NEWSSocial Media

മേക്കപ്പ് ഇല്ലാത്ത മമ്മൂട്ടി? യഥാര്‍ഥ ചിത്രവും സത്യവും പുറത്ത്

മേക്കപ്പ് അണിയാത്ത മമ്മൂട്ടി എന്ന പേരില്‍ ഒരു ചിത്രം കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിക്കൊണ്ടിരിക്കുകയായിരുന്നു. കഴുത്തിലും മുഖത്തും ചുളിവുകള്‍ നിറഞ്ഞതും നരയും കഷണ്ടിയുമുള്ള താരമാണ് ഈ ചിത്രത്തിലുണ്ടായിരുന്നത്. എന്നാല്‍ ഈ ചിത്രം വ്യാജമാണെന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.

മമ്മൂട്ടിയുടേതെന്ന പേരില്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്ന ചിത്രം ഫോട്ടോഷോപ്പ് ചെയ്തതാണെന്ന് വെളിപ്പെടുത്തുന്ന വീഡിയോ പുറത്തുവന്നിരിക്കുകയാണ്. മമ്മൂട്ടി ഫാന്‍സിന്റെ ഇന്റര്‍നാഷണല്‍ പ്രസിഡന്റും താരത്തിന്റെ ജീവകാരുണ്യ പ്രസ്ഥാനങ്ങള്‍ ഏകോപിപ്പിക്കുന്നയാളുമായ റോബര്‍ട്ട് കുര്യാക്കോസാണ് ഈ വീഡിയോ പങ്കുവെച്ചത്.

Signature-ad

”ഒരുപാട്‌പേരെ അസൂയപ്പെടുത്തുന്ന നിത്യ യൗവ്വനത്തിന് ചുളിവും നരയും നല്‍കിയ ഡിജിറ്റല്‍ തിരക്കഥയുടെ വഴി: കാലത്തിന് തോല്‍പ്പിക്കാനായില്ല, പിന്നെ അല്ലേ ഫോട്ടോഷോപ്പിന്” എന്നാണ് റോബര്‍ട്ട് കുര്യാക്കോസ് ഫെയ്‌സ്ബുക്കില്‍ കുറിച്ചത്. ജീവിതത്തില്‍ ഒറ്റപ്പെട്ടുപോകുമ്പോള്‍ എന്ന സന്ദേശമടങ്ങിയ ദീര്‍ഘമായ കുറിപ്പിനൊപ്പമായിരുന്നു മമ്മൂട്ടിയുടെ വ്യാജ ചിത്രം സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ചത്. ഇത് പിന്നീട് മേക്കപ്പ് ഇല്ലാത്ത മമ്മൂട്ടിയുടെ യഥാര്‍ഥ ചിത്രമാണെന്ന പ്രചാരണത്തിലേക്കും എത്തി.

വൈശാഖ് സംവിധാനം ചെയ്യുന്ന ടര്‍ബോ എന്ന ചിത്രത്തിലാണ് മമ്മൂട്ടി ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന അഞ്ചാമത്തെ ചിത്രമായ ടര്‍ബോയ്ക്ക് തിരക്കഥയെഴുതുന്നത് മിഥുന്‍ മാനുവല്‍ തോമസാണ്.

 

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: