തിരുവനന്തപുരം: തിരുവനന്തപുരത്ത് വീണ്ടും ഡെങ്കിപ്പനി മരണം. പുളിമാത്ത് സ്വദേശിയായ 27കാരിയാണ് ഡെങ്കിപ്പനി ബാധിച്ചതിനെ തുടർന്ന് ഇന്നലെ മരണപ്പെട്ടത്. ഇക്കഴിഞ്ഞ പത്ത് ദിവസത്തിനിടെ തിരുവനന്തപുരത്ത് റിപ്പോർട്ട് ചെയ്ത മൂന്നാമത്തെ ഡെങ്കിപ്പനി മരണമാണ് ഇത്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്ത് വള്ളക്കടവ് സ്വദേശിയായ ആറ് വയസുകാരിയുടെ മരണവും ഡെങ്കിപ്പനി മൂലമാണെന്ന് റിപ്പോർട്ട് ചെയ്തിരുന്നു.
ഡെങ്കിപ്പനി ലക്ഷണങ്ങളും കാരണവും
കൊതുകു ജന്യരോഗങ്ങളുടെ കൂട്ടത്തിലാണ് ഡെങ്കിപ്പനി. ഇതിനാൽ തന്നെ കൊതുക് പെരുകാതിരിക്കാനുള്ള അതീവ ശ്രദ്ധവേണമെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്. ആരോഗ്യത്തെ നല്ലതുപോലെ ബാധിക്കുന്നൊരു വൈറൽ അണുബാധയാണ്. അസഹനീയമാംവിധത്തിലുള്ള ക്ഷീണമാണ് ഡെങ്കിപ്പനിയുടെ പ്രധാന പ്രശ്നം. പനിയോടൊപ്പം തലവേദന, കണ്ണിനുപുറകിൽ വേദന, പേശിവേദന, സന്ധിവേദന എന്നിവയാണ് ഡെങ്കിപ്പനിയുടെ പ്രധാന ലക്ഷണങ്ങൾ. ശരീരത്തിൽ ചുവന്നുതടിച്ച പാടുകളും ഉണ്ടാകാം. സ്വയംചികിത്സ അപകടമാണ്. രോഗലക്ഷണങ്ങളുളളവർ തൊട്ടടുത്ത ആരോഗ്യകേന്ദ്രവുമായി ബന്ധപ്പെടണമെന്ന് ആരോഗ്യവകുപ്പ് പ്രത്യേകം നിർദ്ദേശിച്ചിട്ടുണ്ട്.
കൊതുകിനെ തുരത്താം
ഫ്രിഡ്ജുകളുടെ ട്രേ, സൺഷേയ്ഡ്, ഉപയോഗിക്കാത്ത ടാങ്കുകൾ, പ്ലാസ്റ്റിക്ക് ഷീറ്റുകൾ, തുടങ്ങിയവയിൽ കെട്ടി നിൽക്കുന്ന വെള്ളം ആഴ്ച്ചയിലൊരിക്കൽ നിർബന്ധമായും മാറ്റണം. മണിപ്ലാന്റ് മുതലായ അലങ്കാര ചെടികൾ വച്ചിരിക്കുന്ന പാത്രങ്ങളിലെ വെള്ളവും മാറ്റണം. ബോട്ടുകളിലും ബോട്ടുകളിൽ സ്ഥാപിച്ചിട്ടുള്ള ടയറുകൾ, ടാങ്കുകൾ എന്നിവയിലും വെള്ളം കെട്ടിക്കിടന്ന് കൊതുക് വളരും. ബോട്ടുകളിൽ മൂടിയില്ലാത്ത ജലസംഭരണികൾ, വശങ്ങളിൽ കെട്ടിയിരിക്കുന്ന ടയറുകൾ, വീടിന്റെയും സ്ഥാപനങ്ങളുടെയും പരിസരത്ത് വലിച്ചെറിയുന്ന പ്ലാസ്റ്റിക് പാത്രങ്ങൾ, കുപ്പികൾ, ചിരട്ടകൾ എന്നിവയിൽ മഴയ്ക്കു ശേഷം വെള്ളം കെട്ടിക്കിടക്കുന്നുണ്ടോ എന്ന് പരിശോധിക്കണം.
ഡെങ്കിപ്പനി ഭേദപ്പെട്ടാലും ആരോഗ്യത്തെ ബാധിച്ചത് അത്ര പെട്ടെന്നൊന്നും അതിജീവിക്കാൻ പലർക്കും സാധിക്കാറില്ല. നമ്മുടെ ഭക്ഷണരീതിയിൽ ചിലത് ശ്രദ്ധിക്കാനായാൽ പക്ഷേ ഒരു പരിധി വരെ പെട്ടെന്ന് തന്നെ ഡെങ്കിപ്പനിയുടെ ക്ഷീണത്തെ മറികടക്കാൻ നമുക്ക് സാധിച്ചേക്കാം. അതുകൊണ്ടുതന്നെ ഡെങ്കിപ്പനി ബാധിച്ചവർ പ്രോട്ടീൻ അടങ്ങിയ ഭക്ഷണങ്ങളും കരിക്ക്, ചെറുനാരങ്ങാ ജ്യൂസ്, ഓട്ട്സ് തുടങ്ങിയവ നല്ലതുപോലെ കഴിക്കുന്നത് ഗുണമാണ്.