KeralaNEWS

കേരളവര്‍മ കോളേജ് തിരഞ്ഞെടുപ്പ്; അലോഷ്യസ് സേവ്യര്‍ നിരാഹാര സമരം അവസാനിപ്പിച്ചു

തൃശൂര്‍: കേരള വര്‍മ കോളേജിലെ യൂണിയന്‍ തിരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നെന്ന് ആരോപിച്ച് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യര്‍ തൃശൂര്‍ കളക്ടറേറ്റിന് മുന്നില്‍ നടത്തിവന്ന നിരാഹാര സമരം അവസാനിപ്പിച്ചു. തിങ്കളാഴ്ച ഉച്ചയോടെ കൊടിക്കുന്നില്‍ സുരേഷ് എം.പി നാരങ്ങാനീര് നല്‍കിയാണ് സമരം അവസാനിപ്പിച്ചത്.

തിരഞ്ഞെടുപ്പ് അട്ടിമറി സംബന്ധിച്ച് കെ.എസ്.യു സ്ഥാനാര്‍ഥി ശ്രീക്കുട്ടന്‍ നല്‍കിയ ഹര്‍ജിയില്‍ ഹൈക്കോടതിയില്‍ നിന്നുണ്ടായത് അനുകൂലമായ പരാമര്‍ശമാണെന്ന് ചൂണ്ടിക്കാട്ടിയാണ് സമരം അവസാനിപ്പിച്ചത്. അതേസമയം, വിഷയത്തില്‍ നിയമപോരാട്ടം തുടരുമെന്നും കെ.എസ്.യു അറിയിച്ചു.

Signature-ad

റീ കൗണ്ടിങ്ങിനൊടുവില്‍ വിജയിയായി പ്രഖ്യാപിച്ച എസ്.എഫ്.ഐ. സ്ഥാനാര്‍ഥി സ്ഥാനമേറ്റെടുക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ടാണ് കെ.എസ്.യു. കോടതിയെ സമീപിച്ചിരുന്നത്. എന്നാല്‍, ഇത്തരമൊരു ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാന്‍ ആവശ്യമായ രേഖകളൊന്നും ഹര്‍ജിക്കാരന്‍ കോടതി മുമ്പാകെ ഹാജരാക്കിയിട്ടില്ലെന്ന് ജസ്റ്റിസ് ടി.ആര്‍. രവി അറിയിച്ചു. രേഖകള്‍ പരിശോധിച്ച ശേഷം അന്തിമതീര്‍പ്പ് പ്രഖ്യാപിക്കുമെന്ന് അറിയിച്ച കോടതി, അതുവരെ വിജയിയായി പ്രഖ്യാപിച്ച എസ്.എഫ്.ഐ. സ്ഥാനാര്‍ഥിക്ക് സത്യപ്രതിജ്ഞ ചെയ്യുന്നതിനും സ്ഥാനമേറ്റെടുക്കുന്നതിനും തടസ്സമുണ്ടാവില്ലെന്നും വ്യക്തമാക്കിയിരുന്നു.

അതേസമയം, ആദ്യവട്ട വോട്ടെണ്ണലില്‍ ഒറ്റവോട്ടിന് എസ്.എഫ്.ഐ. ആയിരുന്നു മുന്നിലെങ്കില്‍ എന്തിനാണവര്‍ റീക്കൗണ്ടിങ് ആവശ്യപ്പെട്ടതെന്നും കോടതി ചോദിച്ചിരുന്നു. വ്യാഴാഴ്ച കേസ് കോടതി വീണ്ടും പരിഗണിക്കും.

 

Back to top button
error: