MovieNEWS

വിജയും ലോകേഷും മാത്രമല്ല ലിയോയുടെ വിജയത്തിന് കാരണം; പൊളപ്പന്‍ വിഎഫ്എക്സും!

ലിയോ കണ്ടിറങ്ങിയവരുടെ മനസില്‍ തങ്ങിനില്‍ക്കുന്ന ഒന്നായിരിക്കും നാടിനെ വിറപ്പിക്കാനെത്തിയ ഹൈന(കഴുതപ്പുലി). ട്രെയ്‌ലര്‍ വന്നപ്പോഴും ഹൈനയുടെ സീനുകള്‍ അമ്പരപ്പിച്ചിരുന്നു. ആക്രമണകാരിയായ മൃഗം മാത്രമല്ല ഹൈനയെന്ന് സിനിമ കണ്ടവര്‍ക്കറിയാം. സിനിമ കാണാത്തവര്‍ ട്രെയ്‌ലറിലെങ്കിലും ഹൈനയെ കണ്ടിട്ടുണ്ടാവും. വിഎഫ്എക്സ് ഉപയോഗിച്ച് ചെയ്‌തെടുക്കുന്ന മൃഗങ്ങളെ സിനിമയില്‍ ഉപയോഗിക്കുമ്പോള്‍ അത് ഒറിജിനലാണെന്ന് ഫീല്‍ ചെയ്യിപ്പിക്കുക ചെറിയ കാര്യമല്ല. അവിടെയാണ് ലിയോയിലെ വിഎഫ്എക്സ് വര്‍ക്കുകള്‍ മികച്ചുനില്‍ക്കുന്നത്.

ലിയോയില്‍ വിഎഫ്എക്സ് ചെയ്തിരിക്കുന്നത് MPC ഫിലിംസാണ്. ഈ ടീം ചില്ലറക്കാരല്ല. ദി ലയണ്‍ കിംഗ്, ജംഗിള്‍ ബുക്ക്, ഹാരി പോട്ടര്‍, ലൈഫ് ഓഫ് പൈ, ബാറ്റ്മാന്‍, ഫാസ്റ്റ് ആന്‍ഡ് ഫ്യൂരിയസ്, ഗോഡ്‌സില്ല, ട്രാന്‍സ്ഫോര്‍മേഴ്‌സ് തുടങ്ങി ലോകത്തെ വിസ്മയിപ്പിച്ച ഒട്ടേറെ സിനിമകളുടെ വിഎഫ്എക്സ് ചെയ്ത ടീമാണ് MPC ഫിലിംസ്. ഏറ്റവും കൂടുതല്‍ അനിമേഷനും വിഎഫ്എക്‌സും ആവശ്യമുള്ള ഡിസ്നി ഫാന്റസി ചിത്രങ്ങളും ഇവര്‍ ചെയ്തിട്ടുണ്ട്. ഗെയിം ഓഫ് ത്രോണ്‍സ് പോലെയുള്ള വമ്പന്‍ സീരീസുകളുടെ പിന്നിലും ഈ ടീമുണ്ട്. ഈ സിനിമകളും സീരീസുമെല്ലാം വിഎഫ്എക്‌സിന്റെ അനന്തസാധ്യതകളിലൂടെ പ്രേക്ഷകരെ അത്ഭുതപ്പെടുത്തുകയും ത്രില്ലടിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

Signature-ad

Moving Picture Company എന്നാണ് MPC ഫിലിംസിന്റെ മുഴുവന്‍ പേര്. 3 തവണ ഓസ്‌കര്‍ നേടിയിട്ടുണ്ട്. അതിലൊന്ന് എന്ന 1917 ചിത്രമാണ്. മറ്റൊന്ന് ജംഗിള്‍ ബുക്കും മൂന്നാമത്തേത് ലൈഫ് ഓഫ് പൈയുമാണ്. MPC യുടെ ഹെഡ് ക്വാര്‍ട്ടേഴ്‌സ് ലണ്ടനിലാണ്. ബാംഗ്ലൂരിലും ബ്രാഞ്ചുണ്ട്. അവിടെയാണ് ലോകേഷ് ലിയോ ചെയ്യിപ്പിച്ചിരിക്കുന്നത്. മൂവായിരത്തിലധികം പേരാണ് വിവിധ സിനിമകള്‍ക്കായി ഇവരുടെ 9 ഓഫീസുകളിലായി ജോലി ചെയ്യുന്നത്.

ഇന്ത്യന്‍ സിനിമയില്‍ ആര്‍ആര്‍ആര്‍ എന്ന ചിത്രത്തിന് വേണ്ടിയാണ് മുന്‍പ് MPC ഫിലിംസ് ടീം വര്‍ക്ക് ചെയ്തിട്ടുള്ളത്. അതിനെയും വെല്ലുന്ന വര്‍ക്കാണ് ലിയോയില്‍ ചെയ്തിരിക്കുന്നത് എന്നതില്‍ ആര്‍ക്കും തര്‍ക്കമുണ്ടാവില്ല. ലിയോയിലെ ഹൈനയുമായുള്ള രംഗങ്ങള്‍ കാണുമ്പോഴൊക്കെ ഇതൊരു വിഎഫ്എക്സ് വര്‍ക്കാണെന്ന് പ്രേക്ഷകര്‍ മറന്നുപോകുന്നുണ്ട്. MPC ഫിലിംസിന്റെ ക്വാളിറ്റി തന്നെയാണ് അതിനു കാരണം. ലയണ്‍ കിങിനും ജംഗിള്‍ ബുക്കിനുമൊക്കെ വേണ്ടി ഇവര്‍ മുന്‍പും ഹൈനയെ ഉണ്ടാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെയാവണം ഇത്രയും ഒറിജിനാലിറ്റിയോടെ ഹൈനയെ അവതരിപ്പിക്കാന്‍ കഴിഞ്ഞത്. വെറുതെ ഒരു വൈല്‍ഡ് അനിമലിനെ കഥയിലേക്ക് ചേര്‍ക്കുകയല്ല, മറിച്ച് കഥാപരിസരത്തോടും ചേര്‍ന്ന് നില്‍ക്കുന്ന രീതിയിലാണ് ലോകേഷ് ഹൈനയെ പ്ലേസ് ചെയ്തിരിക്കുന്നത്.

ഹൈനയുടെ വലുപ്പത്തിനും കൃത്യമായ പ്രാധാന്യം വിഷ്വല്‍ എഫക്ട്സില്‍ നല്‍കിയിട്ടുണ്ട്. ഹൈനയുടെ ചോരയൊലിക്കുന്ന മുഖം പലതവണ ലിയോയില്‍ എടുത്തുകാണിക്കുന്നുണ്ട്. ബലമുള്ള പല്ലുകളും കീഴ്ത്താടിയെല്ലും ആണ് ഹൈനകള്‍ക്ക് സാധാരണയായി ഉണ്ടാവുക. അത് വ്യക്തമാക്കുന്ന രീതിയില്‍ തന്നെയാണ് ഹൈനയ്‌ക്കൊപ്പമുള്ള വിജയുടെ ഫൈറ്റില്‍ ഹൈന കട്ടിയുള്ള ഒരു തടിക്കഷ്ണം കടിച്ചുപിടിക്കുന്നതും അത് കടിച്ചുപൊട്ടിക്കുന്നതുമെല്ലാം ചെയ്തെടുത്തിരിക്കുന്നത്.

 

Back to top button
error: