CrimeNEWS

വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തെന്ന് പരാതി; നാലുപേര്‍ക്കെതിരേ കേസ്

ബംഗളൂരു: കര്‍ണാടകയിലെ ബെല്ലാരിയില്‍ കോളേജ് വിദ്യാര്‍ഥിനിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തതായി പരാതി. ബെല്ലാരിയിലെ കോളജില്‍ ബി.കോം വിദ്യാര്‍ഥിനിയായ 20-കാരിയാണ് നാലുപേര്‍ കൂട്ടബലാത്സംഗം ചെയ്തെന്ന് ആരോപിച്ച് പോലീസില്‍ പരാതി നല്‍കിയത്. സംഭവത്തില്‍ നാലുപേര്‍ക്കെതിരേ കേസെടുത്തതായും ഒരാളെ അറസ്റ്റ് ചെയ്തതായും പോലീസ് അറിയിച്ചു.

കോളേജില്‍നിന്ന് തട്ടിക്കൊണ്ടുപോയ വിദ്യാര്‍ഥിനിയെ കൊപ്പാളിലെ ഹോട്ടല്‍മുറിയിലെത്തിച്ച് ബലാത്സംഗം ചെയ്തെന്നാണ് ആരോപണം. പരീക്ഷ നടക്കുന്നതിനിടെ പെണ്‍കുട്ടിയുടെ സഹോദരനാണെന്ന് പറഞ്ഞ് പ്രതികളിലൊരാള്‍ കോളേജിലെത്തിയിരുന്നു. തുടര്‍ന്ന് ഇയാള്‍ കോളേജില്‍നിന്ന് പെണ്‍കുട്ടിയെ വിളിച്ചുവരുത്തി. പിന്നാലെ ബലംപ്രയോഗിച്ച് ഓട്ടോയില്‍ കയറ്റി കൊപ്പാളിലെ ഹോട്ടലിലേക്ക് കൊണ്ടുപോയെന്നാണ് പരാതിയിലുള്ളത്.

Signature-ad

ഹോട്ടല്‍മുറിയില്‍വെച്ച് പ്രതികള്‍ നിര്‍ബന്ധിച്ച് ബിയര്‍ കുടിപ്പിച്ചു. ബിയറില്‍ മയക്കുമരുന്നും കലര്‍ത്തിയിരുന്നു. ഇത് കുടിച്ചതോടെ പെണ്‍കുട്ടി ബോധരഹിതയായി. പിന്നാലെ നാലുപേരും ചേര്‍ന്ന് ഇരുപതുകാരിയെ കൂട്ടബലാത്സംഗം ചെയ്തെന്നാണ് ആരോപണം.

പെണ്‍കുട്ടിയുടെ പരാതിയില്‍ ബെല്ലാരി കൗള്‍ബസാര്‍ സ്വദേശികളായ നവീന്‍, സഖീബ്, തനു എന്നിവര്‍ക്കെതിരേയും പേരറിയാത്ത മറ്റൊരാള്‍ക്കെതിരെയുമാണ് പോലീസ് കേസെടുത്തിരിക്കുന്നത്. ഇതില്‍ നവീനെ അറസ്റ്റ് ചെയ്തതായും ബാക്കി പ്രതികള്‍ക്കായി തിരച്ചില്‍ തുടരുകയാണെന്നും പോലീസ് പറഞ്ഞു.

Back to top button
error: