NEWSWorld

പലായനം ചെയ്തവര്‍ക്കു നേരെ ഇസ്രയേല്‍ വ്യോമാക്രമണം; ഗാസയില്‍ 70 പേര്‍ കൊല്ലപ്പെട്ടു

ഗാസ: യുദ്ധ മുന്നറിയിപ്പിനു പിന്നാലെ തെക്കന്‍ ഗാസയിലേക്ക് കൂട്ടപ്പലായനം ചെയ്തവര്‍ക്ക് നേരെ ഇസ്രയേല്‍ നടത്തിയ വ്യോമാക്രമണത്തില്‍ 70 പേര്‍ കൊല്ലപ്പെട്ടു. സ്ത്രീകളും കുട്ടികളുമാണ് കൊല്ലപ്പെട്ടവരില്‍ അധികവും. ഗാസ സിറ്റിയില്‍ നിന്ന് തെക്കോട്ട് കാറുകളില്‍ പോവുകയായിരുന്നവര്‍ക്കു നേരെയാണ് ആക്രമണം ഉണ്ടായതെന്ന് ഹമാസ് മീഡിയ ഓഫിസ് അറിയിച്ചു.

ആരെയാണ് ആക്രമിച്ചവര്‍ ലക്ഷ്യംവച്ചതെന്ന് അറിയില്ലെന്നും യാത്രക്കാരുടെ കൂട്ടത്തില്‍ സായുധസേനാംഗങ്ങള്‍ ഉണ്ടായിരുന്നോ എന്ന് വ്യക്തമല്ലെന്നും ഹമാസ് മീഡിയ ഓഫിസ് അറിയിച്ചു. ഇതോടെ ഇസ്രയേലിന്റെ മിസൈല്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 1,900 ആയതായി പലസ്തീന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതില്‍ 600ല്‍ അധികം പേര്‍ കുട്ടികളാണ്.

Signature-ad

പലസ്തീന്‍ അഭയാര്‍ഥികള്‍ക്കായി പ്രവര്‍ത്തിക്കുന്ന ഐക്യരാഷ്ട്ര സംഘടനാ ഏജന്‍സികള്‍ അവരുടെ പ്രവര്‍ത്തനം വടക്കന്‍ ഗാസയില്‍നിന്ന് തെക്കന്‍ മേഖലയിലേക്ക് മാറ്റി. എന്നാല്‍ 13,000ത്തോളം വരുന്ന പ്രവര്‍ത്തകര്‍ വടക്കന്‍ ഗാസയിലെ യുഎന്‍ ക്യാംപുകളിലുള്ളവര്‍ക്ക് വേണ്ട സഹായം നല്‍കുന്നതിനായി അവിടെ തന്നെ തുടരുകയാണെന്ന് യുഎന്‍ അറിയിച്ചു.

കരയാക്രമണഭീതി ഉയരവേ, ഗാസ സിറ്റിയിലെയും വടക്കന്‍ ഗാസയിലെയും 11 ലക്ഷത്തോളം ജനങ്ങളോട് 24 മണിക്കൂറിനകം ഒഴിഞ്ഞുപോകാന്‍ ഇസ്രയേല്‍ ആവശ്യപ്പെട്ടിരുന്നു. പരിഭ്രാന്തരായ നാലു ലക്ഷത്തോളം പേര്‍ കുട്ടികളുമായി ഈജിപ്ത് അതിര്‍ത്തിയോടു ചേര്‍ന്ന ഗാസയുടെ തെക്കന്‍മേഖലയിലേക്കു പലായനം തുടങ്ങിയതായി യുഎന്‍ അറിയിച്ചു. 3.38 ലക്ഷം പേരാണ് യുഎന്‍ ക്യാംപുകളിലുള്ളത്. ഒഴിപ്പിക്കല്‍ അസാധ്യമാണെന്നും തീരുമാനം പുനഃപ്പരിശോധിക്കണമെന്നും ഇസ്രയേലിനോട് യുഎന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Back to top button
error: