കൊച്ചി: കളമശ്ശേരി ബോംബ് സ്ഫോടനക്കേസില്‍ അന്വേഷണം ദുബായിലേക്ക് വ്യാപിപ്പിക്കും. എന്‍ഐഎയാണ് ഇക്കാര്യങ്ങള്‍ പരിശോധിക്കുന്നത്. ഡൊമിനിക് മാര്‍ട്ടിന്‍ ജോലി ചെയ്ത സ്ഥലത്തടക്കം വിശദമായ അന്വേഷണം നടത്തും. ദുബായില്‍ 18 വര്‍ഷത്തോളം നിര്‍മ്മാണ മേഖലയില്‍ പ്രവര്‍ത്തിച്ചതായി വിവരം ലഭിച്ചിട്ടുണ്ട്. ഡൊമിനിക്കിന്റെ ഫോണ്‍ വിളികളും സമൂഹമാധ്യമ അക്കൗണ്ടുകളും അന്വേഷണ ഏജന്‍സികള്‍ പരിശോധിച്ചു വരികയാണ്.
വിദേശത്തുനിന്ന് ബോംബു നിര്‍മാണത്തെക്കുറിച്ച് ഡൊമിനിക് മാര്‍ട്ടിന്‍ പഠിച്ചിരുന്നതായി പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്. ബോംബ് നിര്‍മാണം പഠിക്കാന്‍ ഒട്ടേറെത്തവണ ഇന്റര്‍നെറ്റില്‍ തിരഞ്ഞിട്ടുണ്ട്. ആരെങ്കിലും ബോംബുണ്ടാക്കാന്‍ പഠിപ്പിക്കുകയോ സഹായിക്കുകയോ ചെയ്തിട്ടുണ്ടോയെന്നാണ് എന്‍ഐഎ, എന്‍എസ്ജി, ഇന്റലിജന്‍സ് ബ്യൂറോ, കേരള പൊലീസ് തുടങ്ങിയവര്‍ അന്വേഷിക്കുന്നത്.
മൊബൈല്‍ ഫോണും ഇന്റര്‍നെറ്റും വിദഗ്ധമായി ഉപയോഗിക്കുന്ന മാര്‍ട്ടിന്റെ കഴിഞ്ഞ ഒരുമാസത്തെ ഡിജിറ്റല്‍ ഫിംഗര്‍ പ്രിന്റ് എന്‍ഐഎയുടെ സൈബര്‍ ഫൊറന്‍സിക് വിഭാഗവും പരിശോധിക്കുന്നുണ്ട്. കേസിന്റെ അന്വേഷണം എന്‍ ഐ എ ഏറ്റെടുക്കുമെന്നാണ് സൂചന. ഇത് സംബന്ധിച്ച തീരുമാനം ഉടന്‍ ആഭ്യന്തര വകുപ്പില്‍ നിന്ന് ഉണ്ടായേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
കസ്റ്റഡിയിലായിരുന്ന ചിലവന്നൂര്‍ വേലിക്കകത്ത് വീട്ടില്‍ മാര്‍ട്ടിന്‍ ഡൊമിനി(57)ക്കിന്റെ അറസ്റ്റ് പൊലീസ് ഇന്നലെ രാത്രി രേഖപ്പെടുത്തിയിരുന്നു. കൊലപാതകം, വധശ്രമം, ഗൂഢാലോചന എന്നിവയ്ക്കുപുറമേ യുഎപിഎ. വകുപ്പും ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. അഞ്ചരവര്‍ഷമായി ഇയാള്‍ താമസിച്ച തമ്മനം കുത്താപ്പാടി കാദര്‍പിള്ള റോഡിലെ വാടകവീട്ടില്‍ നടത്തിയ പരിശോധനയില്‍, ഡൊമിനിക്കിന്റെ ആധാര്‍ കാര്‍ഡ്, ബാങ്ക് പാസ്ബുക്ക്, പാസ്പോര്‍ട്ട് എന്നിവ കണ്ടെടുത്തിട്ടുണ്ട്.