മലപ്പുറം: വിവിധ മോഷണക്കേസുകളില്‍ പ്രതികളായ അന്തഃസംസ്ഥാന മോഷ്ടാക്കളെ പിടികൂടി. മലപ്പുറം മക്കരപ്പറമ്പ് വറ്റല്ലൂര്‍ സ്വദേശികളായ പുളിയമാടത്തില്‍ വീട്ടില്‍ അബ്ദുല്‍ ലത്തീഫ് (32), കളത്തോടന്‍ വീട്ടില്‍ അബ്ദുല്‍ കരീം (41) എന്നിവരാണ് കോട്ടക്കല്‍ പോലീസിന്റെ പിടിയിലായത്. പൂജാ അവധികളില്‍ മലപ്പുറം, പാലക്കാട് ജില്ലകള്‍ കേന്ദ്രീകരിച്ച് വന്‍ കവര്‍ച്ചകള്‍ ആസൂത്രണം ചെയ്യുന്നതിനിടെ മഞ്ചേരിയില്‍വെച്ചാണ് ഇവര്‍ പിടിയിലായത്.
ഈ മാസം 16-ന് കോട്ടക്കല്‍ മൂലപ്പറമ്പില്‍ വീട്ടുകാര്‍ പുറത്തുപോയ സമയത്ത് വീടിന്റെ വാതില്‍ തകര്‍ത്ത് 11 പവനും 76,000 രൂപയും സ്കൂട്ടറും മോഷ്ടിച്ച കേസിലാണ് ഇവരെ പിടികൂടിയത്. മലപ്പുറം ജില്ലാ പോലീസ് മേധാവി എസ്.സുജിത്ത് ദാസിന്റെ നിര്‍ദേശാനുസരണം ഡിവൈ.എസ്.പി. അബ്ദുല്‍ ബഷീര്‍, കോട്ടക്കല്‍ സി.ഐ. അശ്വത് എന്നിവരടങ്ങുന്ന പ്രത്യേക അന്വേഷണ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
17-ന് പുലര്‍ച്ചെയാണ് കോട്ടക്കല്‍ മൂലപ്പറമ്പുള്ള പരാതിക്കാരന്റെ വീടിന്റെ മുന്‍വാതില്‍ തകര്‍ത്ത് മോഷണം നടത്തിയത്. തുടര്‍ന്ന് കോട്ടക്കല്‍ പോലീസ് കേസെടുത്ത് അന്വഷണമാരംഭിച്ചു. കേസിന്റെ ഗൗരവം കണക്കിലെടുത്ത് ജില്ലാ പോലീസ് മേധാവി എസ്. സുജിത്ത് ദാസിന്റെ നിര്‍ദേശപ്രകാരം ഡിവൈ.എസ്.പി., സി.ഐ., ഡാന്‍സാഫ് സ്ക്വാഡ് എന്നിവരെ ഉള്‍പ്പെടുത്തി പ്രത്യേക സംഘം രൂപവത്കരിച്ചു. പൂജ അവധി ആയതിനാല്‍ ആളില്ലാത്ത വീടുകള്‍ നോക്കി പുതിയ കവര്‍ച്ച ആസൂത്രണം ചെയ്യുന്നതിനിടെയാണ് മഞ്ചേരി മര്യാടുള്ള വാടക ക്വാര്‍ട്ടേഴ്സില്‍നിന്ന് പ്രതികളെ പിടികൂടിയത്.