തിരുവനന്തപുരം: വൈദ്യുതി നിരക്ക് വര്‍ധനയ്‌ക്കൊപ്പം സബ്‌സിഡി ഒഴിവാക്കിയ വിവരങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ സബ്‌സിഡി വിഷയത്തില്‍ സര്‍ക്കാരിന് മനംമാറ്റം. മാസം 120 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് സബ്‌സിഡി തുടരുമെന്ന് സര്‍ക്കാരിന്റെ ഉറപ്പ്. സബ്‌സിഡി നീക്കിയ വിഷയം വിവാദമായതോടെയാണ് സര്‍ക്കാരിന്റെ പിന്മാറ്റം. സബ്സിഡി തുടരുമെന്ന് വൈദ്യുതിമന്ത്രി കെ. കൃഷ്ണന്‍കുട്ടി വ്യക്തമാക്കി.
മാസം 120 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് 44 രൂപവരെയാണ് സര്‍ക്കാര്‍ സബ്‌സിഡി നല്‍കിയിരുന്നത്. യൂണിറ്റിന് 35 പൈസയും 50 പൈസയും കണക്കാക്കി പത്ത് വര്‍ഷമായി നല്‍കിവന്ന സബ്‌സിഡി നവംബര്‍ ഒന്നുമുതല്‍ ഇല്ലാതായത് ചര്‍ച്ചയായിരുന്നു. നിരക്ക് വര്‍ധനവിനൊപ്പം സബ്‌സിഡിയും ഇല്ലാതായതോടെ വിമര്‍ശനം ശക്തമായി. ഇതോടെ സര്‍ക്കാര്‍ പ്രതിരോധത്തിലുമായി. ഇതിന് പിന്നാലെയാണ് സബ്‌സിഡി തുടരുമെന്ന ഉറപ്പുമായി വൈദ്യുതി മന്ത്രി രംഗത്തെത്തിയത്.
പ്രതിരോധത്തിലായതോടെ സബ്‌സിഡി പിന്‍വലിക്കാന്‍ ഉത്തരവില്ലെന്ന് ന്യായീകരിക്കാനാണ് സര്‍ക്കാരിന്റെ ശ്രമം. എന്നാല്‍ വൈദ്യുതി തീരുവ കെ.എസ്.ഇ.ബിയില്‍ നിന്ന് പിരിയ്ക്കാന്‍ സര്‍ക്കാര്‍ വിജ്ഞാപനം ഇറങ്ങി കഴിഞ്ഞു. അതിനാല്‍ ജനങ്ങള്‍ക്കുള്ള സബ്‌സിഡി നിലയ്ക്കുന്ന സാഹചര്യം വൈദ്യുതി മന്ത്രി കഴിഞ്ഞ ദിവസം തന്നെ സമ്മതിച്ചിരുന്നു.
സബ്‌സിഡി ഒഴിവാക്കാന്‍ ഉത്തരവിറക്കിയിട്ടില്ലെന്ന് ന്യായം പറയുന്ന സര്‍ക്കാര്‍ പക്ഷെ സബ്‌സിഡി തുടരാന്‍ എങ്ങനെ പണം കണ്ടെത്തുമെന്നും ഉത്തരവിറക്കിയിട്ടില്ല. വിഷയത്തില്‍ സി.പി.ഐയുടെ യുവജന സംഘടനയായ എ.ഐ.വൈ.എഫും സര്‍ക്കാരിനെതിരെ രംഗത്തുവന്നിരന്നു. നിരക്ക് വര്‍ധനയും സബ്‌സിഡി ഒഴിവാക്കലും പിന്‍വലിക്കണമെന്ന് എ.ഐ.വൈ.എഫ്. ആവശ്യപ്പെട്ടിരുന്നു.