തിരുവനന്തപുരം: സംസ്ഥാനത്തെ മഴക്കെടുതി വിലയിരുത്താന്‍ സര്‍ക്കാര്‍ അടിയന്തര യോഗം വിളിച്ചു. മന്ത്രിമാരായ കെ രാജന്‍, വി ശിവന്‍കുട്ടി, ജി ആര്‍ ഇനില്‍, ആന്റണി രാജു തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.
സംസ്ഥാനത്തിന്റെ തെക്കന്‍ ജില്ലകളിലും മധ്യകേരളത്തിലും ഇന്നലെ മുതല്‍ ശക്തമായ മഴയാണ്. മഴയില്‍ നേരിയ ശമനമുണ്ടായെങ്കിലും, തിരുവനന്തപുരത്ത് താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിലാണ്. നിരവധി സ്ഥലങ്ങളില്‍ വെള്ളക്കെട്ട് രൂക്ഷമാണ്.
കണ്‍ട്രോള്‍ റൂം തുറന്നു
കണ്ണമ്മൂല, അഞ്ചുതെങ്ങ്, പുത്തന്‍പാലം, കഴക്കൂട്ടം, വെള്ളായണി, പോത്തന്‍കോട് തുടങ്ങിയ സ്ഥലങ്ങളില്‍ വീടുകളില്‍ വെള്ളം കയറി. തുടര്‍ന്ന് നിരവധി കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. തിരുവനന്തപുരത്ത് താലൂക്ക് അടിസ്ഥാനത്തില്‍ കണ്‍ട്രോള്‍ റൂം തുറന്നു.
കണ്‍ട്രോള്‍ റൂമുകള്‍ പൂര്‍ണ്ണ സജ്ജമാണ്. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്നുണ്ടെന്നും പൊതു ജനങ്ങള്‍ക്ക് അടിയന്തിര സാഹചര്യമുള്ള പക്ഷം താലൂക്ക് കണ്‍ട്രോള്‍ റൂമുകളില്‍ ബന്ധപ്പെടാവുന്നതാണെന്നും തിരുവനന്തപുരം ജില്ലാ കലക്ടര്‍ അറിയിച്ചു.