തിരുവനന്തപുരം: സര്‍ക്കാരിന്റെ നവകേരള സദസില്‍ പങ്കെടുക്കാന്‍ കുടുംബശ്രീ അംഗങ്ങള്‍ക്ക് അന്ത്യശാസനം. ലോണും സബ്‌സിഡിയും നല്‍കില്ലെന്നാണ് ഭീഷണി. ആലപ്പുഴ തൃക്കുന്നപ്പുഴ പഞ്ചായത്തംഗങ്ങളാണ് ഭീഷണിപ്പെടുത്തുന്നത്. ഇതുസംബന്ധിച്ച ശബ്ദ സന്ദേശം പുറത്തുവന്നു.
അതേസമയം, നവകേരള സദസ് നടത്തിപ്പ് സംബന്ധിച്ച് തുടര്‍ മാര്‍ഗനിര്‍ദേശങ്ങള്‍ സര്‍ക്കാര്‍ പുറത്തിറക്കി. വിപുലമായ സൗകര്യങ്ങളാണ് മണ്ഡലപര്യടത്തിന് ഒരുക്കേണ്ടത്. പ്രമുഖ വ്യക്തികളുമായുള്ള സംവാദത്തിന് ചുരുങ്ങിയത് 250 പേര്‍ വേണമെന്നും ജനസദസ്സുകളില്‍ ചുരുങ്ങിയത് 5000 പേരെ പങ്കെടുപ്പിക്കണമെന്നും നിര്‍ദേശമുണ്ട്.
കൂപ്പണ്‍ വച്ചോ റസീപ്റ്റ് നല്‍കിയോ പണപ്പിരിവ് പാടില്ല. സ്‌പോണ്‍സര്‍മാരെ ജില്ലാ ഭരണകൂടം കണ്ടെത്തണമെന്നും മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നു. മണ്ഡല പര്യടനത്തില്‍ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും യാത്ര കെ.എസ്.ആര്‍.ടി.സി കെ-സ്വിഫ്റ്റ് ഹൈബ്രിഡ് ബസിലായിരിക്കും. കെ-സ്വിഫ്റ്റിനായി ഈ അടുത്ത് വാങ്ങിയ ഹൈബ്രിഡ് ബസ് ഇതിനായി തയ്യാറാക്കും. നോണ്‍ എ.സി ബസില്‍ ഇതിനായി എ.സി ഘടിപ്പിക്കും. ചെറിയ രൂപമാറ്റവും നടത്തും. മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കും താമസ സ്ഥലത്ത് ഭക്ഷണമെത്തിക്കണം. മുഖ്യമന്ത്രിയും മന്ത്രിമാരും ഇരിക്കുന്ന വേദിയില്‍ എസി വേണം. അകമ്പടിക്ക് പൊലീസ് പൈലറ്റ് വാഹനവും ബാന്റ് സെറ്റും വേണമെന്ന് മാര്‍ഗനിര്‍ദേശത്തിലുണ്ട്.