കൊച്ചി: മോഹന്‍ലാല്‍ നായകനായ ‘മരക്കാര്‍ അറബിക്കടലിന്റെ സിംഹം’ എന്ന ചിത്രം നേരിട്ട ഡീഗ്രേഡിങ്ങിനെ കുറിച്ച് സംസാരിക്കുകയാണ് സിനിമയുടെ സഹ നിര്‍മാതാവ് സന്തോഷ് ടി. കുരുവിള. മരക്കാര്‍ സിനിമയെ ഡീഗ്രേഡ് ചെയ്യാന്‍ ചിലര്‍ ഒരു റൂം തന്നെ എടുത്തിരുന്നെന്നും താന്‍ ഉള്‍പ്പെടെയുള്ളവര്‍ നേരിട്ട് ചെന്നാണ് അവരെ പൊലീസിനെ കൊണ്ട് അറസ്റ്റ് ചെയ്യിപ്പിച്ചതെന്നും സന്തോഷ് ടി. കുരുവിള പറഞ്ഞു. ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
ഡീഗ്രേഡിങ് നേരിട്ട ഒരു സിനിമയാണ് മരക്കാര്‍ . ഞങ്ങള്‍ തന്നെ പല പൊലീസ് സ്റ്റേഷനിലും പരാതി നല്‍കിയിരുന്നു. കാഞ്ഞിരപ്പള്ളിയില്‍ ഒരു വീട്ടില്‍ റൂം സെറ്റ് ചെയ്ത് സിനിമയ്‌ക്കെതിരെ ചിലര്‍ പ്രവര്‍ത്തിക്കുകയായിരുന്നു. അവരെ ഞങ്ങള്‍ പൊലീസിനെ കൊണ്ട് റെയ്ഡ് ചെയ്യിപ്പിച്ചു. ഒരു ഓഫീസ് റൂം സെറ്റ് ചെയ്തിട്ടാണ് ഇത് ചെയ്യുന്നത്. അവിടെ പൊലീസുകാര്‍ക്കൊപ്പം താന്‍ പോയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സിനിമയെ ഇത്തരത്തില്‍ തകര്‍ക്കുന്നത് ശരിയല്ലെന്നും ഇത് കൊണ്ടു ജീവിക്കുന്ന ഒരുപാട് പേരുണ്ടെന്നും പറഞ്ഞ സന്തോഷ് സിനിമ ഇറങ്ങി ആദ്യത്തെ ഒരാഴ്ച റിവ്യു ചെയ്യാന്‍ പാടില്ലെന്നും ഇത് തന്റെ വ്യക്തിപരമായ അഭിപ്രായമാണെന്നും കൂട്ടിച്ചേര്‍ത്തു.
പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മലയാളത്തിലെ ബിഗ് ബജറ്റ് ചിത്രങ്ങളിലൊന്നായ മരക്കാര്‍ മികച്ച ഗ്രാഫിക്‌സിന് ദേശീയ അവാര്‍ഡ് അടക്കം കരസ്ഥമാക്കിയിരുന്നു. ആശീര്‍വാദ് സിനിമാസ് ആയിരുന്നു ചിത്രത്തിന്റെ നിര്‍മാണം നിര്‍വഹിച്ചത്.