CrimeNEWS

മകളുടെ വിവാഹ ആവശ്യത്തിനായി കടം വാങ്ങിയ പണം തിരികെ നൽകിയില്ലെന്നാരോപിച്ച് തർക്കം; മണർകാട് ഓട്ടോഡ്രൈവറെ ടെക്‌സ്‌റ്റൈൽസ് ഷോപ്പ് ഉടമ വെട്ടിപ്പരിക്കേൽപ്പിച്ചു, പ്രതി പിടിയിൽ

മണർകാട്: മകളുടെ വിവാഹ ആവശ്യത്തിനായി കടം വാങ്ങിയ പണം തിരികെ നൽകിയില്ലെന്നാരോപിച്ചുണ്ടായ തർക്കത്തിനൊടുവിൽ മണർകാട് സ്വദേശിയായ ഓട്ടോഡ്രൈവറെ ടെക്‌സ്‌റ്റൈൽസ് ഷോപ്പ് ഉടമ വെട്ടിപ്പരിക്കേൽപ്പിച്ചു. മണർകാട് നീലാണ്ടപ്പടിയിലെ ഓട്ടോഡ്രൈവറായ രാജപ്പനാണ് വെട്ടേറ്റത്. സംഭവത്തിലെ പ്രതിയായ മണർകാട് കവലയിൽ മഹിമ ടെക്‌സ്റ്റൈൽസ് നടത്തുന്ന സാബു പൊലീസ് സ്റ്റേഷനിൽ ഹാരജായി. വെട്ടേറ്റ രാജപ്പനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Signature-ad

വെള്ളിയാഴ്ച രാവിലെ 11 മണിയോടെ കോട്ടയം മണർകാട് വില്ലേജ് ഓഫീസിന് സമീപമായിരുന്നു സംഭവം. മകളുടെ വിവാഹ ആവശ്യത്തിനായി രാജപ്പൻ സാബുവിന്റെ പക്കൽ നിന്നും പണം കടം വാങ്ങിയിരുന്നതായി പൊലീസ് പറയുന്നു. കടം വാങ്ങിയ പണം മാസങ്ങൾ കഴിഞ്ഞിട്ടും തിരികെ നൽകിയിരുന്നില്ല. ഇതേ തുടർന്ന് ഇരുവരും തമ്മിൽ ഇന്നു രാവിലെ കണ്ടപ്പോൾ തർക്കമുണ്ടായി. തുടർന്നു, സാബു കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് രാജപ്പനെ വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു.

അക്രമത്തിൽ പരിക്കേറ്റ രാജപ്പനെ നാട്ടുകാർ ചേർന്നാണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചത്. തുടർന്ന് പ്രതിയായ സാബു മണർകാട് പൊലീസ് സ്റ്റേഷനിൽ ഹാജരായി. വെട്ടേറ്റയാളുടെ നില ഗുരുതരമല്ല. സംഭവത്തിൽ മണർകാട് പൊലീസ് കേസെടുത്തു.

 

Back to top button
error: