KeralaNEWS

കേരളവര്‍മയില്‍ വിജയം ആഘോഷിച്ച് കെഎസ്യു; റീ കൗണ്ടിങ്, വൈദ്യുതിമുടക്കം, ‘നാടകാന്ത്യം’ എസ്എഫ്‌ഐ

തൃശൂര്‍: വിവാദങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ഒടുവില്‍ തൃശൂര്‍ കേരളവര്‍മ കോളജിലെ ചെയര്‍മാന്‍ തിരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐക്ക് ജയം. എസ്എഫ്‌ഐ സ്ഥാനാര്‍ഥി കെ.എസ്. അനിരുദ്ധന്‍ 11 വോട്ടിനു വിജയിച്ചതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. സ്വന്തം സ്ഥാനാര്‍ഥി ഒരു വോട്ടിനു വിജയിച്ചെന്ന് അവകാശപ്പെട്ട് കെഎസ്യു ആഘോഷം നടത്തുകയും വി.ടി. ബല്‍റാം ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഫെയ്‌സ്ബുക്കില്‍ കുറിപ്പുകള്‍ പങ്കുവയ്ക്കുകയും ചെയ്തതിനു പിന്നാലെയാണ്, റീ കൗണ്ടിങ്ങില്‍ എസ്എഫ്‌ഐ സ്ഥാനാര്‍ഥി വിജയിച്ചെന്ന പ്രഖ്യാപനം. കെഎസ്യു റീ കൗണ്ടിങ് ബഹിഷ്‌കരിച്ചിരുന്നു.

യൂണിയന്‍ തിരഞ്ഞെടുപ്പില്‍ നാലു പതിറ്റാണ്ടു നീണ്ട ചരിത്രം തിരുത്തി കേരളവര്‍മയില്‍ വിജയം നേടിയെന്ന കെഎസ്യു അവകാശവാദത്തിനിടെ, കോളജില്‍ പകലും രാത്രിയുമായി അടിമുടി നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. കെഎസ്യുവിന്റെ ചെയര്‍മാന്‍ സ്ഥാനാര്‍ഥിയായ മൂന്നാം വര്‍ഷ പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ഥി എസ്.ശ്രീക്കുട്ടന്‍ ഒരു വോട്ടിനു ജയിച്ചെങ്കിലും വീണ്ടും വോട്ടെണ്ണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്‌ഐ രംഗത്തെത്തിയതോടെയാണ് നാടകീയ രംഗങ്ങള്‍ അരങ്ങേറിയത്. 41 വര്‍ഷത്തിനുശേഷം ഇവിടെ ഒരു ജനറല്‍ സീറ്റില്‍ വിജയിച്ചെന്നായിരുന്നു കെഎസ്യുവിന്റെ പ്രഖ്യാപനം.

ശ്രീക്കുട്ടന്‍ 896 വോട്ടും എസ്എഫ്‌ഐയിലെ അനിരുദ്ധന്‍ 895 വോട്ടും നേടിയെന്നായിരുന്നു ആദ്യ അറിയിപ്പ്. എസ്എഫ്‌ഐയുടെ ആവശ്യപ്രകാരം റീ കൗണ്ടിങ് തുടങ്ങിയെങ്കിലും രണ്ടു തവണ കോളജില്‍ വൈദ്യുതി തടസ്സപ്പെട്ടു. ഇതോടെ വൈദ്യുതി ഇല്ലാത്ത സമയത്ത് റീ കൗണ്ടിങ് നിര്‍ത്തിവയ്ക്കണമെന്ന ആവശ്യവുമായി ശ്രീക്കുട്ടന്‍ അധികൃതര്‍ക്കു മുന്നിലെത്തി. ഇതിനിടെ, റീ കൗണ്ടിങ്ങില്‍ കൃത്രിമം കാട്ടാന്‍ എസ്എഫ്‌ഐ ശ്രമിക്കുന്നതായി കെഎസ്യു പ്രവര്‍ത്തകര്‍ ആരോപിച്ചതും ഇതു ചോദ്യം ചെയ്തതും നേരിയ സംഘര്‍ഷത്തിലെത്തി.

സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് അസി.സിറ്റി പൊലീസ് കമ്മിഷണറുടെ നേൃത്വത്തില്‍ വന്‍ പൊലീസ് സംഘവും സ്ഥലത്തെത്തിയിരുന്നു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കൗണ്ടിങ് നിര്‍ത്തിവയ്ക്കണമെന്ന് കോളജ് പ്രിന്‍സിപ്പലും പൊലീസും ആവശ്യപ്പെട്ടെങ്കിലും റിട്ടേണിങ് ഓഫിസര്‍ തയാറായില്ല. ഇതിനിടെ കൗണ്ടിങ് ടേബിളിലെ അധ്യാപകരെ എസ്എഫ്‌ഐ ഭീഷണിപ്പെടുത്തിയതായും പരാതിയുണ്ട്. ഡിസിസി പ്രസിഡന്റ് ജോസ് വള്ളൂര്‍, സനീഷ്‌കുമാര്‍ ജോസഫ് എംഎല്‍എ എന്നിവര്‍ സ്ഥലത്തെത്തിയിരുന്നു. ഒടുവില്‍ റീ കൗണ്ടിങ്ങിലൂടെ എസ്എഫ്‌ഐ സ്ഥാനാര്‍ഥി 11 വോട്ടുകള്‍ക്കു വിജയിച്ചതായി രാത്രി വൈകി പ്രഖ്യാപിക്കുകയായിരുന്നു.

 

Back to top button
error: