സാധാരണക്കാരെന്ന മട്ടില്‍ ആശുപത്രികള്‍ക്കുള്ളില്‍ കടന്ന് ഇസ്രായേലിന്റെ സൈനികര്‍ക്ക് നേരെ വെടിയുതിര്‍ക്കുന്ന ഹമാസ് ഭീകരവാദികളുടെയടക്കമുളള വീഡിയോകളാണ് ഐഡിഎഫ് അന്താരാഷ്ട്ര മാദ്ധ്യമങ്ങളുമായി പങ്കുവച്ചത്.
ഹമാസ് ഭീകരരുടെ ഭൂഗര്‍ഭ ഒളിത്താവളവുമായി ഷെയ്ഖ് ഹമദ് ആശുപത്രിയെ ബന്ധിപ്പിച്ചിരിക്കുന്നതിന്റെ വീഡിയോയും ഇക്കൂട്ടത്തിലുണ്ട്. ആശുപത്രിക്ക് താഴെയുള്ള ഇത്തരം ഭൂഗര്‍ഭ തുരങ്കങ്ങള്‍ ഭീകരര്‍ അവരുടെ ഒളിത്താവളങ്ങളായി ഉപയോഗിക്കുകയും ചെയ്യുന്നുണ്ടെന്ന് ഐഡിഎഫ് വക്താവ് ഡാനിയേല്‍ ഹഗാരി പറഞ്ഞു.
ആശുപത്രി കെട്ടിടങ്ങള്‍ക്ക് തൊട്ടടുത്ത് തന്നെയായി റോക്കറ്റ് ലോഞ്ചറുകള്‍ ഉള്‍പ്പെടെ സ്ഥാപിച്ചിട്ടുണ്ട്. തങ്ങളുടെ കേന്ദ്രങ്ങള്‍ ലോകത്തിന് മുന്നില്‍ മറച്ചു വയ്ക്കുന്നതിന് വേണ്ടിയാണ് ഹമാസ് ഇത്തരത്തിലുളള ആശുപത്രികള്‍ ഉപയോഗിക്കുന്നതെന്ന് വീഡിയോയിൽ വ്യക്തം.ആശുപത്രികളില്‍ രോഗികള്‍ക്കായി എത്തിച്ചിരിക്കുന്ന ഉപകരണങ്ങളും വസ്തുക്കളും ഹമാസ് ദുരുപയോഗം ചെയ്യുകയാണെന്ന് സ്ഥിരീകരിക്കുന്ന ഫോണ്‍ സംഭാഷണങ്ങളും ഐഡിഎഫ് പുറത്ത് വിട്ടിട്ടുണ്ട്.
ഗാസയിലെ ഏറ്റവും വലിയ ആശുപത്രിയായ ഷിഫ ആശുപത്രിക്ക് താഴെയായി ഹമാസ് അവരുടെ കമാൻഡ് ആൻഡ് കണ്ട്രോള് സെന്റര്‍ സ്ഥാപിച്ചതിന് കൃത്യമായ തെളിവുകള്‍ കിട്ടിയിട്ടുണ്ടെന്നും ഐഡിഎഫ് പറയുന്നു.ആശുപത്രിയുടെ ആവശ്യങ്ങള്‍ക്കായി എത്തിക്കുന്ന ഇന്ധനശേഖരം ഹമാസ് ഭീകരര്‍ പൂഴ്ത്തിവയ്ക്കുന്ന അവസ്ഥയാണ്. സാധാരണക്കാരെ പരമാവധി സംരക്ഷിച്ച് കൊണ്ട് തന്നെ ഭീകരരുടെ ഇത്തരം കേന്ദ്രങ്ങള്‍ക്കെതിരായ ആക്രമണം തുടരുമെന്നും ഐഡിഎഫ് വ്യക്തമാക്കി.