‘കെ.ബി.’ എന്നാല്‍ ‘കിടന്നു ബഹളം വെയ്ക്കുന്ന’ എന്നര്‍ത്ഥം; കെ.ബി. ഗണേഷ്‌കുമാര്‍ മന്ത്രിയുടെ ചില പരിപാടികള്‍ നിലവാരം കുറഞ്ഞ നാടകം ; ജീവനക്കാര്‍ അടിമകളല്ലെന്ന് എം. വിന്‍സെന്റ്

തിരുവനന്തപുരം: കെ.ബി. ഗണേഷ്‌കുമാര്‍ എന്നാല്‍ കിടന്നു ബഹളം വെയ്ക്കുന്ന ഗണേഷ്‌കുമാര്‍ എന്നാണെന്നും വകുപ്പില്‍ ഗണേശ്കുമാര്‍ ജീവനക്കാരോട് പെരുമാറുന്നത് അടിമകളോട് എന്ന പോലെയാണെന്നും വിമര്‍ശിച്ച് എം.വിന്‍സെന്റ് എംഎല്‍എ. മറ്റുള്ളവരെ അധിക്ഷേപിക്കുന്നത് ശീലം ആക്കിയിരിക്കുകയാണ് മന്ത്രിയെന്നും അദ്ദേഹത്തെ നിയന്ത്രിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണമെന്നും പറഞ്ഞു. മന്ത്രിയുടെ ചില പരിപാടികള്‍ നിലവാരം കുറഞ്ഞ നാടകമാണെന്നും പറഞ്ഞു.
സിനിമയ്ക്കും നാടകത്തിനുമൊക്കെ അത് നല്ലതായിരിക്കുമെന്നും പരിഹസിച്ചു. അടിമകളോട് പെരുമാറുന്നത് പോലെ ജീവനക്കാരോട് പെരുമാറുന്ന അദ്ദേഹം മാപ്പുപറയണം. ബസില്‍ മന്ത്രി മിന്നല്‍പരിശോധന നടത്തിയ നടപടിയെയും പരിഹസിച്ചു. കുപ്പിവെള്ളത്തിന്റെ ബോട്ടില്‍ ഡ്രൈവര്‍ സീറ്റിന് അടുത്ത് വച്ചതിനു ഡ്രൈവറെ ഗണേഷ്‌കുമാര്‍ സ്ഥലം മാറ്റി. നടപടി കേരള ഹൈകോടതി റദാക്കി. അധികാര ദുര്‍വിനിയോഗം എന്നാണ് കോടതി പറഞ്ഞത്.
മന്ത്രി പറഞ്ഞത് കോണ്‍ഗ്രസ് യൂണിയന്‍ പണം ചിലവാക്കി കോടതില്‍ പോയി വിധി വാങ്ങിച്ചു എന്നാണ്. ഇത് കോടതിയെ അധിക്ഷേപിക്കുന്നത് പോലെ തന്നെയാണ്. മന്ത്രി സ്വീകരിക്കുന്ന ഭ്രാന്തന്‍ നയങ്ങളെ ന്യായികരിക്കാന്‍ കഴിയില്ലെന്നും മന്ത്രിക്ക് സ്വേച്ഛാധിപത്യ രീതിയില്‍ എന്തും ചെയ്യാന്‍ ഉള്ള ഇടം അല്ല ഇതെന്നും പറഞ്ഞു.
ഗണേഷ് കുമാര്‍ തുടര്‍ന്ന് കൊണ്ടിരുന്ന ധാര്‍ഷ്ട്യം നിറഞ്ഞ നടപടികള്‍ക്കുള്ള തിരിച്ചടിയാണ് നടപടി. മന്ത്രി ഇത്തരത്തില്‍ ഉള്ള ഭ്രാന്തമായ നടപടി എന്തിന് എടുത്ത് എന്ന് ഇതുവരെ മനസ്സിലായിട്ടില്ലെന്നും എം വിന്‍സെന്റ് വ്യക്തമാക്കി. എംഡിഎംഎ കൊണ്ടുവന്നത് പോലെയാണ് ഗണേശ് ജീവനക്കാരോട് പെരുമാറിയത്. മന്ത്രിയുടെ നിലവാരം കുറഞ്ഞ നാടകം ആണ് ഇതെല്ലാം. മാധ്യമങ്ങളെ കൂട്ടി വന്ന് ഇങ്ങനെ ഒക്കെ ചെയുന്നത് സിനിമകള്‍ക്കും നാടകത്തിനും എല്ലാം നല്ലതായിരിക്കുമെന്നും അദ്ദേഹം പരിഹസിച്ചു.
പുതിയ ബസുകളുടെ ചക്രങ്ങള്‍ വരെ ഊരി തെറിക്കുന്നുണ്ട്. വിഡ്ഢികളുടെ സ്വര്‍ഗത്തിലാണ് മന്ത്രി കൊട്ടാരം പണിത് ജീവിക്കുന്നത്. ജീവനക്കാരുടെ നെഞ്ചത്ത് കയറുന്ന നടപടി അവസാനിപ്പിക്കണം. യൂണിയനുകളുടെയും ജീവനക്കാരുടെയും മെക്കിട്ട് കേറാന്‍ ആണ് ഉദ്ദേശം എങ്കില്‍ മന്ത്രിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും എം വിന്‍സെന്റ് കൂട്ടിച്ചേര്‍ത്തു.
ആഴ്ചയില്‍ ഒരിക്കല്‍ ജീവനക്കാരുടെ മേലില്‍ മെക്കിട്ട് കേറി വാര്‍ത്തയുണ്ടാക്കുന്നതിന് പകരം ഡിപ്പോകളില്‍ പോയി അന്വേഷണം. പാപ്പനംകോഡ് സെന്‍ട്രല്‍ വര്‍ക്സ് അടക്കം വൃത്തിഹീനമാണ്. മന്ത്രി ഡിപ്പോകള്‍ വൃത്തിയാക്കാനുള്ള നടപടി സ്വീകരിക്കണം. ഒരു അന്വേഷണം പോലും മന്ത്രി നടത്തിയിട്ടില്ല. ഇന്ന് വയനാട് ജില്ലയില്‍ ഡിസല്‍ ഇല്ലാത്തത് മൂലം 5 ഷെഡ്യൂള്‍ മുടങ്ങി.






