റിയാദ്: സൗദിയിൽ കൈക്കൂലി, ചൂഷണം, കള്ളപ്പണം വെളുപ്പിക്കൽ, വ്യാജരേഖ ചമയ്ക്കൽ എന്നീ കുറ്റങ്ങളിലേർപ്പെട്ട 176 പേർ കസ്റ്റഡിയിൽ. ഒരു മാസത്തിനിടയിലാണ് ഇത്രയും പേരെ കസ്റ്റഡിയിലെടുത്തതെന്ന് അഴിമതി വിരുദ്ധ അതോറിറ്റി (നസ്ഹ) വ്യക്തമാക്കി. 3601 നിരീക്ഷണം നടത്തുകയും സംശയാസ്പദമായ 369 പേരെ ചോദ്യം ചെയ്യുകയും ചെയ്തു. ആഭ്യന്തരം, പ്രതിരോധം, നീതിന്യായം, ആരോഗ്യം, വിദ്യാഭ്യാസം, മുനിസിപ്പൽ, ഗ്രാമകാര്യം, പാർപ്പിടം എന്നീ മന്ത്രാലയങ്ങളിലെയും സകാത്ത്, നികുതി, കസ്റ്റംസ് അതോറിറ്റിയിലെയും ജീവനക്കാരും ഇതിലുൾപ്പെടുന്നു.
ക്രിമിനൽ നടപടിക്രമങ്ങൾ അനുസരിച്ച് 176 പൗരന്മാരെയും താമസക്കാരെയും അറസ്റ്റ് ചെയ്തതായി അതോറിറ്റി പറഞ്ഞു. കൈക്കൂലി, ഓഫീസ് സ്വാധീനം ദുരുപയോഗം ചെയ്യുക, കള്ളപ്പണം വെളുപ്പിക്കൽ, വ്യാജരേഖ ചമയ്ക്കൽ എന്നീ കുറ്റങ്ങളിൽ ഉൾപ്പെട്ടവരാണവർ. ചിലരെ ജാമ്യത്തിൽ വിട്ടയച്ചു. കേസുമായി ബന്ധപ്പെട്ട പതിവ് നടപടിക്രമങ്ങൾ പൂർത്തിയായി വരുന്നുവെന്നും അതോറിറ്റി പറഞ്ഞു.