KeralaNEWS

പക്ഷാഘാതം ബാധിച്ച പബ്ലിക് ഹെൽത്ത് നഴ്സിന് വിരമിക്കും വരെ പൂർണ ശമ്പളം നൽകണമെന്ന് ഭിന്നശേഷി കമ്മിഷൻ, വിധി അം​ഗീകരിച്ച് ആരോ​ഗ്യവകുപ്പ്

     പക്ഷാഘാതം ബാധിച്ച പബ്ലിക് ഹെൽത്ത് നഴ്സിന് വിരമിക്കുന്നതു വരെ ശമ്പളം ഉൾപ്പടെയുള്ള എല്ലാ അനുകൂല്യവും നൽകാൻ ഉത്തരവ്. ഭിന്നശേഷി കമ്മിഷന്റെ വിധി അം​ഗീകരിച്ച് ആരോ​ഗ്യവകുപ്പാണ് ഉത്തരവ് പുറപ്പെടുവിച്ചത്.

ചെമ്മരുതി കുടുംബാരോ​ഗ്യകേന്ദ്രത്തിലെ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് സി.ടി അജിമോൾക്ക്  2017 ഒക്ടോബർ 18ന് പക്ഷാഘാതം ബാധിക്കുന്നത്. തുടർന്ന് നവംബർ 19ന് ഇൻവാലിഡ് പെൻഷൻ അനുവദിച്ചു.  എന്നാൽ നൂറു ശതമാനം വൈകല്യം സംഭവിച്ച അജിമോൾക്ക് ഭിന്നശേശി അവകാശ നിയമപ്രകാരമുള്ള സംരക്ഷണം ലഭിച്ചില്ലെന്ന പരാതിയുമായി ഭർത്താവ് കമ്മീഷനെ സമീപിക്കുകയായിരുന്നു.

Signature-ad

ചലനശേഷിയും ഓർമശക്തിയും നഷ്ടപ്പെട്ട അജിമോൾക്ക് ഭിന്നശേഷി നിയമത്തിന്റെ സംരക്ഷണത്തിന് അർ‌ഹതയുണ്ടെന്ന് കമ്മീഷൻ വിധിച്ചു. അതിനാൽ വിരമിക്കുന്നതുവരെ മുഴുവൻ ശമ്പളം, ഉദ്യോ​ഗക്കയറ്റം, ​ഗ്രേഡ് പ്രമോഷൻ, ഇൻക്രിമെന്റ്, എന്നിവയെല്ലാം 3 മാസത്തിനകം അനുവദിക്കണമെന്ന് നിർദേശിച്ചു. ഇൻവാലിഡ് പെൻഷൻ ഉത്തരവ് കമ്മീഷൻ റദ്ദാക്കി. രോഗ‌ബാധിതയായ ദിവസം മുതലുള്ള ശമ്പളവും ആനുകൂല്യങ്ങളും ഉടൻ വിതരണം ചെയ്യണമെന്നും നിർദേശിച്ചു.

ജോലി ചെയ്യാനാകാത്ത വിധം രോ​ഗം ബാധിക്കുന്നവർക്ക് മെഡിക്കൽ ബോർഡിന്റെ റിപ്പോർട്ട് അനുസരിച്ച് സർവീസ് കാലാവധി തീരുന്നതുവരെ ഇൻവാലിഡ് പെൻഷൻ അനുവദിക്കുകയാണ് ചെയ്തിരുന്നത്. സർവീസ് കാലയളവിൽ മരിച്ചുപോയവരുടെ ആശ്രിതർക്ക് ജോലി അതിനുശേഷം പെൻഷൻ എന്നിങ്ങനെയാണ് ചട്ടം.

Back to top button
error: