കൊല്ലം: കൊട്ടിയത്ത് കടത്തിണ്ണയില്‍ ഉറങ്ങുകയായിരുന്ന അംഗപരിമിതയായ വയോധികയെ ആക്രമിക്കുന്നതിന്റെ സിസി ടിവി ദൃശ്യം പുറത്ത്. കേസിന്റെ അന്വേഷണം പൊലീസ് തുടങ്ങിയത് 2 ദിവസം വൈകിയെന്നും പരാതി ഉയര്‍ന്നു.
കൊട്ടിയം ജംക്ഷനിലെ കടത്തിണ്ണയില്‍ കിടന്നുറങ്ങുകയായിരുന്ന 80 വയസ്സുളള വയോധികയാണ് കഴിഞ്ഞ വെള്ളി പുലര്‍ച്ചെ ഒന്നിന് ആക്രമിക്കപ്പെട്ടത്. വെളളമുണ്ടും ഷര്‍ട്ടും ധരിച്ച താടിയുളള ആള്‍ വയോധികയെ ആക്രമിക്കുന്നതും പിന്നീട് എടുത്തു കൊണ്ടു പോകുന്നതുമായ ദൃശ്യങ്ങള്‍ കടയിലെ സിസി ടിവി ക്യാമറയില്‍ നിന്ന് ഇന്നലെ ലഭിച്ചു.
കടന്നു പിടിക്കാന്‍ ശ്രമിച്ചതിനെ എതിര്‍ത്തപ്പോള്‍ കൈവീശി 3 തവണ മുഖത്ത് അടിക്കുന്നതും അടികൊണ്ട് വയോധിക വീഴുന്നതും ദൃശ്യത്തില്‍ വ്യക്തമാണ്. അവശയായി കിടന്ന ഇവരെ എടുത്ത് അക്രമി ഇരുട്ടിലേക്ക് മറയുന്നതും കാണാം. മണിക്കൂറുകള്‍ക്കു ശേഷം പുലര്‍ച്ചെ ഒരു കിലോമീറ്റര്‍ അകലെയുള്ള സിതാര ജംക്ഷന് സമീപത്താണ് അര്‍ധനഗ്‌നയായി തലയ്ക്ക് മുറിവേറ്റ നിലയില്‍ വയോധികയെ നാട്ടുകാര്‍ കണ്ടത്.
സമീപത്തെ ക്ഷേത്രത്തിലെ ശാന്തിക്കാരനും ഒാട്ടോറിക്ഷ ഡ്രൈവറുമാണ് വയോധികയെ കണ്ടത്. ഉടുക്കാനുള്ള വസ്ത്രം നല്‍കിയത് ശാന്തിക്കാരനാണ്. കടയിലെ വാച്ചര്‍ ഇവരുടെ മകളെ വിവരമറിയിച്ചു.
ഇവര്‍ അറിയിച്ചതിനെ തുടര്‍ന്ന് വയോധികയുടെ മകള്‍ എത്തി ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആശുപത്രിയില്‍ കൊണ്ടുപോയി തലയിലെ മുറിവ് തുന്നിക്കെട്ടിയശേഷം വയോധികയെയുംകൂട്ടി മകള്‍ കൊട്ടിയം പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കിയിരുന്നു. എന്നാല്‍, വെള്ളി രാവിലെ ലഭിച്ച പരാതിയില്‍ കൊട്ടിയം പൊലീസ് വെള്ളി പകലും രാത്രിയും ഒരു അന്വേഷണവും നടത്തിയില്ല.
വൈദ്യപരിശോധനയ്ക്ക് വിധേയമാക്കാതെ ഇവരെ മകളോടൊപ്പം മടക്കിയയച്ചു. സി.സി.ടി.വി. ദൃശ്യങ്ങള്‍ ശേഖരിക്കുന്നതിനോ അന്വേഷണം ഊര്‍ജിതമാക്കുന്നതിനോ നടപടിയെടുത്തില്ലെന്ന് ആക്ഷേപമുണ്ട്. അടുത്ത ദിവസം മാധ്യമങ്ങളിലൂടെയും സംഭവം പുറംലോകം അറിഞ്ഞതോടെയാണ് പോലീസ് ഉണര്‍ന്നു പ്രവര്‍ത്തിച്ചത്.