ഓർമ്മ
എ.അയ്യപ്പൻ …
‘കരളു പങ്കിടാൻ വയ്യെൻ്റെ പ്രണയമേ
പകുതിയും കൊണ്ടുപോയ്
ലഹരിയുടെ പക്ഷികൾ “
ഈ വരികളിൽ അയ്യപ്പനെ *വായിയ്ക്കാം ‘
ജീവിതത്തിന്റെ തീവ്രാനുഭവങ്ങൾ കവിതയിലൂടെ സംവദിച്ച എ.അയ്യപ്പൻ
വിടചൊല്ലിയിട്ട് ഇന്ന് 13 വർഷം …
കനകശ്രീ അവാർഡ് ; അബുദാബി ശക്തി അവാർഡ് ; ആശാൻ പുരസ്കാരം ; കേരള സാഹിത്യ അക്കാദമി അവാർഡ് എന്നിവ അയ്യപ്പനെ തേടിയെത്തി …
വെയിൽ തിന്നുന്ന പക്ഷി,
എന്റെ ശവപ്പെട്ടി ചുമക്കുന്നവരോട്,
ബുദ്ധനും ആട്ടിൻകുട്ടിയും,
ഭൂമിയുടെ കാവൽക്കാരൻ,
ഗ്രീഷ്മവും കണ്ണീരും
തുടങ്ങി
നിരവധി കവിതാ സമാഹാരങ്ങൾ
അലസമായി പാറിക്കിടക്കുന്ന മുടി, അരമുറുക്കാതെ അയഞ്ഞു തൂങ്ങിയ മുണ്ട്, ഹവായ് ചെരുപ്പ്, തോളില്‍ സഞ്ചി. ഇത്രയുമാണ് കവി എ. അയ്യപ്പനെക്കുറിച്ചേർക്കുമ്പോൾ ആദ്യമെത്തുന്ന ചിത്രം. കവിതയുടെ ചൂടും ചൂരും ആവാഹിച്ച് തെരുവില്‍ അലഞ്ഞ കവിയായിരുന്നു അദ്ദേഹം. പൊള്ളുന്ന അനുഭവങ്ങളും പേറി വ്യവസ്ഥാപിത കെട്ടുപാടുകളോട് നിരന്തരം കലഹിക്കാന്‍ വിധിക്കപ്പെട്ട കവി. തെരുവില്‍ നടന്ന്, തെരുവില്‍ കിടന്ന്, തെരുവില്‍ മരിച്ച കവി. സ്വന്തമായൊരു വീടില്ലാത്ത, അക്ഷരങ്ങളാല്‍ സ്വന്തമായൊരു കാവ്യപ്രപഞ്ചം സൃഷ്ടിച്ച കവി. അയ്യപ്പനെ വിശേഷിപ്പിക്കാന്‍ വാക്കുകള്‍ ഇനിയുമുണ്ട്. എന്നാല്‍ എല്ലാ വിശേഷണങ്ങളില്‍ നിന്നും കുതറിമാറി, മദ്യത്തിന്റെ മണം പരക്കുന്ന അന്തരീക്ഷത്തില്‍ ഒരു യാചകനെപ്പോലെ അലഞ്ഞ കവിയെയാണ് പലര്‍ക്കും സുപരിചിതം. അത്രമേല്‍ അരാജകമായിരുന്നു അദ്ദേഹത്തിന്റെ ജീവിതം.
അനാഥവും അരക്ഷിതവുമായ ബാല്യത്തില്‍ നിന്നാണ് അയ്യപ്പന്‍ എന്ന കവിയുടെ കാവ്യപ്രപഞ്ചം രൂപപ്പെടുന്നത്. പൊതുധാരയോട് സമരസപ്പെടാത്ത, നിരന്തര കലഹങ്ങള്‍ കൂടിയായിരുന്നു അയ്യപ്പന്റെ കവിതകള്‍. പ്രണയവും മരണവും വിരഹവും തുടങ്ങി മനുഷ്യമനസ്സുകളിലെ എല്ലാ ഭാവങ്ങളും തൊട്ടുണര്‍ത്തുന്നതാണ് അയ്യപ്പന്‍ കവിതകള്‍. മരണത്തിലേക്കിറങ്ങിപ്പോകുമ്പോഴും കൈമടക്കിലെ തുണ്ടു കടലാസില്‍ കുത്തിക്കുറിച്ച ഒരു കവിതാശകലം കണ്ടെത്തുകയുണ്ടായി. അത്രമേല്‍ കവിതയെ പ്രണയിച്ച, കവിതയായി മാറിയ ഒരാളായിരുന്നു അയ്യപ്പന്‍.
കവിത അയ്യപ്പനെ സംബന്ധിച്ചിടത്തോളം ഒരു തരം ഭ്രാന്തമായ ആവേശമായിരുന്നു. ആ ആവേശം അതേയളവില്‍ തന്റെ അനുവാചകരിലേക്ക് പകരാന്‍ അയ്യപ്പന് സാധിച്ചു എന്നിടത്താണ് അദ്ദേഹത്തിന്റെ വിജയം. ഉന്മാദിയായ കവി. അരാജകവാദി. പലര്‍ക്കും പലതായിരുന്നു അയ്യപ്പന്‍. ശരിക്കും ആരായിരുന്നു അയ്യപ്പന്‍? ‘ഞാന്‍ എന്റെ കാലത്തിന്റെ ബലിയാടും പ്രവാചകനുമാകുന്നു’ എന്നാണ് അയ്യപ്പന്‍ നല്‍കുന്ന ഉത്തരം. അനവധിയായ വേദനകളെ ഉടലിലണിഞ്ഞ് തെരുവുകള്‍ തോറും അലഞ്ഞ കവിയെ മലയാളികള്‍ ആഘോഷമാക്കി. കലാലയ ചുമരുകളെയെല്ലാം അയ്യപ്പന്റെ കവിതകൾ കൈയ്യേറി. അത്രമേല്‍ ആഘോഷിക്കപ്പെട്ട, അത്രമേല്‍ ജനകീയമായ കവിതകളായിരുന്നു അയ്യപ്പന്റേത്.
1949 ഒക്ടോബര്‍ 27ന് തിരുവനന്തപുരം ജില്ലയിലെ ബാലരാമപുരത്ത് ആറുമുഖന്റെയും മൂത്തമ്മാളുവിന്റെയും മകനായി എ. അയ്യപ്പന്‍ ജനിച്ചു. അയ്യപ്പന് ഒരു വയസ്സുള്ളപ്പോള്‍ അച്ഛന്‍ ആത്മഹത്യ ചെയ്തു. പതിനഞ്ചാം വയസ്സില്‍ അമ്മയും ആത്മഹത്യ ചെയ്തു. തുടര്‍ന്ന് മൂത്ത സഹോദരി സുബ്ബലക്ഷ്മിയുടെയും സഹോദരീ ഭര്‍ത്താവായ വി. കൃഷ്ണന്റെയും സംരക്ഷണയില്‍ നേമത്താണ് അദ്ദേഹം വളര്‍ന്നത്.
2010-ലെ കവിതയ്ക്കുള്ള ആശാന്‍ പുരസ്‌കാരം എ. അയ്യപ്പന് ലഭിച്ചിട്ടുണ്ട്. എന്നാല്‍ 2010 ഒക്ടോബര്‍ 23-ന് ചെന്നൈയില്‍ പുരസ്‌കാരം ഏറ്റുവാങ്ങാനിരിക്കെ, ഒക്ടോബര്‍ 21-ന് വൈകീട്ട് ആറുമണിയോടെ തിരുവനന്തപുരത്തുവച്ച് അദ്ദേഹം അന്തരിച്ചു. പോലീസിന്റെ ഫ്ലൈയിങ് സ്‌ക്വാഡ് അദ്ദേഹത്തെ വഴിയില്‍ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. മരണശേഷവും തിരിച്ചറിയാതെ ഒരു ദിവസം മുഴുവന്‍ ജനറല്‍ ആശുപത്രിയില്‍ മോര്‍ച്ചറിയുടെ തണുപ്പില്‍ അയ്യപ്പന്‍ കിടന്നു. പിന്നീട് ഏതോ ഡോക്ടറാണ് അദ്ദേഹത്തെ തിരിച്ചറിഞ്ഞത്.
ഒക്ടോബര്‍ 26ന് ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം തൈക്കാട് ശാന്തികവാടത്തില്‍ സംസ്‌കരിച്ചു.
അയ്യപ്പന്റെ അവസാന കവിത
മൃതദേഹത്തിന്റെ കൈമടക്കില്‍ നിന്നും കണ്ടെടുത്ത പല്ല് എന്ന് പേരിട്ട കവിത ഇങ്ങനെയാണ്:
മൃതദേഹത്തിന്റെ കൈമടക്കില്‍ നിന്നും കണ്ടെടുത്ത പല്ല് എന്ന് പേരിട്ട കവിത ഇങ്ങനെയാണ്:
‘അമ്പ് ഏതു നിമിഷവും
മുതുകില്‍ തറയ്ക്കാം
പ്രാണനും കൊണ്ട് ഓടുകയാണ്.
വേടന്റെ കൂര കഴിഞ്ഞ് റാന്തല്‍ വിളക്കുകള്‍ ചുറ്റും
എന്റെ രുചിയോര്‍ത്ത്
അഞ്ചെട്ടുപേര്‍
കൊതിയോടെ
ഒരു മരവും മറ തന്നില്ല
ഒരു പാറയുടെ വാതില്‍ തുറന്ന്
ഒരു ഗര്‍ജനം സ്വീകരിച്ചു
അവന്റെ വായ്ക്ക് ഞാനിരയായി’