കാസര്‍ഗോഡ്: നവജാത ശിശുവിനെ ഇയര്‍ ഫോണിന്റെ വയര്‍ കഴുത്തില്‍ ഞെരുക്കി കൊന്ന സംഭവത്തില്‍ അമ്മ പിടിയില്‍. ചെടേക്കാല്‍ സ്വദേശി ഷാഹിനയാണ് പിടിയിലായത്. അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തുമെന്ന് പോലീസ് പറഞ്ഞു.
ചെറിയ വയര്‍ കഴുത്തില്‍ കുരുങ്ങിയതാണ് മരണകാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. തുടര്‍ന്ന് കുഞ്ഞിന്റെ അമ്മയെ ചോദ്യം ചെയ്തതോടെയാണ് നിര്‍ണായക വിവരങ്ങള്‍ പൊലീസിന് ലഭിച്ചത്. ഭര്‍ത്താവിനോടുള്ള വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്നാണ് സൂചന. രക്ത സ്രാവമുണ്ടായതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ച് പരിശോധന നടത്തിയപ്പോഴാണ് ദിവസങ്ങള്‍ക്ക് മുമ്പ് യുവതിയുടെ പ്രസവം കഴിഞ്ഞിരുന്നുവെന്ന് വ്യക്തമായത്.
ഡോക്ടറില്‍ നിന്നാണ് ഭര്‍ത്താവ് പോലും ഭാര്യയുടെ പ്രസവ വിവരം അറിയുന്നത്. തുടര്‍ന്ന് വീട്ടിലെത്തി തിരച്ചില്‍ നടത്തിയപ്പോഴാണ് കുഞ്ഞിന്റെ മൃതദേഹം തുണിയില്‍ പൊതിഞ്ഞ നിലയില്‍ കട്ടിലിനടിയില്‍ കണ്ടെത്തിയത്. യുവതി ഗര്‍ഭിണിയായത് അറിഞ്ഞിരുന്നില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ഡിസംബര്‍ 14നാണ് തുണിയില്‍ പൊതിഞ്ഞ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.