KeralaNEWS

മാധ്യമപ്രവര്‍ത്തകയ്ക്ക് നേരെയുണ്ടായ സുരേഷ് ഗോപിയുടെ മോശം പ്രവര്‍ത്തി സാംസ്കാരിക കേരളത്തിന് അപമാനമാണെന്ന് മന്ത്രി വിഎന്‍ വാസവന്‍

തൊടുപുഴ: മാധ്യമപ്രവര്‍ത്തകയോടുള്ള സുരേഷ് ഗോപിയുടെ മോശം പെരുമാറ്റത്തില്‍ രൂക്ഷ വിമര്‍ശനവുമായി മന്ത്രി വിഎന്‍ വാസവന്‍ രംഗത്ത്. മാധ്യമപ്രവര്‍ത്തകയ്ക്ക് നേരെയുണ്ടായ സുരേഷ് ഗോപിയുടെ മോശം പ്രവര്‍ത്തി സാംസ്കാരിക കേരളത്തിന് അപമാനമാണെന്ന് മന്ത്രി വിഎന്‍ വാസവന്‍ പറഞ്ഞു. പൊതുപ്രവര്‍ത്തകന് യോജിക്കാത്ത നടപടിയാണ് സുരേഷ് ഗോപിയില്‍നിന്നും ഉണ്ടായിരിക്കന്നത്. സംഭവത്തില്‍ മാധ്യമപ്രവര്‍ത്തകയുടെ പരാതിയില്‍ നിയമപരമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി വിഎന്‍ വാസവന്‍ പറഞ്ഞു.

സംഭവത്തില്‍ സുരേഷ് ഗോപിക്കെതിരെ ഡിവൈഎഫ്ഐ ഉള്‍പ്പെടെ നേരത്തെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പൊലീസില്‍നിന്ന് റിപ്പോര്‍ട്ട് തേടിയതായി സംസ്ഥാന വനിത കമ്മീഷനും അറിയിച്ചിരുന്നു. മാധ്യമപ്രവര്‍ത്തകയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഇന്നലെ വൈകിട്ടോടെയാണ് സുരേഷ് ഗോപിക്കെതിരെ നടക്കാവ് പൊലീസ് കേസെടുത്തത്. ഐപിസി 354 എ വകുപ്പാണ് സുരേഷ് ഗോപിക്കെതിരെ ചുമത്തിയിരിക്കുന്നത്. സ്റ്റേഷൻ ജാമ്യം ലഭിക്കാത്ത വകുപ്പാണ് ചുമത്തിയിരിക്കുന്നത്. രണ്ട് വർഷം വരെ തടവോ, പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ ശിക്ഷ ലഭിക്കാവുന്ന വകുപ്പാണ് ചുമത്തിയിരിക്കുന്നത്.

Signature-ad

കഴിഞ്ഞ ദിവസം രാവിലെ കോഴിക്കോട്ടെ സ്വകാര്യ ഹോട്ടലില്‍ മാധ്യമപ്രവർത്തകരോട് സുരേഷ് ഗോപി സംസാരിക്കുന്നതിന്റെ ഇടയിലാണ് വിവാദ സംഭവം നടന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് തുടര്‍ ചോദ്യങ്ങള്‍ ചോദിച്ച മാധ്യമപ്രവർത്തകയുടെ ചുമലിൽ അനുവാദമില്ലാതെ സുരേഷ് ഗോപി പിടിക്കുകയായിരുന്നു. മാധ്യമപ്രവർത്തക ആദ്യം ഒഴിഞ്ഞുമാറിയെങ്കിലും സുരേഷ് ഗോപി വീണ്ടും കൈ ചുമലിൽ വയ്ക്കാൻ ശ്രമിച്ചു. ഈ സമയത്ത് മാധ്യമപ്രവര്‍ത്തക കൈ തട്ടി മാറ്റുകയായിരുന്നു. സംഭവം വിവാദമായതിനെത്തുടര്‍ന്ന് മാപ്പ് പറഞ്ഞ് സുരേഷ് ഗോപി രംഗത്തെത്തിയിരുന്നു. താന്‍ ദുരുദ്ദേശത്തോടെയല്ല മാധ്യമപ്രവര്‍ത്തകയുടെ തോളില്‍ സ്പര്‍ശിച്ചതെന്നും തനിക്ക് അവരോട് പിതൃസ്നേഹം മാത്രമേ ഉള്ളൂവെന്നും സുരേഷ് ഗോപി പ്രതികരിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെ സുരേഷ് ഗോപി മാധ്യമപ്രവര്‍ത്തകയോട് ക്ഷമ ചോദിച്ചിട്ടുമുണ്ട്.

Back to top button
error: