IndiaNEWS

‘ഇന്ത്യ’ അല്ല ‘പിഡിഎ’; അഖിലേഷിന്റെ പോസ്റ്റില്‍ ചര്‍ച്ചയായി പ്രതിപക്ഷ ഐക്യം

ന്യൂഡല്‍ഹി: കഴിഞ്ഞ മൂന്നു ദിവസമായി കോണ്‍ഗ്രസിനെ രൂക്ഷമായി വിമര്‍ശിക്കുന്ന സമാജ്വാദി പാര്‍ട്ടി അധ്യക്ഷന്‍ അഖിലേഷ് യാദവ് സമൂഹമാധ്യത്തില്‍ ‘ഇന്ത്യ’ സഖ്യം എന്നതിനു പകരം ‘പിഡിഎ’ എന്നെഴുതിയത് രാഷ്ട്രീയവൃത്തങ്ങളില്‍ ചര്‍ച്ചയാകുന്നു. ഇന്ത്യ സഖ്യവും സമാജ്വാദി പാര്‍ട്ടിയും തമ്മിലുള്ള ബന്ധം വഷളാകുന്നതിന്റെ സൂചനയാണിതെന്നാണു സൂചന.

പാര്‍ട്ടി പ്രവര്‍ത്തകന്റെ പുറത്ത് ചുവപ്പും പച്ചയും കളറടിച്ച് ‘പിഡിഎ’ അഖിലേഷിനു വിജയമൊരുക്കും എന്ന് എഴുതിയതിന്റെ ചിത്രമാണ് അഖിലേഷ് എക്സ് പ്ലാറ്റ്ഫോമില്‍ പങ്കുവച്ചിരിക്കുന്നത്. പിച്ച്‌ഡെ (പിന്നാക്ക), ദളിത്, അല്‍പസംഖ്യക് (ന്യൂനപക്ഷം) എന്നതിന്റെ ചുരുക്കെഴുത്താണ് ‘പിഡിഎ’. 2024 പൊതു തിരഞ്ഞെടുപ്പില്‍ എന്‍ഡിഎ സഖ്യത്തെ പിഡിഎ പരാജയപ്പെടുത്തുമെന്നാണ് അഖിലേഷ് പറയുന്നത്.

Signature-ad

മധ്യപ്രദേശില്‍ ഇന്ത്യ സഖ്യത്തിനു മത്സരിക്കാന്‍ കോണ്‍ഗ്രസ് സീറ്റ് അനുവദിക്കാതിരുന്നതോടെയാണ് എസ്പി-കോണ്‍ഗ്രസ് ബന്ധം വഷളായത്. ആറ് സീറ്റ് നല്‍കാമെന്നാണ് കോണ്‍ഗ്രസ് ഉറപ്പു നല്‍കിയിരുന്നത്. ഇതോടെ കോണ്‍ഗ്രസിനെതിരെ രൂക്ഷ വിമര്‍ശനവുമായി അഖിലേഷ് രംഗത്തെത്തുകയും 18 മണ്ഡലങ്ങളില്‍ എതിര്‍സ്ഥാനാര്‍ഥികളെ പ്രഖ്യാപിക്കുകയും ചെയ്തു. കോണ്‍ഗ്രസ് മറ്റു പാര്‍ട്ടികളെ വിഡ്ഢികളാക്കുകയാണെന്നും അഖിലേഷ് പറഞ്ഞു. അതേസമയം കേന്ദ്രത്തില്‍ മാത്രമാണ് ഇന്ത്യ സഖ്യമെന്നും സംസ്ഥാനത്ത് അത് ബാധകമല്ലെന്നും മധ്യപ്രദേശ കോണ്‍ഗ്രസ് പ്രസിഡന്റ് കമല്‍നാഥ് പറഞ്ഞു. നവംബര്‍ 17-നാണ് മധ്യപ്രദേശില്‍ വോട്ടെടുപ്പ്.

Back to top button
error: