KeralaNEWS

കയ്യേറ്റക്കാർ എന്ന്  ആക്ഷേപിച്ച് കുടിയേറ്റക്കാരെ ഒഴിപ്പിക്കരുതെന്ന്  എം.എം മണി, മണിയുടെ വിമർശനത്തിനു മറുപടിയില്ലെന്നും ഏതെങ്കിലും വ്യക്തിയുടേതല്ല സർക്കാർ നിലപാട്, കൈയേറ്റക്കാരെ നേരിടുക എന്നതാണെന്നും റവന്യൂ മന്ത്രി കെ. രാജൻ

  ചിന്നക്കനാലിലെ കയ്യേറ്റം ഒഴിപ്പിക്കുന്ന നടപടിക്കെതിരെ സിപിഎം നേതാവും ഉടുമ്പൻചോല എംഎൽഎയുമായ എം.എം. മണി. കയ്യേറ്റം ഒഴിപ്പിക്കുന്ന നടപടിയെ സ്വാഗതം ചെയ്യുന്നില്ലെന്ന്  അദ്ദേഹം പറഞ്ഞു.

‘‘റവന്യൂവകുപ്പിന്റെ കയ്യേറ്റം ഒഴിപ്പിക്കൽ നടപടിയെക്കുറിച്ച് ഒന്നും പറയുന്നില്ല. നടപടിയെ സ്വാഗതം ചെയ്യുന്നില്ല. ന്യായമായ ഭൂമിയും കൃഷിയും നടത്തുന്നവരെ ഒഴിപ്പിക്കരുത്. കുടിയേറ്റക്കാരെ കയ്യേറ്റക്കാർ എന്നു വിളിക്കരുത്. രാജഭരണകാലത്ത് കുറേയേറെപ്പേർക്കു ഭൂമി കൊടുത്തിട്ടുണ്ട്. ബ്രിട്ടിഷുകാർക്കും രാജഭരണകാലത്ത് കുറേ ഭൂമി എഴുതിക്കൊടുത്തിട്ടുണ്ട്. പീരുമേട് താലുക്കിലെ മുഴുവൻ ഭൂമിയും രാജഭരണകാലത്ത് കൊടുത്തതാണ്.

ഈ ഭാഗങ്ങളെ കേരളത്തിന്റെ ഭാഗമാക്കാനായി പണ്ട് കുടിയേറ്റം പ്രോത്സാഹിപ്പിച്ചിരുന്നു. ഇന്നു ഭരിക്കുന്നവർക്ക് അതൊന്നും ബോധ്യമില്ല. ജില്ലാ കലക്ടർ നൽകിയ നോട്ടിസിനെ ചോദ്യം ചെയ്യാനും കോടതിയെ സമീപിക്കാനും ഭൂമി കൈവശം വച്ചവർക്ക്  അവകാശമുണ്ട്. ’’
മണി പറഞ്ഞു.

ഏതെങ്കിലും ഒരു പാര്‍ട്ടിയോ വ്യക്തിയോ എടുക്കുന്നതല്ല സര്‍ക്കാരിന്റെ നിലപാടെന്നും എം.എം മണിയുടെ വിമർശനത്തിനു മറുപടിയില്ലെന്നും  റവന്യൂ മന്ത്രി കെ. രാജന്‍. അനധികൃത കയ്യേറ്റക്കാരെ നേരിടുക എന്നത് സര്‍ക്കാരിന്റെ കൂടി നയമാണ്. ഏക്കര്‍ കണക്കിന് ഭൂമി സ്വന്തമാക്കിവെച്ചവര്‍ നിയമ നടപടിക്ക് വിധേയമാകേണ്ടിവരും. അഞ്ച് സെന്റിന് താഴെയുള്ളവരെ ഒഴിപ്പിക്കുകയല്ല ലക്ഷ്യമെന്നും മന്ത്രി വ്യക്തമാക്കി.

ചട്ടം അനുസരിച്ചുള്ള നടപടിക്രമങ്ങൾ ഉണ്ടാകും. സാധാരണ മനുഷ്യരുടെ ജീവിതത്തിൽ ഒരുവിധത്തിലും അപകടമുണ്ടാക്കാവുന്ന ഒരു നടപടിയും സർക്കാരിന്റെ ലക്ഷ്യത്തിലോ മനസ്സിലോ ഇല്ല. മൂന്നാർ ഒഴിപ്പിക്കലിൽ സിനിമാറ്റിക് ആക്‌ഷൻ പ്രതീക്ഷിക്കേണ്ടെന്നും മന്ത്രി കൂട്ടിച്ചേർത്തു.

‘‘ജില്ലാ ഭരണകൂടവുമായി വേണ്ടതുപോലെ ആലോചന നടത്തിയിട്ടാണ് ദൗത്യവുമായി മുന്നോട്ടുപോകുന്നത്. അനാവശ്യമായി ഒരു ധൃതിയും സർക്കാരിനു മുന്നിലില്ല. നടപടിക്രമങ്ങൾ മുന്നോട്ടുപോകണം. അതല്ലാതെ മറ്റൊരു കാര്യവും സർക്കാരിനു മുന്നിലില്ല. ഏതെങ്കിലും വിധത്തിൽ ആരെയെങ്കിലും ഉന്നംവച്ചോ ലക്ഷ്യത്തിലേക്കു പോകാനോ സർക്കാർ ഉദ്ദേശിക്കുന്നില്ല. കരിമ്പൂച്ചകളും ജെസിബികളുമാണ് ദൗത്യസംഘത്തിന്റെ മുഖമുദ്രയെന്ന് ആരും ദുഃസ്വപ്നം കാണേണ്ട.

ഹൈക്കോടതി നിർദേശത്തിന്റെ അടിസ്ഥാനത്തിലാണു സർക്കാർ മുന്നോട്ടുപോകുന്നത്. ഒരു മുൻവിധികളുമില്ല. ജീവിക്കാനും താമസിക്കാനുമായി ഭൂമി കൈവശപ്പെടുത്തിയവരെ ഭീകരരായി ഒഴിപ്പിക്കുക എന്ന നയമേ സർക്കാരിനില്ല.” മന്ത്രി നിലപാട് വ്യക്തമാക്കി

Back to top button
error: