വിവാഹം നടക്കാത്തതിന്റെ ദുഃഖത്തിൽ പെട്രോളൊഴിച്ച് തീകൊളുത്തി ആത്മഹത്യയ്‌ക്ക് ശ്രമിച്ച യുവാവ് മരിച്ചു. അടിമാലി അമ്പലപ്പടിയിൽ വാടകയ്‌ക്ക് താമസിക്കുന്ന പന്നിയാർകുട്ടി സ്വദേശി തെക്കേ കൈതക്കൽ ജിനീഷ് (39) ആണ് മരിച്ചത്. ആത്മഹത്യാ ശ്രമത്തിൽ ജിനീഷിന് 90 ശതമാനം പൊള്ളലേറ്റിരുന്നു. കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിലിരിക്കെയാണ് മരണം.
ഈ മാസം പത്തിനാണ് ജിനീഷ് കൈയിൽ കരുതിയിരുന്ന പെട്രോളുമായി അടിമാലി സെൻട്രൽ ജംഗ്ഷനിലുള്ള ഹൈമാക്സ് ലൈറ്റിന് താഴെ എത്തുകയും ശരീരത്തിൽ പെട്രോളൊഴിച്ച് സ്വയം തീകൊളുത്തുകയും ചെയ്തത്. ഉടൻ തന്നെ ഓടിക്കൂടിയ നാട്ടുകാർ ചേർന്ന് ചാക്ക് നനച്ചും മണൽ വാരി എറിഞ്ഞും തീ അണയ്‌ക്കാൻ ശ്രമം നടത്തിയിരുന്നു. ഉടനെ ഇയാളെ അടിമാലി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകിയതിന് ശേഷം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ജിനീഷിന് മാതാവും സഹോദരനുമാണുള്ളത്. സഹോദരനും വിവാഹം കഴിച്ചിട്ടില്ല. വിവാഹം നടക്കാത്തതിൽ വലിയ വിഷമമുണ്ടെന്ന് ഇയാൾ പല സുഹൃത്തുക്കളോടും പറഞ്ഞിട്ടുണ്ട്. ഇതാകാം ആത്മഹത്യാ ശ്രമത്തിലേയ്‌ക്ക് നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അടിമാലിയിലെ വിവിധ ഹോട്ടലുകളിൽ ജോലി ചെയ്ത് വരികയായിരുന്നു ജിനീഷ്.