CrimeNEWS

പിടിക്കാന്‍ പറ്റുമെങ്കില്‍ പിടിച്ചോ! പൊലീസിനെ വെട്ടിലാക്കി പ്രതിയുടെ പരസ്യവെല്ലുവിളി

ലണ്ടന്‍: യുകെയിലെ വില്‍റ്റ്‌ഷെയര്‍ പൊലീസിനെ പരസ്യമായി വെല്ലുവിളിച്ച് പിടികിട്ടാപ്പുള്ളി. സോഷ്യല്‍ മീഡിയയിലൂടെയാണ് പിടിക്കാന്‍ പറ്റുമെങ്കില്‍ തന്നെ പിടിച്ചോ എന്ന് പ്രതി പരസ്യമായി വെല്ലുവിളി നടത്തിയത്. ഒരു ആക്രമണ കേസുമായി ബന്ധപ്പെട്ട് പൊലീസ് തിരയുന്ന ലൂക്ക് മക്നെര്‍നി എന്ന കുറ്റവാളിയാണ് പൊലീസിനെ പരസ്യമായി വെല്ലുവിളിച്ച് വെട്ടിലാക്കിയത്.

ആഴ്ചകളായി പൊലീസ് ഇയാള്‍ക്കായി തിരച്ചില്‍ നടത്തുകയാണെങ്കിലും ഇതുവരെയും യാതൊരുവിധ വിവരങ്ങളും ലഭിച്ചിട്ടില്ല. സ്വിന്ഡന്‍ ഏരിയയില്‍ നിന്നുള്ളയാളാണ് ഇയാള്‍ എന്നതൊഴിച്ചാല്‍ പ്രതിയുമായി ബന്ധപ്പെട്ട മറ്റൊരുവിവരവും പൊലീസിന് ലഭിച്ചിട്ടില്ല. ഇതിനിടയില്‍ പൊലീസ് പ്രതിയുടെ രേഖാചിത്രം പുറത്തു വിടുകയും ഇയാളെ കണ്ടെത്തുന്നതിനായി പൊതുജനങ്ങളുടെ സഹായം തേടുകയും ചെയ്തിരുന്നു.

Signature-ad

എന്നാല്‍, ഫേസ്ബുക്ക് പേജില്‍ ലൂക്ക് മക്ഇനെര്‍ണിയെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കുന്നവര്‍ അറിയിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സ്വിന്‍ഡണ്‍ പൊലീസ് നടത്തിയ അഭ്യര്‍ത്ഥനയ്ക്ക് താഴെ ഇപ്പോള്‍ സാക്ഷാല്‍ ലൂക്ക് മക്ഇനെര്‍ണി തന്നെ എത്തി പൊലീസിനെ പരിഹസിച്ചുകൊണ്ട് കമന്റുകള്‍ രേഖപ്പെടുത്തിയിരിക്കുകയാണ്. ലൂക്ക് എന്ന ഫെസ്ബുക്ക് ഐഡിയില്‍ നിന്നുമാണ് കമന്റുകള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഇയാളുടേതെന്ന് വിശ്വസിക്കപ്പെടുന്ന അക്കൗണ്ടില്‍ നിന്നുള്ള ഒരു കമന്റ് ഇങ്ങനെയാണ്: ‘നിങ്ങള്‍ ഒരു പ്രതിഫലം വാഗ്ദാനം ചെയ്താല്‍, ഞാന്‍ എവിടെയാണെന്ന് ഞാന്‍ നിങ്ങളോട് പറയും.’ മറ്റൊരു കമന്റ് ഇങ്ങനെയാണ്: ‘സ്വിന്‍ഡന്‍ പൊലീസ്, എന്നെ കാണിച്ചുതന്നാല്‍ നിങ്ങള്‍ എത്ര തുക നല്കും? നമുക്ക് ഒരു എഗ്രിമെന്റിലേക്ക് വരാം. ഈ അവധി ദിവസങ്ങള്‍ അല്‍പ്പം ചെലവേറിയതാണ്’. 20 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ഒരു സെല്‍ഫി വീഡിയോയും ഇയാള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. അതില്‍ പൊലീസിനെ പരിഹസിച്ചുകൊണ്ട് ഇയാള്‍ പറയുന്നത്, ‘ഞാന്‍ ഇവിടെയാണ്, നിങ്ങള്‍ക്ക് കഴിയുമെങ്കില്‍ എന്നെ പിടിക്കൂ’ എന്നാണ്.

ഏതായാലും ലൂക്കിനെ പിടിക്കേണ്ടത് ഇപ്പോള്‍ യുകെ പൊലീസിന്റെ മുഴുവന്‍ അഭിമാനപ്രശ്‌നമായി മാറിയിരിക്കുകയാണ്.

 

Back to top button
error: