മലപ്പുറം: സി.പി.എം. അനൂകൂല എം.വി.ആര്‍. ചാരിറ്റബിള്‍ ട്രസ്റ്റ് സംഘടിപ്പിക്കുന്ന എം.വി. രാഘവന്‍ അനുസ്മരണ പരിപാടിയില്‍നിന്ന് പിന്മാറിയതില്‍ പ്രതികരണവുമായി മുസ്ലീംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി. വിവാദത്തിനും ചര്‍ച്ചയ്ക്കും താത്പര്യമില്ലാത്തിനാലാണ് പിന്മാറുന്നത്. എം.വി. രാഘവനുമായുള്ള അടുപ്പത്തിന്റെ പേരിലാണ് സെമിനാറില്‍ പങ്കെടുക്കാമെന്ന് അറിയിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.
കണ്ണൂരില്‍ നടക്കുന്ന എം.വി.ആര്‍. അനുസ്മരണ സെമിനാറില്‍ പങ്കെടുക്കുന്നതിന് അദ്ദേഹത്തിന്റെ മകന്‍ എം.വി. നികേഷ് കുമാര്‍ ക്ഷണിച്ചിരുന്നു. എം.വി. ആറുമായുള്ള അടുപ്പംവെച്ച് താനത് സമ്മതിക്കുകയും ചെയ്തിരുന്നു. പരിപാടിയില്‍ കോണ്‍ഗ്രസ് നേതാവ് കരകുളം കൃഷ്ണപിള്ള അടക്കമുള്ളവര്‍ പങ്കെടുക്കുമെന്നും അറിയിച്ചിരുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
‘മാധ്യമങ്ങള്‍ ഞാന്‍ ഇടതുപക്ഷ വേദിയില്‍ പങ്കെടുക്കുന്നു എന്ന രീതിയില്‍ വാര്‍ത്ത വളച്ചൊടിച്ചു നല്‍കിയ സാഹചര്യത്തില്‍ എം.വി. ആറിന്റെ പേരിലുള്ള പരിപാടി ഒരു വിവാദത്തിനും ചര്‍ച്ചക്കും വിട്ടുകൊടുക്കാന്‍ താല്പര്യമില്ലാത്തത് കൊണ്ട് എന്റെ അനുസ്മരണ പ്രഭാഷണം അയച്ചു കൊടുത്തു. എനിക്കേറെ പ്രിയപ്പെട്ട എം.വി.ആറിന്റെ ഓര്‍മ ദിനത്തില്‍ അദ്ദേഹത്തിന്റെ കുടുംബം ക്ഷണിച്ചിട്ടും ആ പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിയാത്ത സാഹചര്യം അതീവ ദുഃഖത്തോടെ അവരെ അറിയിക്കുകയും ചെയ്തിട്ടുണ്ട്’, കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.