മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ ആത്മകഥയായ ‘കാലം സാക്ഷി’യുടെ ഏഴാം പതിപ്പ് 42-ാ മത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ പ്രകാശനം ചെയ്തു. ഉമ്മന്‍ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മന്‍ ആസാ ഗ്രൂപ്പ് ചെയര്മാന് സി.പി സാലിഹിന് നല്‍കിയായിരുന്നു പ്രകാശനം നിര്‍വ്വഹിച്ചത്. കാലം സാക്ഷി’ ആദ്യ പതിപ്പ് പ്രകാശനം ചെയ്തത് നടൻ മമ്മൂട്ടിയാണ്.
ഉമ്മന്‍ ചാണ്ടി എന്ന രാഷ്ട്രീയ നേതാവിനെ കേരളം കൂടുതല്‍ തിരിച്ചറിഞ്ഞതെന്ന് മരിച്ചതിനുശേഷമാണെന്ന് ഉമ്മന്‍ ചാണ്ടിയുടെ ആത്മകഥ കാലം സാക്ഷി പ്രകാശനം ചെയ്തു കൊണ്ട് മകള്‍ അച്ചു ഉമ്മന്‍ പറഞ്ഞു.
‘ചൊവ്വാഴ്ച ഉമ്മന്‍ ചാണ്ടിയുടെ 80-ാം ജന്മദിനമായിരുന്നു. ഈ ജന്മദിനത്തില് അദ്ദേഹത്തെ കുറിച്ച് ഒട്ടേറെ ഓര്‍മകളാണ് പങ്കുവെയ്ക്കാനുള്ളത്. അദ്ദേഹം ആരായിരുന്നു, എന്തായിരുന്നു എന്ന് ജനങ്ങള്‍ കൂടുതല്‍ മനസ്സിലാക്കിയ ദിവസങ്ങളാണ് കടന്നുപോയത്. അപ്പയുടെ ജീവിതം ജനങ്ങള്‍ക്കിടയിലായിരുന്നു, അദ്ദേഹം ഒരുപാട് പുസ്തകങ്ങളൊന്നും വായിക്കുന്ന ആളായിരുന്നില്ല. അറിവ് നേടിയത് ജനങ്ങളുമായുള്ള സമ്പര്‍ക്കത്തിലൂടെയായിരുന്നു. ജീവിതാനുഭവങ്ങളിലൂടെ ലഭിച്ച അറിവ് മറ്റുള്ളവരിലേക്ക് പകര്‍ത്താനും ഉമ്മന്‍ ചാണ്ടി ശ്രമിച്ചിരുന്നു.
ഉമ്മന്‍ ചാണ്ടിയുടെ ജീവിതത്തിലെ വലിയ പ്രതിസന്ധികള്‍ ആത്മകഥയില്‍ വിവരിച്ചിട്ടുണ്ട്. അത്തരം പ്രതിസന്ധികള്‍ ഇല്ലാതാക്കാന്‍ എളുപ്പവഴികള്‍ സ്വീകരിക്കാമായിരുന്നിട്ടും അത്തരം വഴികളൊന്നും ഉമ്മന്‍ ചാണ്ടി സ്വീകരിച്ചില്ലെന്നതാണ് ആ ജീവിതത്തെ വേറിട്ടുനിര്‍ത്തുന്നത്. ആദര്‍ശം വിട്ടുകൊണ്ട് ഉമ്മന്‍ ചാണ്ടി എന്ന നേതാവ് മുന്നോട്ടു പോയിരുന്നില്ല. അതായിരിക്കാം അദ്ദേഹത്തിന് ഒട്ടേറെ തിക്താനുഭവങ്ങള്‍ നേരിടേണ്ടിവന്നത്. വേട്ടയാടലുകള്‍ക്കും ചതികള്‍ക്കും ഉമ്മന്‍ ചാണ്ടി വിധേയനാകേണ്ടി വന്നിട്ടുണ്ട്. വൈകിയാണെങ്കിലും സത്യം തിരിച്ചറിയപ്പെടുമെന്ന വിശ്വാസം അവസാനംവരെ അദ്ദേഹം വെച്ചുപുലര്‍ത്തിയിരുന്നു. താന്‍ നിരപരാധിയാണെന്ന റിപ്പോര്‍ട്ട് കയ്യില്‍കിട്ടിയ ശേഷമാണ് ഉമ്മന്‍ ചാണ്ടി എന്ന ജനനേതാവ് ഈ ലോകം വിട്ടുപോയതെന്നും മകള്‍ അച്ചു ഉമ്മന്‍ പറഞ്ഞു. ഇനിയും ഉമ്മന്‍ ചാണ്ടിയ്ക്ക് നീതി ലഭിക്കേണ്ടതുണ്ട്, വൈകിയാണെങ്കിലും ആ നീതി ലഭിക്കുമെന്നും അച്ചു ഉമ്മന്‍ ഉറപ്പിച്ചുപറഞ്ഞു.
പ്രവാസമണ്ണില്‍ വായനയുടെ ലോകോത്തരമേള. വിജ്ഞാനവും വിനോദവുമായി 42-ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തിന് ബുധനാഴ്ച തുടങ്ങി. ഷാര്‍ജ എക്സ്പോ സെന്ററില്‍ നടക്കുന്ന മേളയുടെ ഈ വര്‍ഷത്തെ പ്രമേയം ‘ഞങ്ങള്‍ പുസ്തകങ്ങളെക്കുറിച്ച് പറയുന്നു’ എന്നതാണ്. ദക്ഷിണകൊറിയയാണ് വായനോത്സവത്തിലെ അതിഥിരാജ്യം. ഷാര്‍ജ ബുക്ക് അതോറിറ്റി (എസ്.ബി.എ.) സംഘടിപ്പിക്കുന്ന മേള യു.എ.ഇ. സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ രക്ഷാകര്‍തൃത്വത്തിലാണ് നടക്കുക.
108 രാജ്യങ്ങളില്‍നിന്ന് 2033 പ്രസാധകര് പങ്കെടുക്കുന്ന പുസ്തകോത്സവത്തില്‍ മലയാളത്തിലെ പ്രധാന പ്രസാധകരൊക്കെ പങ്കെടുക്കുന്നുണ്ട്.