ന്യൂയോര്‍ക്ക്: കൂടിയ അളവില്‍ ഇന്‍സുലിന്‍ കുത്തിവെച്ച് വയോജന കേന്ദ്രത്തിലെ രോഗികളെ കൊലപ്പെടുത്തിയ നഴ്സ് അറസ്റ്റില്‍. അമേരിക്കയിലെ പെന്‍സില്‍വാനിയ സ്വദേശിനിയായ ഹെതര്‍ പ്രസ്ഡി എന്ന നഴ്സാണ് രണ്ട് രോഗികളെ കൊലപ്പെടുത്തുകയും ചികിത്സയിലുള്ള രോഗികളെ കൊലപ്പെടുത്താന്‍ ശ്രമം നടത്തുകയും ചെയ്തത്.
ഇന്‍സുലിന്‍ കുത്തിവെച്ച് രണ്ട് രോഗികളെ കൊലപ്പെടുത്തിയ നഴ്സ് 17 പേരെ കൊലപ്പെടുത്താന്‍ ശ്രമം നടത്തിയെന്നുമാണ് കണ്ടെത്തല്‍. കൂടിയ അളവില്‍ ഇന്‍സുലിന്‍ കുത്തിവെച്ചാണ് നഴ്സ് രണ്ടു പേരെ കൊലപ്പെടുത്തിയതെന്ന് പെന്‍സില്‍വാനിയ അറ്റോര്‍ണി ജനറല്‍ ഓഫീസ് അറിയിച്ചു. നഴ്സ് ജോലി ചെയ്തിരുന്ന വിവിധ കേന്ദ്രങ്ങളിലായി 17 പേര് ദുരൂഹ സാഹചര്യത്തില്‍ മരിച്ചിട്ടുണ്ട്. ഈ മരണങ്ങളില്‍ പ്രസ്ഡിക്ക് പങ്കുള്ളതായാണ് റിപ്പോര്‍ട്ട്.
43 മുതല്‍ 104 വയസ്സുവരെയുള്ള രോഗികള്‍ക്കാണ് നഴ്സ് അമിതമായ അളവില്‍ ഇന്‍സുലിന്‍ നല്‍കിയത്. രാത്രി സമയങ്ങളിലാണ് ഇന്‍സുലിന്‍ കുത്തിവെച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായത്.
രണ്ട് പേര് കൊല്ലപ്പെട്ട സംഭവത്തില്‍ അറസ്റ്റിലായതിന് പിന്നാലെ പോലീസ് നടത്തിയ ചോദ്യം ചെയ്യലിലാണ് മറ്റ് രോഗികള്‍ക്കും ഇന്‍സുലിന്‍ കുത്തിവെച്ചതായി ഇവര്‍ കുറ്റ സമ്മതം നടത്തിയത്. വ്യാഴാഴ്ച ഇവരെ കോടതിയില്‍ ഹാജരാക്കിയെങ്കിലും ജാമ്യം ഉള്‍പ്പെടെയുള്ള നിയമനടപടികളില്‍ കൂടുതല്‍ തീരുമാനമായിട്ടില്ല. ബട്ലര് കൗണ്ടി ജയിലിലാണ് നഴ്സ് നിലവിലുള്ളത്. നഴ്സ് പരിചരിച്ചിരുന്ന രോഗികള്‍ മരിച്ചതോടെയുണ്ടായ അസ്വാഭാവികതയാണ് വിവരങ്ങള്‍ പുറത്തുവരാന്‍ കാരണമായത്.
2018 മുതല്‍ പ്രസ്ഡി 11 പുനരധിവാസ കേന്ദ്രങ്ങളില്‍ ജോലി ചെയ്തെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഈ കേന്ദ്രങ്ങളിലെ മരണങ്ങള് പോലീസ് അന്വേഷിക്കുന്നുണ്ട്. പ്രസ്ഡി ജോലി ചെയ്ത വിവിധ കേന്ദ്രങ്ങളിലെ രോഗികളാണ് ക്രൂരതയ്ക്ക് ഇരയായത്. കൊലപാതകം, കൊലപാതക ശ്രമം എന്നിങ്ങനെയുള്ള നിരവധി കുറ്റങ്ങളാണ് നഴ്സിനെതിരെ ചുമത്തിയിരിക്കുന്നത്. വധശിക്ഷ ഒഴിവാക്കാനാണ് ശ്രമം നടത്തുന്നതെന്ന് നഴ്സ് ഹെതര്‍ പ്രസ്ഡിയുടെ അഭിഭാഷകന് പറഞ്ഞു. ജാമ്യമില്ല വകുപ്പുകളാണ് നഴ്സിനെതിരെ പോലീസ് ചുമത്തിയിരിക്കുന്നത്.