NEWS

മദ്യത്തിന്റെ വിലകൂട്ടിയാല്‍ നേട്ടമാര്‍ക്ക്?

കോവിഡ് കാലത്ത് ഏറ്റവും കൂടുതല്‍ വാര്‍ത്തകളില്‍ ഇടം പിടിച്ച താരമാണ് മദ്യം. സമൂഹവ്യാപനം തടയാന്‍ ബാറുകള്‍ അടച്ചുപൂട്ടിയപ്പോഴും വിതരണം ചെയ്യാനാകാതെ പിന്നീട് ബെവ്‌കോ ആപ്പുകള്‍ വഴി മദ്യം എത്തിച്ചു. ഇപ്പോഴിതാ മദ്യത്തിന്റെ വലകൂട്ടാനും തീരുമാനിച്ചിരിക്കുന്നു. ഇതോടെ പെട്ട് പോയത് സാധാരണക്കാരാണ്. മദ്യക്കമ്പനികള്‍ക്ക് വില വര്‍ധിപ്പിച്ച് നല്‍കണമെന്ന ബിവ്‌റേജസ് കോര്‍പ്പറേഷന്റെ ശുപാര്‍ശ സര്‍ക്കാരിനും മദ്യക്കമ്പനികള്‍ക്കും നേട്ടമാകുമെങ്കിലും മദ്യം ഉപയോഗിക്കുന്നവന് അത് നഷ്ടം മാത്രമാണ്.

Signature-ad

ശതമാനം അടിസ്ഥാനപ്പെടുത്തിയാണ് സര്‍ക്കാരിന് നികുതി ലഭിക്കുകയെന്നതിനാല്‍ കൂടുന്ന ഓരോ രൂപയും സര്‍ക്കാരിന് അധിക വരുമാനമാണ്. മദ്യക്കമ്പനികള്‍ നഷ്ടം സഹിക്കുന്നതിനാലാണു വില കൂട്ടാന്‍ ശുപാര്‍ശ നല്‍കിയതെന്ന ബെവ്‌കോയുടെ വാദം ന്യായമാണെങ്കില്‍, വര്‍ധിക്കുന്ന വിലയുടെ നികുതിയെങ്കിലും ഒഴിവാക്കാനാണ് സര്‍ക്കാര്‍ തയാറാകേണ്ടത്.

സര്‍ക്കാരിന് എപ്പോള്‍ സാമ്പത്തിക പ്രതിസന്ധി വരുമ്പോഴും ആദ്യം കൈവയ്ക്കുന്നതു മദ്യവിലയിലാണ്. മദ്യവും ലോട്ടറിയുമാണു കേരള സര്‍ക്കാരിന്റെ ധനമാനേജ്‌മെന്റ്. പ്രളയവും കോവിഡും ഉള്‍പ്പെടെ ഏതു ദുരന്തം വരുമ്പോഴും വരുമാനം കണ്ടെത്തുക മദ്യത്തിലാണ്. ഇതേ ദുരന്തങ്ങള്‍ അനുഭവിക്കുന്നവരുടെ തന്നെ പണമാണ് ഇതു വഴി സര്‍ക്കാര്‍ കൈക്കലാക്കുന്നത് എന്നതാണ് പ്രധാന വസ്തുത.

എക്‌സൈസ് ഡ്യൂട്ടി, സെയില്‍സ് ടാക്‌സ്, ഇംപോര്‍ട്ട് ഫീ എന്നിവയാണു മദ്യത്തിനു മുകളില്‍ സംസ്ഥാന സര്‍ക്കാര്‍ ചുമത്തുന്ന നികുതി. എക്‌സൈസ് ഡ്യൂട്ടി സ്ലാബ് അടിസ്ഥാനപ്പെടുത്തിയാണ്. കമ്പനികള്‍ ബെവ്‌കോയ്ക്കു നല്‍കുന്ന വില അടിസ്ഥാനപ്പെടുത്തി ആറു സ്‌ലാബുകളുണ്ട്. ശരാശരി 158 ശതമാനം എന്നു കണക്കുകൂട്ടാം. സെയില്‍സ് ടാക്‌സ് രണ്ടു തരത്തിലാണ്. വില കുറഞ്ഞ മദ്യത്തിന് 237 ശതമാനം. വില കൂടിയതിന് 247 ശതമാനം.

കെയ്‌സിനു 400 രൂപ (ബെവ്‌കോയ്ക്കു നല്‍കുന്ന വില) വരെ വിലയുള്ളതിനെയാണു വില കുറഞ്ഞ മദ്യമായി കണക്കാക്കുന്നത്. ഇംപോര്‍ട്ട് ഫീ കെയ്‌സിന് ശരാശരി 33 രൂപ. അതായത് 100 രൂപയാണ് ഒരു കുപ്പി മദ്യത്തിന്റെ ഉല്‍പാനച്ചെലവെങ്കില്‍ അത് 1000 രൂപയ്ക്കാണു ബെവ്‌കോ വഴി ഉപഭോക്താവിന്റെ കയ്യിലെത്തുന്നത്. ഇതിന്റെ 80 ശതമാനം നികുതിയാണ്. ബാക്കി മദ്യക്കമ്പനികളുടെ ലാഭവും. ഇടനിലക്കാരായി നിന്ന് സര്‍ക്കാര്‍ ഇത്രയധികം വരുമാനമുണ്ടാക്കുന്ന മറ്റൊരു കച്ചവടവും കേരളത്തിലില്ല. അയല്‍ സംസ്ഥാനങ്ങളായ ആന്ധ്രയിലും കര്‍ണാടകത്തിലും പുതുച്ചേരിയിലുമെല്ലാം നികുതി കേരളത്തിലേതിന്റെ മൂന്നില്‍ രണ്ടു പോലുമില്ലെന്നതാണ് മറ്റൊരു സത്യം.

മദ്യവിരുദ്ധ ബോധവല്‍കരണ പ്രവര്‍ത്തനത്തിന് എന്നു പറഞ്ഞാണ് ഈ സര്‍ക്കാര്‍ വന്നപ്പോള്‍ ആദ്യം മദ്യവിലയില്‍ നികുതിക്കു പുറമേ സെസ് ഏര്‍പ്പെടുത്തിയത്. കോടികള്‍ അധിക വരുമാനമായി ലഭിച്ചെങ്കിലും കാര്യമായ പദ്ധതികളൊന്നും ആ തുകകൊണ്ടു നടപ്പാക്കിയില്ല. ബാറുകള്‍ പൂട്ടിയപ്പോള്‍ ജോലി നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കാനെന്നു പറഞ്ഞായിരുന്നു അടുത്ത വില വര്‍ധന. ആ തുകയും എത്തേണ്ടവരിലേക്ക് പൂര്‍ണമായി എത്തിയില്ല. പ്രളയസമയത്ത് പുനര്‍നിര്‍മാണത്തിന് എന്ന പേരില്‍ രണ്ടു ശതമാനം സെസ് ചുമത്തി.ഈ വിലവര്‍ധനയ്ക്ക് അനുസരിച്ച്, മദ്യം ഉപയോഗിക്കുന്നവരുടെ വരുമാനം വര്‍ധിച്ചില്ലെന്നതാണു വസ്തുത. തൊഴില്‍ നഷ്ടവും വരുമാന നഷ്ടവുമാണുണ്ടായത്.

മദ്യക്കമ്പനികള്‍ വില കൂട്ടിക്കൊടുക്കാന്‍ കാരണമായി നില്‍ക്കുന്നതെന്തെന്നാല്‍ മദ്യത്തിന്റെ അസംസ്‌കൃത വസ്തുവായ എഥനോളിന് 40 രൂപയാണ് വിലയുണ്ടായിരുന്നതെങ്കില്‍ ഇപ്പോള്‍ 65 രൂപ വരെയായി. കേന്ദ്രസര്‍ക്കാരിന്റെ ജൈവ ഇന്ധന നയത്തിന്റെ ഭാഗമായാണ് എഥനോളിന്റെ വില വര്‍ധന. ഒരു കെയ്‌സ് മദ്യം ഉല്‍പ്പാദിപ്പിക്കണമെങ്കില്‍ 4 ലിറ്റര്‍ എഥനോള്‍ വേണം. എഥനോളിന്റെ വിലവര്‍ധന മാത്രം കണക്കിലെടുത്താല്‍ ഒരു ലിറ്റര്‍ മദ്യമുണ്ടാക്കുന്നതിന് 25 രൂപ അധികമായി മുടക്കേണ്ടിവരുന്നുവെന്നാണ് ഇപ്പോള്‍ കമ്പനികളുടെ ന്യായീകരണം.

Back to top button
error: