കോഴിക്കോട്: മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റില്‍ കത്രിക കുടുങ്ങിയ കേസിലെ ഇരയായ ഹര്‍ഷിന വീണ്ടും പ്രത്യക്ഷ സമരത്തിലേക്ക്. കേസില്‍ പ്രതിചേര്‍ത്ത രണ്ട് ഡോക്ടര്‍മാരേയും നഴ്സുമാരേയും പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി തേടി കഴിഞ്ഞ മാസം 22-നാണ് അന്വേഷണ ഉദ്യോഗസ്ഥന് കോഴിക്കോട് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് മുമ്പാകെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
അത്യാവശ്യമായ മൊഴികളുടേയും തെളിവുകളുടേയും അഭാവത്തില്‍ കമ്മീഷണര്‍ റിപ്പോര്‍ട്ട് മടക്കുകയായിരുന്നു. പലരില്‍ നിന്നുമുള്ള സമ്മര്‍ദ്ദത്തിന്റെ ഭാഗമായാണ് സര്‍ക്കാര്‍ നടപടി വൈകിപ്പിക്കുന്നതെന്നും റിപ്പോര്‍ട്ട് തിരിച്ചയക്കാന്‍ വൈകിയതില്‍ ഒത്തുകളിയുണ്ടെന്നും ഹര്‍ഷിന പറയുന്നു. നീതി വീണ്ടും വൈകുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ഷിന വീണ്ടും പ്രത്യക്ഷ സമരത്തിലേക്ക് കടക്കുന്നത്.
ഹര്‍ഷിനയ്ക്കൊപ്പമുണ്ട് എന്ന് ഇടയ്ക്കിടെ പറയുന്ന ആരോഗ്യമന്ത്രി വാക്കുകൊണ്ടുമാത്രമേ ഒപ്പമുള്ളൂ. സര്‍ക്കാര്‍ തനിക്കൊപ്പമുണ്ടെന്ന് കാണിക്കാന്‍ ഇതുവരെ നടപടി ഒന്നും ഉണ്ടായില്ലെന്ന് ഹര്‍ഷിന പറഞ്ഞു. ഒരുപാട് സാമ്പത്തിക നഷ്ടമുണ്ടായി. നഷ്ടപരിഹാരം വേണം. സര്‍ക്കാര്‍ എത്രയും പെട്ടന്ന് നീതി ഉറപ്പാക്കണമെന്നും ഹര്‍ഷിന പറഞ്ഞു. ഇത്രയും വ്യക്തമായി തളിവുകള്‍ ഉണ്ടായിട്ടും ഈ കേസില്‍ കാലതാമസം ഉണ്ടാകുകയാണ്. ഒരു രാഷ്ട്രീയ ലക്ഷ്യത്തോടെയുമല്ല ഞാന്‍ വന്നിട്ടുള്ളത്. ആരോഗ്യമന്ത്രി ഇടപെട്ട് കുറ്റപത്രം എത്രയും വേഗം സമര്‍പ്പിക്കണമെന്നാണ് ആവശ്യമെന്നും ഹര്‍ഷിന പറഞ്ഞു.
റിപ്പോര്‍ട്ട് മടക്കിയ സാഹചര്യത്തില്‍ ആവശ്യമായ തിരുത്തലുകള്‍ നടത്തി രണ്ട് ദിവസത്തിനുള്ളില്‍ വീണ്ടും റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്ന് അന്വേഷ ഉദ്യോഗസ്ഥന് അറിയിച്ചു.