ബംഗളൂരു: കര്‍ണാടക കോണ്‍ഗ്രസില്‍ അഭിപ്രായ ഭിന്നത രൂക്ഷമാണെന്ന അഭ്യൂഹങ്ങള്‍ക്കിടെ ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാര്‍ പൊതുമരാമത്ത് മന്ത്രി സതീഷ് ജാര്‍ക്കിഹോളിയുമായി കൂടിക്കാഴ്ച നടത്തി. ഈ സര്‍ക്കാരിന്റെ കാലയളവില്‍ മുഖ്യമന്ത്രിയാകാനില്ലെന്നും 2028ല്‍ ഇതിനായി ശ്രമിക്കുമെന്നുമുള്ള ജാര്‍ക്കിഹോളിയുടെ പ്രസ്താവനയ്ക്കു പിന്നാലെയായിരുന്നു കൂടിക്കാഴ്ച.
ശിവകുമാര്‍ ജാര്‍ക്കിഹോളിയുടെ ബംഗളൂരുവിലെ വീട്ടില്‍ എത്തുകയായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പിലെ മുന്നൊരുക്കങ്ങളും ജില്ലാ പ്രസിഡന്റുമാരുടെ നിയമനവുമാണ് കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായതെന്നു ജാര്‍ക്കിഹോളി പ്രതികരിച്ചു.
തന്റെ തട്ടകമായ ബെലഗാവിയിലെ രാഷ്ട്രീയത്തില്‍ ശിവകുമാര്‍ നടത്തുന്ന ഇടപെടലുകളില്‍ ജാര്‍ക്കിഹോളി അതൃപ്തനാണെന്നാണു സൂചന. ബെലഗാവിയില്‍ നിന്നുള്ള മറ്റൊരു മന്ത്രി ലക്ഷ്മി ഹെബ്ബാള്ക്കര്ക്കു ശിവകുമാര്‍ നല്കുന്ന പിന്തുണയാണ് ജാര്‍ക്കിഹോളിയെ ചൊടിപ്പിക്കുന്നത്.
ഇതേത്തുടര്‍ന്ന് കഴിഞ്ഞ മാസം 20 എംഎല്‍എമാരുമായി മൈസൂരുവിലേക്ക് യാത്ര നടത്താനുള്ള ജാര്‍ക്കിഹോളിയുടെ നീക്കം എഐസിസി ഇടപെട്ട് തടഞ്ഞിരുന്നു. ബെലഗാവി, ചിക്കോഡി ലോക്സഭാ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥി ചര്‍ച്ചകളിലും അദ്ദേഹത്തിനു അതൃപ്തിയുണ്ട്. ബെലഗാവിയില്‍ മകനെയോ മകളെയോ സ്ഥാനാര്‍ഥിയാക്കാന്‍ ജാര്‍ക്കിഹോളി ചരടുവലി നടത്തുന്നതായി റിപ്പോര്‍ട്ടുണ്ട്.