പത്തനംതിട്ട: ചിറ്റാർ ഗവ.ഹയർ സെക്കൻഡറി സ്‌കൂളിലെ പ്ലസ്ടു വിദ്യാർഥിയെ വീടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. കുട്ടിയുടെ മരണവാർത്തയറിഞ്ഞ് മുത്തച്ഛൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു.
വയ്യാറ്റുപുഴ-പുലയൻപാറ മണ്ണുങ്കൽ പുത്തൻവീട്ടിൽ സുജിത്തിന്റെയും സിനിയുടെയും മകൻ വിഷ്‌ണുവിനെ (17) ആണ് വെള്ളിയാഴ്ച വൈകീട്ട് ആറുമണിയോടെ ചിറ്റാർ ടൗണിന് സമീപം ഇവർ വാടകയ്ക്ക് താമസിക്കുന്ന വീടിനുള്ളിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. വിഷ്ണുവിന്റെ മരണവാർത്തയറിഞ്ഞ് അമ്മ സിനിയുടെ അച്ഛൻ വയ്യാറ്റുപുഴ പനച്ചമൂട്ടിൽ പി.ടി.വർഗീസ്(അനിയൻ-63)ആണ് ഹൃദയാഘാതത്തെത്തുടർന്ന് മരിച്ചത്.
ചിറ്റാർ ഗവ.ഹയർസെക്കൻഡറി സ്‌കൂളിൽ പഠിക്കുന്ന വിഷ്ണുവുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം ചില പ്രശ്‌നങ്ങളുണ്ടായിരുന്നതായി പറയുന്നു. ഇതിന്റെ മനോവിഷമത്തിലാകാം കുട്ടി തൂങ്ങിമരിക്കാനിടയായതെന് നാണ് പ്രാഥമിക നിഗമനം. വൈകീട്ട് ജോലികഴിഞ്ഞ് മടങ്ങിയെത്തിയ സിനിയാണ് മകനെ വീട്ടിൽ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.ടൂറിസ്റ്റ് ബസിൽ ഡ്രൈവറായിരുന്നു മരിച്ച അനിയൻ.