തിരുവനന്തപുരം: മാനവീയം വീഥിയില്‍ നിയന്ത്രണങ്ങള്‍ ആവശ്യപ്പെട്ട് റിപ്പോര്‍ട്ട് നല്‍കി തിരുവനന്തപുരം മ്യൂസിയം പൊലീസ്. സിറ്റി പൊലീസ് കമ്മിഷണര്‍ക്കാണ് റിപ്പോര്‍ട്ട് നല്‍കിയത്. മാനവീയത്ത് തുടര്‍ച്ചയായി സംഘര്‍ഷങ്ങള്‍ ഉണ്ടാതിനെ തുടര്‍ന്നാണ് നടപടി.
മാനവീയത്തില്‍ രാത്രി 12 മണിക്ക് ശേഷം കലാപരിപാടികള്‍ പാടില്ലെന്നതാണ് നിയന്ത്രണങ്ങളില്‍ പ്രധാനപ്പെട്ടത്. 12 മണിക്ക് ശേഷം ഉച്ചഭാഷിണിയും നിരോധിക്കും. പരിപാടികളില്‍ പങ്കെടുക്കുന്നവര്‍ക്കെല്ലാം രജിസ്ട്രേഷനും നിര്‍ബന്ധമാക്കും. ഒരു സമയം ഒന്നില്‍ കൂടുതല്‍ പരിപാടികള്‍ക്ക് അനുവാദമുണ്ടാകില്ല. നിലവിലെ സാഹചര്യം സുരക്ഷാ പ്രശ്നമുണ്ടാക്കുമെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. റിപ്പോര്‍ട്ട് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് കൈമാറി.
അതേസമയം, മാനവീയം വീഥിയില്‍ കഴിഞ്ഞ ദിവസം നടന്ന കൂട്ടത്തല്ലില്‍ ഒരാളെ കസ്റ്റഡിയിലെടുത്തു. വീഡിയോ ദൃശ്യങ്ങളിലുള്ള ആളെയാണ് മ്യൂസിയം പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ അറസ്റ്റ് ഉടനുണ്ടായേക്കും.
നൃത്തം ചെയ്യുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കമാണ് മാനവീയം വീഥിയില്‍ സംഘര്‍ഷത്തില്‍ കലാശിച്ചത്. യുവാവിനെ നിലത്തിട്ട് മര്‍ദിക്കുമ്പോള്‍ സമീപത്തുണ്ടായിരുന്നവര്‍ നൃത്തം ചെയ്യുന്നത് ദൃശ്യങ്ങളില്‍ വ്യക്തമാണ്.