ക്യാൻസര്‍ രോഗം സമയബന്ധിതമായി കണ്ടെത്താനായാല്‍ ഇന്ന് ഫലപ്രദമായ ചികിത്സ ലഭ്യമാണ്. എന്നാല്‍ പലപ്പോഴും സമയത്തിന് രോഗനിര്‍ണയം നടക്കുന്നില്ല എന്നതാണ് തിരിച്ചടിയാകുന്നത്. പല കാരണം കൊണ്ടും ക്യാൻസര്‍ ബാധയുണ്ടാകാം. ചിലര്‍ ജീവിതരീതികളില്‍ ഏറെ ശ്രദ്ധ പുലര്‍ത്തിയിട്ടും ക്യാൻസര്‍ ബാധിതരാകുമ്പോള്‍ നിരാശരാകാറുണ്ട്. ഇവരെ മറ്റെന്തെങ്കിലും ഘടകമായിരിക്കാം ക്യാൻസര്‍ എന്ന പ്രതിസന്ധിയില്‍ കൊണ്ടിട്ടത്.
ഇങ്ങനെ നമുക്ക് അറിയുന്നതോ അറിയാത്തതോ ആയ കാരണങ്ങള്‍ ക്യാൻസര്‍ രോഗത്തിന് പിന്നില്‍ പ്രവര്‍ത്തിക്കാം. ഇത്തരത്തില്‍ നാം കഴിക്കുന്ന ഭക്ഷണങ്ങളും, അതുപോലെ നമ്മുടെ ഭക്ഷണരീതിയും ക്യാൻസര്‍ രോഗത്തെ സ്വാധീനിക്കാം. അതായത്, ഇവയ്ക്ക് ക്യാൻസര്‍ സാധ്യത കൂട്ടാനുള്ള കഴിവുണ്ടെന്ന് ചുരുക്കം. അല്ലാതെ ഇവ കഴിച്ചാല്‍ ക്യാൻസര്‍ പിടിപെടുമെന്ന് ചിന്തിക്കരുത്. പക്ഷേ സ്ഥിരമായി കഴിക്കുന്നത് വെല്ലുവിളിയാണെന്ന് ചുരുക്കം.
പ്രോസസ്ഡ് മീറ്റ്…
പ്രോസസ്ഡ് മീറ്റ് എന്ന് പറഞ്ഞാല്‍ പലര്‍ക്കും അറിയില്ല. എന്നാല്‍ സോസേജ്, ഹോട്ട് ഡോഗ്സ്, ബേക്കണ്‍ എന്നെല്ലാം പറഞ്ഞാല്‍ മിക്കവര്‍ക്കും പിടികിട്ടും. ഇത്തരത്തില്‍ പ്രോസസ് ചെയ്ത് വരുന്ന ഇറച്ചി വിഭവങ്ങളിലെല്ലാം തന്നെ പ്രിസര്‍വേറ്റീവ്സ്, അഡിറ്റീവ്സ് എന്നിവയെല്ലാം കാര്യമായി അടങ്ങിയിരിക്കും. നൈട്രൈറ്റ്സ്, നൈട്രേയ്റ്റ്സ് എന്നിങ്ങനെയുള്ള ഏജന്റുകളാണെങ്കില് ഇവ പതിവായി അകത്തുചെല്ലുന്നത് മലാശയം, ആമാശയം സംബന്ധമായ ക്യാൻസറുകള്‍ക്ക് സാധ്യത കൂട്ടുന്നു.
റെഡ് മീറ്റ്…
റെഡ് മീറ്റ് നമുക്കറിയാം ബീഫ്, പോര്‍ക്ക്, മട്ടൺ തുടങ്ങിയ ഇറച്ചികളാണ്. ഇതെല്ലാം പതിവായി അമിതമായ അളവില്‍ കഴിക്കുകയാണെങ്കില്‍ അത് മലാശയ ക്യാൻസറിന് സാധ്യത കൂട്ടുന്നു.
ഫ്രൈഡ് ഫുഡ്സ്…
ഫ്രൈഡ് ഫുഡ്സ് വിഭാഗത്തില്‍ പെടുന്ന ഭക്ഷണങ്ങളും പതിവായി കഴിക്കുന്നത് ക്യാൻസര്‍ സാധ്യത വര്‍ധിപ്പിക്കുന്നതാണ്. ഫ്രഞ്ച് ഫ്രൈസ്, പൊട്ടാറ്റോ ചിപ്സ്, ഫ്രൈഡ് ചിക്കൻ എല്ലാം ഫ്രൈഡ് ഫുഡ്സ് വിഭാഗത്തിലാണ് പെടുക. ഇന്ന് മിക്കവരും ഇതെല്ലാം യഥേഷ്ടം കഴിക്കുന്നവരാണ്.
ശീതളപാനീയങ്ങള്‍…
അമിതമായ അളവില്‍ മധുരമടങ്ങിയ ശീതളപാനീയങ്ങള്‍ പതിവായി കഴിക്കുന്നതും ക്യാൻസര്‍ സാധ്യത വര്‍ധിപ്പിക്കുന്നു. കാര്‍ബണേറ്റഡ് ഡ്രിംഗ്സ്, എനര്‍ജി ഡ്രിംഗ്സ്, ജ്യൂസുകള്‍ എല്ലാം ഇതിലുള്‍പ്പെടും.
പ്രോസസ്ഡ് ഫുഡ്സ്…
റിഫൈൻഡ് ഫുഡ്സ് അല്ലെങ്കില്‍ പ്രോസസ്ഡ് ഫുഡ്സ് വിഭാഗത്തില്‍ പെടുന്ന ഭക്ഷണങ്ങളും പതിവായി കഴിക്കുന്നത് നല്ലതല്ല. ഇവയും ക്യാൻസര്‍ സാധ്യത വര്‍ധിപ്പിക്കുന്നു. വൈറ്റ് ബ്രഡ്, പാക്കേജ്ഡ് സ്നാക്സ്, ഷുഗറി സെറില്‍സ് എന്നിവയൊക്കെ ഇതിനുദാഹരണമാണ്.
മദ്യപാനം…
പതിവായ മദ്യപാനവും ക്യാൻസര്‍ സാധ്യത വര്‍ധിപ്പിക്കുന്നതാണ്. പല ക്യാൻസറുകള്‍ക്കും മദ്യപാനം അധികസാധ്യത തീര്‍ക്കുന്നു. വായ, തൊണ്ട, അന്നനാളം, കരള്‍ തുടങ്ങിയ ക്യാൻസറുകള്‍ക്കാണ് സാധ്യത കൂടുതലും.
ഗ്രില്‍ഡ് ഫുഡ്സ്…
ചാര്‍ഡ് അല്ലെങ്കില്‍ ഗ്രില്‍ഡ്- അഥവാ കരിയുടെ സഹായത്തോടെ വേവിക്കുന്ന ഭക്ഷണങ്ങള്‍ പതിവാക്കുന്നതും ക്യാൻസര്‍ സാധ്യത വര്‍ധിപ്പിക്കുന്നു.
ഉപ്പ്…
അധികമായി ഉപ്പ് ചേര്‍ത്തുവച്ച ഭക്ഷണങ്ങള്‍- അത് അച്ചാര്‍, ഉപ്പിലിട്ടത്, ഉണക്കമീൻ പോലുള്ള വിഭവങ്ങളേതുമാകാം. ഇവ അമിതമായ അളവില്‍ പതിവായി കഴിച്ചാല്‍ ക്രമേണ ക്യാൻസര്‍ സാധ്യത വര്‍ധിക്കാം.
ശ്രദ്ധിക്കേണ്ടത്, ഈ ഭക്ഷണങ്ങളെല്ലാം പതിവായി കഴിക്കുന്നത് കൊണ്ട് നിങ്ങളില്‍ തീര്‍ച്ചയായും ക്യാൻസര്‍ പിടിപെടുമെന്നല്ല. അതേസമയം മറ്റ് പല ഘടകങ്ങള്‍ക്കുമൊപ്പം ഇവ കൂടിയാകുമ്പോള്‍ ക്യാൻസറിന്റെ സാധ്യത വര്‍ധിക്കുകയാണ്. ആരോഗ്യകരമായ ഡയറ്റ് മറ്റ് ഏത് രോഗങ്ങളെ പ്രതിരോധിക്കാനും നമ്മെ സഹായിക്കുന്നത് പോലെ തന്നെ ക്യാൻസറിനെ പ്രതിരോധിക്കാനും സഹായിക്കുന്നു.