KeralaNEWS

3 പേരുടെ ജീവൻ കവർന്ന വാഹനാപകടത്തിലെ  ചരക്കുലോറി ഡ്രൈവര്‍ 20 വര്‍ഷത്തിന് ശേഷം അറസ്റ്റില്‍

     കണ്ണൂരിലെ നിര്‍മലഗിരിയില്‍ മൂന്നുപേരുടെ ജീവൻ കവർന്ന വാഹനാപകടത്തിനിടയാക്കിയ ചരക്കുലോറി ഡ്രൈവറെ 20 വര്‍ഷത്തിനു ശേഷം പൊലീസ് അറസ്റ്റു ചെയ്തു. ഇക്കാലമത്രയും ഒളിവില്‍ കഴിഞ്ഞ പിടികിട്ടാപ്പുള്ളിയായ ചരക്കുലോറി ഡ്രൈവർ പോണ്ടിച്ചേരി കടലൂര്‍ സ്വദേശി ഗണേഷിനെയാണ് കണ്ണവം പൊലീസ് പിടികൂടിയത്. 2002ല്‍ കൂത്തുപറമ്പ് നിര്‍മലഗിരിയില്‍ വെച്ച് നടന്ന അപകടത്തില്‍ ഗണേശന്‍ ഓടിച്ചിരുന്ന ലോറി ഇടിച്ച് മൂന്നുപേര്‍ മരിച്ചിരുന്നു. തുടര്‍ന്ന് കണ്ണവം പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലാണ് 20 വര്‍ഷത്തിനുശേഷം ഇപ്പോള്‍ പ്രതിയുടെ അറസ്റ്റ് നടന്നിരിക്കുന്നത്.

ഈ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ പ്രതി കോടതിയില്‍ ഹാജരാകാതെ, പോണ്ടിച്ചേരി, തമിഴ്നാട് എന്നീ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞു വരികയായിരുന്നു. നിരവധി തവണ കോടതിയില്‍ ഹാജരാകാതിരുന്ന പ്രതിക്കെതിരെ വാറന്റ് പുറപ്പെടുവിച്ചിരുന്നു. പിന്നീട് 2009 ല്‍ കോടതി ഇയാളെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചു.

Signature-ad

ദീര്‍ഘനാളത്തെ പരിശ്രമത്തിനൊടുവിലാണ് പ്രതിയുടെ ഒളിസങ്കേതത്തെക്കുറിച്ച് കണ്ണവം പൊലീസിനു വിവരം ലഭിച്ചത്. തുടര്‍ന്ന് കൂടുതല്‍ അന്വേഷണം നടത്തി പ്രതിയെ പിടികൂടുകയായിരുന്നു. കണ്ണവം എസ്.എച്ച്.ഒ ജിതേഷിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച പ്രത്യേക സംഘമാണ് പോണ്ടിച്ചേരിയില്‍ നിന്ന് പ്രതിയെ അറസ്റ്റ് ചെയ്തത്.

Back to top button
error: