IndiaNEWS

ന്യൂസ് ക്ലിക്ക് കേസ്: ചൈനീസ് സർക്കാരിൽനിന്നോ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയിൽ നിന്നോ ഫണ്ട് കൈപ്പറ്റിയിട്ടില്ല; താന്‍ ചൈനീസ് ഏജന്‍റല്ലെന്ന് അമേരിക്കന്‍ വ്യവസായി നെവില്‍ റോയ് സിംഘാം

ദില്ലി: ന്യൂസ് ക്ലിക്ക് കേസുമായി ബന്ധപ്പെട്ട് ആരോപണങ്ങൾ നിഷേധിച്ച് അമേരിക്കൻ വ്യവസായി നെവിൽ റോയ് സിംഘാം. താൻ ചൈനീസ് ഏജൻറല്ലെന്ന് നെവിൽ റോയ് സിംഘാം പറഞ്ഞു. ചൈനീസ് സർക്കാരിൽ നിന്നോ ഏതെങ്കിലും രാഷ്ട്രീയ പാർട്ടിയിൽ നിന്നോ ഫണ്ട് കൈപ്പറ്റിയിട്ടില്ലെന്നും സിംഘാം വ്യക്തമാക്കി. സ്വന്തം കമ്പനികളിലൂടെയാണ് വരുമാനമുണ്ടാക്കുന്നത്. ഒരു നിരോധിത സംഘടനയുമായും തനിക്ക് ബന്ധമില്ല. 2000 മുതൽ ഇന്ത്യയുമായി ബിസിനസ് ആവശ്യങ്ങൾക്കായി ബന്ധം പുലർത്തുന്നുണ്ട്. ബിസിനസുകാരനായ തനിക്ക് സമൂഹത്തിലെ എല്ലാ തുറകളിലുള്ളവരുമായി ബന്ധമുണ്ടാകുമെന്നും നെവിൽ റോയ് സിംഘാം പറഞ്ഞു.

ചൈനീസ് ബന്ധമുള്ള സ്ഥാപനങ്ങളിൽനിന്ന് ന്യൂസ് ക്ലിക്ക് ഫണ്ട് സ്വീകരിച്ചെന്നാണ് ദില്ലി പൊലീസ് എഫ്.ഐ.ആർ. ചൈനീസ് ബന്ധമുള്ള മൂന്ന് സ്ഥാപനങ്ങളിൽനിന്ന് ന്യൂസ് ക്ലിക്ക് ഫണ്ട് സ്വീകരിച്ചുവെന്നാണ് പറയുന്നത്. രണ്ട് സ്ഥാപനങ്ങൾ അമേരിക്കൻ വ്യവസായി നിവിൽ റോയി സിംഘമിൻറെയും ഒന്ന് ഭാര്യയുടെയും ഉടമസ്ഥതയിലുള്ളതെന്നുമാണ് പൊലീസ് പറയുന്നത്. ഈ സ്ഥാപനങ്ങളിൽനിന്ന് 2018 മുതൽ ഫണ്ടുകൾ കൈപ്പറ്റിയെന്നും പറയുന്നു. ആക്ടിവിസ്റ്റ് ഗൗതം നവ് ലാഖെക്ക് ന്യൂസ് ക്ലിക്കിൽ ഓഹരിയുണ്ടെന്നും എഫ്.ഐ.ആറിൽ പറയുന്നുണ്ട്.

Signature-ad

ചൈനയിൽനിന്ന് വൻതോതിൽ ഫണ്ട് വന്നിട്ടുണ്ടെന്നും ഇന്ത്യാവിരുദ്ധ പ്രവർത്തനത്തിന് ഉപയോദിച്ചിട്ടുണ്ടെന്നുമാണ് ദില്ലി പൊലീസിൻറെ ആരോപണം. ഗൗതം നവ് ലാഖ ഉൾപ്പെട്ടിരിക്കുന്ന കേസുകളിൽ ഈ പണം വൻതോതിൽ ചിലവഴിക്കപ്പെട്ടിരിക്കുന്നുവെന്നും നക്സലുകൾക്കായും ഈ പണം ഉപയോഗിക്കപ്പെട്ടിട്ടുണ്ടെന്നുമാണ് എഫ്.ഐ.ആറിൽ ആരോപിക്കുന്നത്. എന്നാൽ, ഇക്കാര്യങ്ങളെല്ലാം നിഷേധിച്ചാണിപ്പോൾ നെവിൽ റോയ് സിംഘാം രംഗത്തെത്തിയിരിക്കുന്നത്. ചൈനീസ് ഏജൻറല്ലെന്നും നിരോധിത സംഘടനകളുമായി ബന്ധമില്ലെന്നുമാണ് നെവിൽ റോയി സിംഘം ഇപ്പോൾ വ്യക്തമാക്കിയിരിക്കുന്നത്. ന്യൂസ് ക്ലിക്കിനെതിരായ കേസെടുത്ത് ദിവസങ്ങൾക്കുശേഷമാണിപ്പോൾ നെവിൽ റോയ് പ്രതികരിക്കുന്നത്. ആദ്യമായാണ് ആരോപണങ്ങൾക്ക് നെവിൽ റോയ് മറുപടി നൽകുന്നത്.

Back to top button
error: