ന്യൂഡല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസ് ലോക്സഭാംഗം മഹുവ മൊയ്ത്രയുടെ അംഗത്വം റദ്ദാക്കണമെന്നും എംപിയായി തുടരാന്‍ അനുവദിക്കരുതെന്നും പാര്‍ലമെന്ററി എത്തിക്‌സ് കമ്മിറ്റി ശുപാര്‍ശ നല്‍കിയതായി റിപ്പോര്‍ട്ട്. ചോദ്യത്തിന് കോഴ വിവാദവുമായി ബന്ധപ്പെട്ട വിഷയത്തില്‍ പരിശോധന നടത്തിയ സമിതിയുടെതാണ് നിര്‍ദേശം. പ്രതിപക്ഷ അംഗങ്ങളുടെ വിയോജിപ്പോടെ റിപ്പോര്‍ട്ട് ലോക്സഭാ സ്പീക്കര്‍ക്ക് കൈമാറിയേക്കും. പാര്‍ലമെന്റിന്റെ അടുത്ത സമ്മേളനത്തില്‍ റിപ്പോര്‍ട്ടിന്മേല്‍ നടപടിയുണ്ടാകും. കമ്മിറ്റി വ്യാഴാഴ്ച വൈകീട്ട് നാലിന് ചേരും. ബിഎസ്പി എംപി ഡാനിഷ് അലിക്കെതിരെയും നടപടിക്ക് ശുപാര്‍ശ ചെയ്തുവെന്നാണ് വിവരം.
500 പേജുള്ള റിപ്പോര്‍ട്ടില്‍ മഹുവയുടെ പ്രവൃത്തികള്‍ അങ്ങേയറ്റം നീചവും കടുത്ത ശിക്ഷ അര്‍ഹിക്കുന്നതുമാണെന്നും വിഷയത്തില്‍ എത്രയും വേഗത്തില്‍ വിശദമായ അന്വേഷണം നടത്തണമെന്നും നിര്‍ദേശിക്കുന്നുണ്ട്. നവംബര്‍ ഒന്നിനായിരുന്നു മഹുവ ലോക്‌സഭാ എത്തിക്‌സ് കമ്മിറ്റിക്ക് മുമ്പാകെ ഹാജരായത്. വ്യക്തിപരമായ ചോദ്യങ്ങള്‍ ചോദിക്കുന്നുവെന്ന് ആരോപിച്ച് മഹുവ സിറ്റിങ്ങില്‍നിന്ന് ഇറങ്ങിപ്പോയിരുന്നു. മഹുവയ്ക്ക് പുറമേ കമ്മിറ്റിയിലെ പ്രതിപക്ഷ അംഗങ്ങളായ ഡാനിഷ് അലിയും ജനതാദള്‍ (യു) എംപി ഗിരിധാരി യാദവ്, കോണ്‍ഗ്രസ് എംപി ഉത്തം കുമാര്‍ റെഡ്ഡിയും യോഗത്തില്‍നിന്ന് ഇറങ്ങിപ്പോയിരുന്നു.
അനധികൃതമായി ഉപയോഗിക്കാന്‍ പാര്‍ലമെന്ററി യൂസര്‍ ഐഡി വ്യവസായി ദര്‍ശന്‍ ഹിരാനന്ദാനിയുമായി മഹുവ പങ്കുവച്ചെന്നും ഇതിനായി പണവും മറ്റു വസ്തുക്കളും സ്വീകരിച്ചെന്നും കണ്ടെത്തിയതായി കമ്മിറ്റി പറയുന്നു. കടുത്ത ശിക്ഷ ലഭിക്കാവുന്ന ഗുരുതര കുറ്റകൃത്യമാണ് മഹുവ നടത്തിയിരിക്കുന്നതെന്നും കമ്മിറ്റി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു
ജനവികാരം എത്തിക്‌സ് കമ്മിറ്റിക്കെതിരാക്കാന്‍ ശ്രമിച്ചുവെന്നാണ് ഡാനിഷ് അലിക്കെതിരായ ആരോപണം.
മഹുവയുടെ മുന്‍ പങ്കാളി കൂടിയായ സുപ്രീംകോടതി അഭിഭാഷകന്‍ ജയ് ആനന്ദ് ദഹാദ്റായ് ആണ് അവര്‍ക്കെതിരെ സിബിഐക്കു പരാതി നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തില്‍ ബിജെപി എംപി നിഷികാന്ത് ദുബെ ലോക്സഭാ സ്പീക്കര്‍ക്കും പരാതി നല്‍കി. ദഹാദ്റായ്, നിഷികാന്ത് ദുബെ എന്നിവര്‍ നേരത്തെ എത്തിക്സ് കമ്മിറ്റിക്കു മുന്നില്‍ ഹാജരാവുകയും തങ്ങളുടെ വാദം അവതരിപ്പിക്കുകയും ചെയ്തു.
അതേസമയം സിബിഐ കേസുമായി ബന്ധപ്പെട്ട് തന്നെ ബന്ധപ്പെടുന്ന മാധ്യമങ്ങളോടുള്ള മറുപടി മഹുവ എക്സില്‍ കുറിച്ചു. അദാനി ഗ്രൂപ്പ് നടത്തിയ 13000 കോടിയുടെ അഴിമതിയില്‍ സിബിഐ കേസെടുത്തിട്ടില്ലെന്നും അവര്‍ വാങ്ങുന്ന തുറമുഖങ്ങളിലും വിമാനത്താവളങ്ങളിലും രാജ്യസുരക്ഷ പ്രശ്നമില്ലെന്നും മഹുവ എക്സില്‍ കുറിച്ചു. ഇക്കാര്യങ്ങളില്‍ വ്യക്തത വരുത്തിയശേഷം തന്റെ വിഷയത്തിലേക്കും സിബിഐയെ സ്വാഗതം ചെയ്യുന്നതായി മഹുവ കൂട്ടിച്ചേര്‍ത്തു.