വീട്ടുകാര്‍ ഭക്ഷണവും പരിചരണവും നല്കി വളര്‍ത്തിയതോടെ കുടുംബത്തിലൊരാളായി മാറി.ആരെയും ഉപദ്രവിക്കാറില്ല.പകല്‍ അഴിച്ചുവിടുമ്പോള്‍ നേരെ പോകുന്നത് ദിവാകരന് ചിതയൊരുക്കിയ സ്ഥലത്തെക്കാണ് പിന്നെ അവിടെ മണ്ണോട് ചേര്‍ന്ന് കിടക്കും.
അതെ,നായ ഒരു തെറിയല്ല, നന്ദിയില്ലായ്മയുടെ ഉദാഹരണവുമല്ല, പത്തു കൊടുത്താല്‍ ആയിരമായി തിരിച്ചു കിട്ടുന്ന സ്നേഹം മാത്രമാണ് അത് !