ബംഗളുരു: മുഖ്യമന്ത്രിയാകണമെങ്കില്‍ ജെ.ഡി.എസിന്റെ 19 എം.എല്‍.എ.മാരുടെയും പിന്തുണ നല്‍കാമെന്ന് ജെ.ഡി.എസ്. നേതാവും മുന്‍ മുഖ്യമന്ത്രിയുമായ എച്ച്.ഡി. കുമാരസ്വാമിയുടെ പ്രസ്താവനയ്ക്ക് മറുപടിയുമായി കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍. മുഖ്യമന്ത്രിയാകാനുള്ള തിരക്കിലല്ല താനുള്ളതെന്ന് ശിവകുമാര്‍ മറുപടി നല്കി.
”കൂട്ടായ നേതൃത്വത്തിന് കീഴിലാണ് ഞങ്ങള്‍ സംസ്ഥാനത്ത് മത്സരിച്ചത്. മികച്ച രീതിയില്‍ ഭരിക്കണം. മുഖ്യമന്ത്രിയാകാന്‍ എനിക്ക് തിടുക്കമില്ല. ഞാന്‍ ആരോടും ഇക്കാര്യം ആവശ്യപ്പെട്ടിട്ടില്ല. പാര്‍ട്ടി നേതൃത്വത്തോട് പോലും” – ശിവകുമാര്‍ പറഞ്ഞു.
മുഖ്യമന്ത്രി സിദ്ധരാമയ്യയ്ക്കുള്ള തന്റെ പിന്തുണയും പാര്‍ട്ടി നേതൃത്വത്തോടുള്ള കൂറും ശിവകുമാര്‍ പ്രഖ്യാപിക്കുകയും ചെയ്തു. മുഖ്യമന്ത്രി പദത്തെ ചൊല്ലി കോണ്‍ഗ്രസില്‍ തര്‍ക്കമുണ്ടെന്ന ഊഹാപോഹങ്ങള്‍ക്കിടെ ശനിയാഴ്ചയാണ് കുമാരസ്വാമി പരിഹാസരൂപേണെ ജെഡിഎസിന്റെ 19 എംഎല്‍എമാര്‍ ശിവകുമാറിന് പിന്തുണ നല്കാന് തയ്യാറാണെന്ന് അറിയിച്ചത്.
ഒരുവിഭാഗം ജെഡിഎസ് എംഎല്‍എമാര്‍ കോണ്‍ഗ്രസില്‍ ചേരാനൊരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെയായിരുന്നു കുമാരസ്വാമിയുടെ പ്രസ്താവന. കര്‍ണാടക കോണ്‍ഗ്രസില്‍ വിഭാഗീയതയുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ കഴിഞ്ഞ ദിവസം സിദ്ധരാമയ്യ വിളിച്ചുചേര്‍ത്ത പ്രഭാത വിരുന്നില്‍ ഡി.കെ. ശിവകുമാര്‍ പങ്കെടുക്കുകയും ചെയ്തു.
ബംഗളൂരുവില്‍ സിദ്ധരാമയ്യയുടെ ഔദ്യോഗികവസതിയായ ‘കാവേരി’യില്‍ മുഖ്യമന്ത്രിയുടെ പുതിയ ഓഫീസ് ഉദ്ഘാടനം ചെയ്യുന്നതിനോടനുബന്ധിച്ചായിരുന്നു പ്രഭാതവിരുന്ന്. സിദ്ധരാമയ്യയെ ഒപ്പം നിര്‍ത്തി ഓഫീസ് ഉദ്ഘാടനംചെയ്തത് ശിവകുമാറാണ്. ഓഫീസില്‍ അദ്ദേഹം പൂജനടത്തുകയുംചെയ്തു. ഇരുനേതാക്കളും ഒത്തൊരുമിച്ച് നീങ്ങുകയാണെന്ന പ്രതീതി ജനിപ്പിക്കുന്ന രീതിയിലായിരുന്നു ഉദ്ഘാടനച്ചടങ്ങ്. 19 മന്ത്രിമാര്‍ ചടങ്ങിനെത്തി. സിദ്ധരാമയ്യയുടെ അധ്യക്ഷതയില്‍ മന്ത്രിമാരുടെ യോഗവും ചേര്‍ന്നു.
മുഖ്യമന്ത്രിയായി താന്‍ അഞ്ചുകൊല്ലവും ഭരിക്കുമെന്ന് കഴിഞ്ഞദിവസം സിദ്ധരാമയ്യ നടത്തിയ അവകാശവാദമാണ് പാര്‍ട്ടിയില്‍ വീണ്ടും വിഭാഗീയത വര്‍ധിക്കുന്നതിന്റെ സൂചന നല്‍കിയത്. രണ്ടരവര്‍ഷത്തിനുശേഷം മുഖ്യമന്ത്രിസ്ഥാനം ഡി.കെ. ശിവകുമാറിന് നല്കാന് പാര്‍ട്ടി ഹൈക്കമാന്‍ഡ് നേരത്തേ തീരുമാനമെടുത്തതിന് വിരുദ്ധമായിരുന്നു സിദ്ധരാമയ്യയുടെ അവകാശവാദം.
ഇത് വലിയ ചര്‍ച്ചയായതോടെ, ഹൈക്കമാന്‍ഡ് തീരുമാനം അംഗീകരിക്കുമെന്ന് വ്യക്തമാക്കി വിവാദത്തിന് അദ്ദേഹം വിരാമമിട്ടു. ഇതിന്റെ തുടര്‍ച്ചയായാണ് ശനിയാഴ്ച രാവിലെ സിദ്ധരാമയ്യയുടെ വസതിയില്‍ ഡി.കെ. ശിവകുമാറും മന്ത്രിമാരും ഒരുമിച്ചുകൂടിയത്. ലോക്സഭാതിരഞ്ഞെടുപ്പിനെ നേരിടുന്നത് സംബന്ധിച്ചാണ് മന്ത്രിമാരുമായി ഇരുവരും ചര്‍ച്ചനടത്തിയത്. 20 സീറ്റില്‍ വിജയമുറപ്പിക്കണമെന്ന നിര്‍ദേശം യോഗത്തിലുയര്‍ന്നു. സംസ്ഥാനത്തെ വരള്‍ച്ചാസാഹചര്യവും ചര്‍ച്ചയായെന്ന് യോഗത്തിനുശേഷം ഗതാഗതമന്ത്രി രാമലിംഗറെഡ്ഡി മാധ്യമങ്ങളോട് പറഞ്ഞു.