കൊച്ചി: ഓൾ കേരള ഗോൾഡ് & സിൽവർ മർച്ചന്റ്സ് അസോസിയേഷൻ സംസ്ഥാന ആസ്ഥാനമന്ദിരമായ സ്വർണഭവൻ ഇരുവിഭാഗങ്ങളുടെയും തർക്കത്തെ തുടർന്ന് പൊലീസ് സീൽ ചെയ്തു. ഒക്ടോബർ 15ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ അസോസിയേഷൻ സംസ്ഥാന സ്പെഷ്യൽ കൺവെൻഷൻ സ്വർണഭവനിൽ നടന്നിരുന്നു. പ്രസിഡന്റ് ഡോ. ബി ഗോവിന്ദൻ ആണ് സ്പെഷ്യൽ കൺവെൻഷൻ ഉദ്ഘാടനം ചെയ്തത്. എന്നാൽ വൈകിട്ട് മറുവിഭാഗവും സ്വർണ ഭവനിലെത്തി. ഇതോടെ ഇരുവിഭാഗവും തമ്മിൽ സ്ഥലത്ത് സംഘർഷം ഉണ്ടാക്കിയതിനെത്തുടർന്നുണ്ടായ സാഹചര്യത്തിലാണ് പൊലീസ് ഇടപെടലുണ്ടായത്. അസിസ്റ്റൻറ് സിറ്റി പൊലീസ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള പൊലീസ് എത്തിയാണ് ഓഫീസ് സീൽ ചെയ്തത്.
2013 ൽ സംഘടനയിൽ ഭിന്നിപ്പുണ്ടായതിന്റെ അടിസ്ഥാനത്തിൽ ഇരു വിഭാഗങ്ങളും സ്വർണഭവൻ ഉപയോഗിച്ചു വരികയായിരുന്നു. എന്നാൽ ഇപ്പോൾ വീണ്ടും പ്രശ്നം രൂക്ഷമാകുകയായിരുന്നു. ഇരു വിഭാഗവും പരസ്പരം ആരോപണങ്ങളുമായി രംഗത്തുണ്ട്. എറണാകുളത്തും ആലപ്പുഴയിലും ഭിന്നിപ്പിനെ തുടർന്ന് നിരവധി കേസുകൾ നിലനിൽക്കുന്നുണ്ട്. പ്രശ്നത്തിന് പരിഹാരം ഉണ്ടായതിനു ശേഷം മാത്രമേ സ്വർണഭവൻ തുറന്നു കൊടുക്കുകയുള്ളൂ എന്നാണ് അസിസ്റ്റന്റ് പൊലീസ് കമ്മീഷണർ വ്യക്തമാക്കിയിട്ടുള്ളത്.