ചെന്നൈ: തമിഴ്നാട്ടില്‍ വീണ്ടും ഗവര്‍ണര്‍ – സര്‍ക്കാര്‍ പോര്. പുതിയ തര്‍ക്കം മുതിര്‍ന്ന സിപിഎം നേതാവിന് ഓണററി ഡോക്ടറേറ്റ് നല്‍കുന്നതിനെ ചൊല്ലിയാണ്. എന്‍ ശങ്കരയ്യയ്ക്കുള്ള ഓണററി ഡോക്ടറേറ്റ് ശുപാര്‍ശ ഗവര്‍ണര്‍ അംഗീകരിച്ചില്ല. ഇന്നത്തെ മധുരൈ കാമരാജ് യൂണിവേഴ്സി ബിരുദദാന ചടങ്ങ് ഡിഎംകെ സര്‍ക്കാര്‍ ബഹിഷ്കരിച്ചു.
മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവും സ്വാതന്ത്ര്യ സമര സേനാനിയുമാണ് എന്‍ ശങ്കരയ്യ. മധുരൈ കാമരാജ് യൂണിവേഴ്സിറ്റിയാണ് അദ്ദേഹത്തിന് ആദര സൂചകമായി ഡോക്ടറേറ്റ് നല്കാന് തീരുമാനിച്ചത്. സെപ്തംബര്‍ 20ന് ചേര്‍ന്ന സര്‍വ്വകലാശാല സെനറ്റ് ഓണററി ഡോക്ട്രേറ്റ് നല്കാന് പ്രമേയം പാസ്സാക്കി. ഇന്ന് നടക്കുന്ന ബിരുദദാന ചടങ്ങില്‍ ഡോക്ടറേറ്റ് നല്‍കാനായിരുന്നു തീരുമാനം. എന്നാല്‍, ഗവര്‍ണര്‍ ശുപാര്‍ശ അംഗീകരിച്ചില്ല.
ഗവര്‍ണറുടെ നടപടിയെ അപലപിച്ച് ഡിഎംകെയും സിപിഎമ്മും രംഗത്തെത്തി. ഇന്ന് നാഗമല പുതുക്കോട്ടയില്‍ കരിങ്കൊടി പ്രതിഷേധം നടത്തുമെന്ന് മധുര എംപി വെങ്കിടേശന് പറഞ്ഞു. ഗവര്‍ണറുടെ ആര്‍എസ്എസ് വിധേയത്വത്തിന് പുതിയ തെളിവാണിതെന്ന് മന്ത്രി കെ പൊന്മുടി പ്രതികരിച്ചു. 102 വയസ്സുള്ള ശങ്കരയ്യ സ്വാതന്ത്ര്യ സമരത്തില്‍ പങ്കെടുത്തതിന് ജയില്‍ശിക്ഷ അനുഭവിച്ചിട്ടുണ്ടെന്നും ആ നേതാവിനെ ആദരിക്കുന്നതിനെയാണ് ഗവര്‍ണര്‍ എതിര്‍ക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.