KeralaNEWS

ഗവര്‍ണര്‍ക്കെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത് തെറ്റ് : കെ സുധാകരന്‍

പത്തനംതിട്ട: ഗവര്‍ണര്‍ക്കെതിരെ സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കിയത് തെറ്റാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍. ആ നടപടി തെറ്റു തന്നെയാണ്. അതില്‍ സംശയമൊന്നുമില്ല. ഹര്‍ജിയില്‍ പല ആവശ്യങ്ങളും സര്‍ക്കാര്‍ ഉന്നയിച്ചിട്ടുണ്ടെന്ന് കെ സുധാകരന്‍ പത്തനംതിട്ടയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

ലോകായുക്തയുടെ അധികാരങ്ങള്‍ കുറയ്ക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. ലോകായുക്തയുടെ അധികാരങ്ങള്‍ കുറയ്ക്കണമെന്നു പറഞ്ഞാല്‍ അതിന്റെ ആത്മാവിനെ കൊല്ലുന്നതിന് തുല്യമാണ്. ആ ആവശ്യങ്ങള്‍ ന്യായമല്ല. ഇതിന് കോണ്‍ഗ്രസ് എതിരാണ്. മുഖ്യമന്ത്രി ഭരണഘടനാവിധേയമായി പ്രവര്‍ത്തിക്കണമെന്നാണ് ഞങ്ങള്‍ ആവശ്യപ്പെടുന്നത്.

Signature-ad

ഭരണഘടനാ വിരുദ്ധമായി ഗവര്‍ണര്‍ പ്രവര്‍ത്തിക്കരുതെന്നുമാണ് പാര്‍ട്ടിയുടെ നയം. ബിജെപിയുടെ ശ്രമത്തിന്റെ ഭാഗമായാണ് ഇവിടെ മുഖ്യമന്ത്രിയും ഗവര്‍ണറും തമ്മിലുള്ള അഭിപ്രായ വ്യത്യാസം. ഭരണഘടനാ വിധേയമായി പ്രവര്‍ത്തിക്കാനുള്ള സന്മനസ് കാണിച്ച് ജനാധിപത്യത്തെ സംരക്ഷിക്കാന്‍ തയ്യാറാകണണെന്നാണ് ഗവര്‍ണറോടും മുഖ്യമന്ത്രിയോടും കോണ്‍ഗ്രസിന് ആവശ്യപ്പെടാനുള്ളത്.

കേന്ദ്രസര്‍ക്കാരിന്റെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കാന്‍ ഗവര്‍ണര്‍ ശ്രമിച്ച അവസരങ്ങളുണ്ടായിട്ടുണ്ട്. അത് ഭരണഘടനാ വിരുദ്ധമാണ്. അതുപോലെ തന്നെ എല്ലാ വിഷയങ്ങളിലും ഗവര്‍ണറെ നിയന്ത്രിക്കാന്‍ ശ്രമിക്കുന്ന മുഖ്യമന്ത്രിയുടെ നടപടിയും. തന്റെ ചൊല്‍പ്പടിക്ക് നില്‍ക്കുന്ന ഗവര്‍ണറല്ല ആരിഫ് മുഹമ്മദ് ഖാനെന്ന തോന്നല്‍ പിണറായി വിജയനുണ്ട്. അതോടുകൂടി അവര്‍ തമ്മിലുള്ള സൗഹൃദം തകര്‍ന്നു. പിന്നെ അവര്‍ തമ്മില്‍ പോരാട്ടമാണ്.

ആ പോരാട്ടത്തില്‍ മുഖ്യമന്ത്രിയുടേയും സര്‍ക്കാരിന്റെയും ഭാഗത്ത് ഗുരുതരമായ വീഴ്ചയുണ്ട് എന്നതില്‍ തര്‍ക്കമില്ല. ഞങ്ങള്‍ക്ക് ഗവര്‍ണറും സര്‍ക്കാരും തുല്യമാണ്. സത്യസന്ധമായി പറയേണ്ടത് മുഖത്തു നോക്കി പറയും. അവരെ നിയമാനുസൃതം അംഗീകരിക്കുകയും ആദരിക്കുകയും ചെയ്യേണ്ടിടത്തെല്ലാം കോണ്‍ഗ്രസ് അതു ചെയ്യാറുണ്ട്. ഭരണഘടനാ വിരുദ്ധമായ ഒരു കാര്യത്തിനും പ്രേരിപ്പിക്കാന്‍ കോണ്‍ഗ്രസ് തയ്യാറായിട്ടില്ലെന്നും കെ സുധാകരന്‍ പറഞ്ഞു.

 

 

Back to top button
error: