NEWSWorld

ഇസ്രായേലിന്റെ നിലപാട് മേഖലയെ കൂടുതല്‍ പ്രശ്നങ്ങളിലേക്ക് തള്ളിവിടും: ഖത്തര്‍ പ്രധാനമന്ത്രി

ദോഹ: വെടി നിര്‍ത്തലിനും ബന്ദി മോചനത്തിനും വേണ്ടി ഖത്തര്‍ പരിശ്രമം തുടരുമെന്നും ഇസ്രായേലിന്റെ നിലപാട് മേഖലയെ കൂടുതല്‍ പ്രശ്നങ്ങളിലേക്ക് തള്ളിവിടുമെന്നും ഖത്തര്‍ പ്രധാനമന്ത്രി ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍താനി.

 ഖത്തര്‍ സന്ദര്‍ശിക്കുന്ന തുര്‍ക്കി വിദേശകാര്യമന്ത്രി ഹകാൻ ഫിദാനൊപ്പം ദോഹയില്‍ മാധ്യമങ്ങളെ കാണുകയായിരുന്നു വിദേശകാര്യ മന്ത്രി കൂടിയായ ശൈഖ് മുഹമ്മദ് ബിന്‍ അബ്ദുറഹ്മാന്‍ അല്‍താനി.

Signature-ad

അന്താരാഷ്ട്ര നിയമങ്ങളെ കാറ്റില്‍പ്പറത്തി ഇസ്രായേല്‍ നടത്തുന്ന കുരുതി മേഖലയെ കൂടുതല്‍ കുഴപ്പങ്ങളില്‍ കൊണ്ടെത്തിക്കും. എത്രയും വേഗം ആക്രമണം അവസാനിപ്പിക്കണമെന്ന് ഖത്തര്‍ പ്രധാനമന്ത്രി ഇസ്രായേലിനോടും അന്താരാഷ്ട്ര സമൂഹത്തോളം ആവശ്യപ്പെട്ടു. സമാധാനം സ്ഥാപിക്കാനുള്ള ശ്രമങ്ങള്‍ മറ്റു ലോകരാജ്യങ്ങളുമായി ചേര്‍ന്ന് ഖത്തര്‍ തുടരും. ഹമാസ് തടവിലാക്കിയ ബന്ദികളുടെ മോചനത്തിനുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും കഴിഞ്ഞ ദിവസങ്ങളില്‍ ഇക്കാര്യത്തില്‍ കൂടുതല്‍ പുരോഗതിയുണ്ടായിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

യുദ്ധത്തിൻെറ പേരില്‍ നഷ്ടമാവുന്ന ഓരോ ജീവനും വിലപ്പെട്ടതാണ്. എല്ലാ നഷ്ടങ്ങളും അപലപിക്കപ്പെടേണ്ടതാണ്. സമാധാനശ്രമങ്ങളുമായി മുന്നോട്ടുപോകുന്ന ഖത്തറിനെതിരെ ഇസ്രായേലിൻെറ പക്ഷത്തു നിന്നും രാഷ്ട്രീയ താല്‍പര്യങ്ങളുടെ പേരില്‍ നടത്തുന്ന പ്രസ്താവനകള്‍ നിരാശപ്പെടുത്തുന്നതാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.

Back to top button
error: