NEWS

വാഹനങ്ങളുടെ നികുതി കുടിശ്ശിക; ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതിയുടെ കാലാവധി നീട്ടി

മോട്ടോർ വാഹന വകുപ്പിൽ നികുതി കുടിശ്ശിക വരുത്തിയ വാഹനങ്ങൾക്ക് കുറഞ്ഞ നിരക്കിൽ നികുതി അടയ്ക്കുവാനായി സർക്കാർ ഏർപ്പെടുത്തിയ ഒറ്റത്തവണ തീർപ്പാക്കൽ പദ്ധതി 31.03.2021- വരെ സർക്കാർ ദീർഘിപ്പിച്ചിരിക്കുകയാണ്.

1. 31.03.2016 – വരെയോ അതിന് പിറകിലോട്ട് ഉള്ള കാലയളവിലേക്ക് വരെയോ മാത്രം നികുതി അടച്ചവർക്ക് ഈ അവസരം ഉപയോഗിക്കാം.

Signature-ad

2. അതായത് 31.3.2020 – ൽ ഏറ്റവും കുറഞ്ഞത് നാല് വർഷം വരെയെങ്കിലും നികുതി കുടിശ്ശിക ഉള്ളവർക്ക് മാത്രമേ ഈ അവസരം പ്രയോജനപ്പെടുത്തുവാൻ സാധിക്കുകയുള്ളൂ..

3. എന്നാൽ 31.3.2016-ന് ശേഷം റവന്യൂറിക്കവറി വഴി മാത്രം നികുതി അടച്ചവർക്കും 31.3.2016 – ന് ശേഷം നികുതി ഒന്നും അടയ്ക്കാതെ G Form വഴി നികുതി Exemption നേടിയവർക്കും ഈ അവസരം പ്രയോജനപ്പെടുത്താം.

4. 4 വർഷത്തേയോ അതിന് മുകളിൽ എത്രവർഷത്തേയോ കുടിശ്ശികയുണ്ടെങ്കിലും അവസാന നാല് വർഷത്തെ മാത്രം നികുതി കുടിശ്ശികയുടെ 30% അടച്ച് ട്രാൻസ്പോർട്ട് വാഹനങ്ങളുടേയും 40% അടച്ച് മോട്ടോർ സൈക്കിൾ , മോട്ടോർ കാർ തുടങ്ങിയ നോൺ ട്രാൻസ്പോർട്ട് വാഹനങ്ങളുടേയും 31.3.2020 വരെയുള്ള കുടിശ്ശിക തീർപ്പാക്കാം

5. വാഹനം നശിച്ചു പോയവർക്കോ വാഹനം മറ്റാർക്കെങ്കിലും കൈമാറ്റം ചെയ്യപ്പെട്ട ശേഷം പേര് മാറാതെ നിങ്ങളുടെ പേരിൽ തന്നെ കിടക്കുകയും വാഹനത്തെ കുറിച്ച് യാതൊരു അറിവ് ഇല്ലാത്തവർക്കും വാഹനം മോഷണം പോയവർക്കും ഇതുവരെയുള്ള നികുതി കുടിശ്ശിക വളരെ കുറഞ്ഞ നിരക്കിൽ അടയ്ക്കാമെന്നതും ഭാവിയിലുള്ള നികുതി ബാധ്യതയിൽ നിന്ന് ഒഴിവാകാവുന്നതും ഈ പ്രദ്ധതിയുടെ മാത്രം പ്രത്യേകതയാണ്.

ശ്രദ്ധിക്കുക

1). മോട്ടോർ വാഹന വകുപ്പിന്റെ Website പരിശോധിച്ച് നിങ്ങളുടെ പേരിലുണ്ടായിരുന്ന പഴയ ഒരു വാഹനം ഇപ്പോഴും നിങ്ങളുടെ പേരിൽ തന്നെയാണെന്നും അതിന് 4 വർഷത്തിൽ കൂടുതൽ നികുതി കുടിശ്ശിക ഉണ്ടെന്നും ബോധ്യപ്പെട്ടാൽ ഉടൻ തന്നെ വാഹനത്തിന്റെ ഒരു രേഖയും കൈവശമില്ലായെങ്കിൽ പോലും ഒരു വെള്ള പേപ്പറിൽ അപേക്ഷ എഴുതി ബന്ധപ്പെട്ട ആർ ടി ഓ / ജോയിന്റ് ആർ ടി ഓ-യെ സമീപിച്ചാൽ നികുതി കുടിശ്ശിക ഈ പദ്ധതി വഴി തീർപ്പാക്കാൻ സാധിക്കും.

2). നികുതി കുടിശ്ശിക അടയ്ക്കുവാനും ഭാവിയിൽ വരാവുന്ന നികുതി ബാധ്യത ഒഴിവാകാനും മാത്രമെ ഈ അവസരം വഴി സാധിക്കുകയുള്ളൂ… എന്നാൽ വാഹനത്തിന്റെ രജിസ്ട്രേഷൻ ക്യാൻസൽ ആകില്ല. വാഹനത്തിന്റെ ഫൈനാൻസ്, വാഹനത്തിന്റെ ചെക്ക് റിപ്പോർട്ട്, വാഹനം സംബന്ധിച്ച മറ്റ് ബാധ്യതകൾ എന്നിവയിൽ നിന്നും നിങ്ങൾക്ക് ഒഴിഞ്ഞ് മാറാനാകില്ല. ഇത്തരം ബാധ്യതകളിൽ നിന്നും ഒഴിഞ്ഞു മാറുന്നതിനായി ഫൈനാൻസുള്ള വാഹനത്തിന്റെ ഫൈനാൻസും തീർപ്പാക്കി വാഹനത്തിന്റെ മറ്റ് ബാധ്യതകളും തീർപ്പാക്കി രജിസ്ടേഷൻ സർട്ടിഫിക്കേറ്റ് ക്യാൻസൽ ചെയ്യുന്നതിന് നിർദ്ദിഷ്ട ഫീസ് അടച്ച് ആർ ടി ഓ / ജോ. ആർ ടി ഒ-യെ സമീപിക്കാവുന്നതാണ്.

Back to top button
error: