കോഴിക്കോട്: മുക്കം പൊലീസ് സ്റ്റേഷനില്‍ നിന്ന് തൊണ്ടിമുതലായ മണ്ണുമാന്തിയന്ത്രം കടത്തിയ കേസിലെ പ്രതി മര്‍ദിച്ചതായി യുവാവിന്റെ പരാതി. കൂമ്പാറ സ്വദേശി കെ.പി. ഫൈസലിനാണ് ഇന്നലെ രാത്രി മര്‍ദനമേറ്റത്. തൊണ്ടിമുതല്‍ കടത്തിയ വാര്‍ത്ത വാട്സാപ്പ് ഗ്രൂപ്പുകളില്‍ ഷെയര്‍ ചെയ്തതിനാണ് ആക്രമിച്ചതെന്ന് മര്‍ദനമേറ്റ ഫൈസല്‍ പറഞ്ഞു. പ്രതിയായ ജയേഷ് മര്‍ദിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നു. കേസിലെ മറ്റൊരു പ്രതി മാര്‍ട്ടിന്റെ നിര്‍ദേശപ്രകാരമാണ് തന്നെ മര്‍ദിച്ചതെന്നും ഫൈസല്‍ പറയുന്നു. തലയ്ക്കും നെഞ്ചിനും പരിക്കേറ്റ ഫൈസലിനെ കെ.എം.സി.ടി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അതേസമയം, യുവാവിന്‍െ്റ മരണത്തിനിടയാക്കിയ മണ്ണുമാന്തിയന്ത്രം സ്റ്റേഷനില്‍നിന്ന് മാറ്റിയ കേസില്‍ എസ്.ഐയെ സസ്പെന്‍ഡ് ചെയ്തിരുന്നു. മുക്കം എസ്ഐ നൗഷാദിനെയാണ് സസ്പെന്‍ഡ് ചെയതത്. മുക്കം പൊലീസ് സ്റ്റേഷനില്‍ നിന്ന് കേസില്‍ അകപ്പെട്ട മണ്ണുമാന്തിയന്ത്രം മാറ്റി പകരം മറ്റൊന്ന് കൊണ്ടു വച്ച സംഭവത്തിലാണ് നടപടി.
അപകടമുണ്ടാക്കിയതിനെ തുടര്‍ന്ന് പൊലീസ് പിടികൂടിയ മണ്ണുമാന്തിയന്ത്രമാണ് സ്റ്റേഷനില്‍ നിന്ന് മാറ്റിയത്. പിടികൂടിയ ജെസിബിക്ക് രേഖകള്‍ ഇല്ലായിരുന്നു. ഇതിന് പകരം രേഖകളുള്ള മറ്റൊരു മണ്ണുമാന്തിയന്ത്രം സ്റ്റേഷന് വളപ്പിലേക്ക് കൊണ്ടുവരികയായിരുന്നു. ഇതുമായി ബന്ധപ്പെട്ട കേസില്‍ ആറുപേരെ മുക്കം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.
കൊടിയത്തൂര്‍ പഞ്ചായത്തിലെ വാലില്ലാപ്പുഴ തോട്ടുമുക്കം റോഡില്‍ സെപ്റ്റംബര്‍ 19 നാണ് മണ്ണുമാന്തിയന്ത്രവും ബൈക്കും കൂട്ടിയിടിച്ച് അപകടമുണ്ടായത്. അപകടത്തില്‍ ബൈക്ക് യാത്രികനായ തോട്ടുമുക്കം സ്വദേശി സുധീഷ് മരിച്ചിരുന്നു. ഇതോടെയാണ് മണ്ണുമാന്തിയന്ത്രം പിടികൂടി സ്റ്റേഷനില്‍ എത്തിച്ചത്.
എന്നാല്‍, മണ്ണുമാന്തിയന്ത്രം സ്റ്റേഷനില്‍ നിന്ന് മാറ്റിയത് സംബന്ധിച്ച് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് പരാതി ലഭിച്ചിരുന്നു. ഈ വിഷയത്തില്‍ പൊലീസ് അന്വേഷണം നടത്തിവരികയായിരുന്നു. ഇതുകൂടാതെ പൊലീസിലെ രഹസ്യാന്വേഷണ വിഭാഗവും അന്വേഷണം നടത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് മുക്കം സ്റ്റേഷനിലെ എസ്ഐ നൗഷാദിന് പങ്കുണ്ടെന്ന് കണ്ടെത്തിയത്. സംഭവത്തില്‍ പൊലീസിന് വീഴ്ച പറ്റിയതായും അന്വേഷണ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.