മണര്‍കാട് അരീപറമ്ബ്ചേലക്കുന്നേല്‍ അജേഷ് സി.ടിയെയാണ് അഡീഷണല്‍ ജില്ലാ കോടതി ഒന്ന് പോക്സോ സാനു എസ് പണിക്കര്‍ ശിക്ഷിച്ചത്. ഇന്ത്യൻ ശിക്ഷാ നിയമം 302 വകുപ്പ് പ്രകാരം കൊലക്കുറ്റത്തിന് ജീവപര്യന്തവും , ഐ പി സി 376 ഉം പോക്സോ നിയമത്തിലെ നാലാം വകുപ്പ് പ്രകാരം 20 വര്‍ഷം കഠിന തടവും , ഐ പി സി 201 വകുപ്പ് പ്രകാരം തെളിവ് നശിപ്പിച്ചതിന് 3 വര്‍ഷവും , ഐ പി സി 342 പ്രകാരം അന്യായമായി തടങ്കലില്‍ വച്ചതിന് ആറ് മാസവും തടവ് അനുഭവിക്കണം.
പിഴയായി രണ്ടര ലക്ഷം രൂപയും അടയ്ക്കണം. 2019 ജനുവരി 17 നായിരുന്നു കേസിനാസ്പദമായ സംഭവം. പെണ്‍കുട്ടിയുടെ പിതാവിൻറെ സുഹൃത്തായ അജേഷ് വീട്ടിലെത്തിയാണ് കുട്ടിയുമായി പരിചയത്തില്‍ ആയത്. തുടര്‍ന്ന് കുട്ടിയുമായി അടുപ്പം സാധിക്കുകയും നിരന്തരം ഫോണിലൂടെ ബന്ധപ്പെടുകയും ആയിരുന്നു. സംഭവദിവസം കുട്ടിയെ ഫോണില്‍ വിളിച്ച പ്രതി കുട്ടിയുടെ ഫോട്ടോ കൈവശമുണ്ടെന്ന് ഭീഷണിപ്പെടുത്തി തന്റെ താമസസ്ഥലത്തേക്ക് ക്ഷണിക്കുകയായിരുന്നു. തുടര്‍ന്ന് ഓട്ടോറിക്ഷയില്‍ സ്ഥലത്ത് എത്തിയ പെണ്‍കുട്ടിയെ പ്രതി ബലാത്സംഗം ചെയ്യുകയും ചെറുത്തുനില്‍ക്കാൻ ശ്രമിച്ച കുട്ടിയെ കഴുത്തില്‍ ഷോളും കയറും മുറുക്കി കൊലപ്പെടുത്തുകയായിരുന്നു.
തുടര്‍ന്ന് മൃതദേഹം പ്രതി താമസിക്കുന്ന ഹോളോബ്രിക്സ് കളത്തിലെ മുറിക്കുള്ളില്‍ സൂക്ഷിച്ചു. തുടര്‍ന്ന് മുറിക്കുള്ളില്‍ നിന്നും രാത്രി വൈകി മൃതദേഹം പുറത്തെടുത്ത് സമീപത്തെ കുഴിയിൽ മണ്ണിട്ട് മൂടുകയായിരുന്നു.
പെണ്‍കുട്ടിയെ കാണാനില്ലെന്ന് ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ അയര്‍ക്കുന്നം എസ് ഐ ആയിരുന്ന അനൂപ് ജോസ് നടത്തിയ അന്വേഷണത്തിന് ഒടുവില്‍ ആണ് മൃതദേഹം കണ്ടെത്തിയത്. തന്നെ കാണാനില്ലെങ്കില്‍ പ്രതിയുടെ നമ്ബരില്‍ ബന്ധപ്പെടണമെന്നും വൈകിട്ട് അഞ്ചുമണിക്ക് ശേഷവും കണ്ടില്ലെങ്കില്‍ പ്രതിയെ ബന്ധപ്പെട്ടാല്‍ മതിയെന്നും പെണ്‍കുട്ടി ബന്ധുവായ യുവതിയോട് പറഞ്ഞിരുന്നു. ഇതാണ് കേസില്‍ ഏറെ നിര്‍ണായകമായത്.