പ്രമേഹരോഗികൾ ഭക്ഷണത്തിൽ നിരവധി കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതുണ്ട്. ഷുഗർ, വൈറ്റ് ബ്രെഡ്, വൈറ്റ് റൈസ്, ഫ്രഞ്ച് ഫ്രൈസ്, ബിയർ, ഉരുളക്കിഴങ്ങ് തുടങ്ങി ഉയർന്ന ഗ്ലൈസെമിക് ഇൻഡക്സ് ഉള്ള ഭക്ഷണങ്ങൾ ശരീരത്തിലെ രക്തത്തിലെ പഞ്ചസാരയുടെ അളവിനെ പെട്ടെന്ന് ബാധിക്കും. പ്രമേഹത്തെ സഹായിക്കാൻ ഭക്ഷണത്തിൽ ചുവന്ന ചീര ഉൾപ്പെടുത്താവുന്നതാണ്.
ചുവന്ന ചീര പോഷകങ്ങളുടെ പ്രത്യേകിച്ച് വിറ്റാമിനുകളുടെ കലവറയാണ്. മനുഷ്യ ശരീരത്തിന്റെ ശരിയായ പ്രവർത്തനത്തിന് സഹായിക്കുന്ന എല്ലാ അവശ്യ പോഷകങ്ങളും ഇതിൽ അടങ്ങിയിരിക്കുന്നു. ചുവന്ന ചീരയിൽ നാരുകൾ അടങ്ങിയിട്ടുണ്ട്. ഇത് മലബന്ധം തടയുന്നതിന് സഹായിക്കുന്നു. കൂടാതെ, ചീര കൊളസ്‌ട്രോളിനെയും പ്രമേഹത്തെയും ചെറുക്കാനും സഹായകമാണ്. വിറ്റാമിൻ എ, സി, ഇ എന്നിവയും ഇതിൽ അടങ്ങിയിട്ടുണ്ട്.
കൂടാതെ, ഇതിൽ കുറഞ്ഞ ഗ്ലൈസെമിക് സൂചികയാണുള്ളത്. മാത്രമല്ല രക്തത്തിലെ പഞ്ചസാര വർദ്ധിപ്പിക്കാനുള്ള സാധ്യത കുറയ്ക്കുന്നു. ഉയർന്ന നാരുകൾ ഉള്ളതിനാൽ ഇത് രക്തത്തിലേക്ക് ഗ്ലൂക്കോസ് ആഗിരണം ചെയ്യുന്നത് കുറയ്ക്കുന്നതിനും ശരീരത്തിലെ രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു.
ഇതുകൂടാതെ, ചുവന്ന രക്താണുക്കളുടെ (ആർബിസി) രൂപീകരണത്തിനും ഹീമോഗ്ലോബിൻ പ്രവർത്തനത്തിനും ആവശ്യമായ ഇരുമ്പിന്റെ മികച്ച ഉറവിടമാണ് ചുവന്ന ചീര. കൂടാതെ, ചുവന്ന ചീരയിൽ വിറ്റാമിൻ സി ധാരാളമായി അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കും.
ചുവന്ന ചീര കണ്ണുകളുടെ ആരോഗ്യത്തിന് നല്ലതാണെന്ന് വിദഗ്ധർ പറയുന്നു. ഇത് ഓക്സിഡേറ്റീവ് സ്ട്രെസ് കുറയ്ക്കുകയും ഗുരുതരമായ രോഗങ്ങളുടെ സാധ്യത കുറയ്ക്കാനും സഹായിക്കുന്നു. ചുവന്ന ചീര സൂപ്പായോ അല്ലാതെയോ കഴിക്കാവുന്നതാണ്.